- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സമരം ചെയ്യുന്ന കർഷകരോട് ഐക്യദാർഢ്യം; രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിക്കുമെന്ന് 17 പ്രതിപക്ഷ പാർട്ടികൾ; റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിൽ നടന്ന അക്രമത്തിൽ കേന്ദ്രത്തിന്റെ പങ്ക് അന്വേഷിക്കണമെന്നും ആവശ്യം
ന്യൂഡൽഹി: പാർലമെന്റ് ബജറ്റ് സമ്മേളനത്തിന് തുടക്കമിട്ട് കൊണ്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദ് നടത്തുന്ന നയപ്രഖ്യാപന പ്രസംഗം 17 പ്രതിപക്ഷ പാർട്ടികൾ ബഹിഷ്കരിക്കും. 16 പ്രതിപക്ഷ പാർട്ടികൾ സംയുക്തമായി തീരുമാനം എടുത്തെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദാണ് അറിയിച്ചത്. 16 പാർട്ടികൾക്ക് പുറമേ ആം ആദ്മി പാർട്ടിയും പ്രസംഗം ബഹിഷ്കരിക്കും. സഞ്ജയ് സിങ് എംപിയാണ് ആം ആദ്മി പാർട്ടി ബഹിഷ്കരിക്കുന്ന കാര്യം അറിയിച്ചത്. നാളെയാണ് രാഷ്ട്രപതി പാർലമെന്റിന്റെ ഇരുസഭകളേയും അഭിസംബോധന ചെയ്യുക.
പുതിയ കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് കർഷകരോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് പാർലമെന്റിന്റെ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തിൽ രാഷ്ട്രപതിയുടെ പ്രസംഗം ബഹിഷ്കരിക്കാൻ 16 പ്രതിപക്ഷ പാർട്ടികൾ തീരുമാനിച്ചതായി ഗുലാം നബി ആസാദ് പറഞ്ഞു. റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിൽ നടന്ന അക്രമത്തിൽ കേന്ദ്രത്തിന്റെ പങ്ക് അന്വേഷിക്കണമെന്നും 16 പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെടുന്നു.
കോൺഗ്രസ്, എൻ.സി.പി, ആം ആദ്മി പാർട്ടി, നാഷണൽ കോൺഫറൻസ്, ഡിഎംകെ, ശിവസേന, തൃണമൂൽ കോൺഗ്രസ്, എസ്പി, ആർജെഡി, സിപിഎം, സിപിഐ, മുസ്ലിംലീഗ്, ആർഎസ്പി, പിഡിപി, എംഡിഎംകെ, എഐയുഡിഎഫ്, കേരള കോൺഗ്രസ് (എം) എന്നീ പാർട്ടികളാണ് രാഷ്ട്രപതിയുടെ പ്രസംഗം ബഹിഷ്കരിക്കുക. കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നും ഈ പാർട്ടികൾ ആവശ്യപ്പെട്ടു.
നാളെയാണ് പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നയപ്രഖ്യാപനം. ഈ സർക്കാരിന്റെ കാലത്ത് രണ്ടാമത്തെ തവണയാണ് പ്രതിപക്ഷം രാഷ്ട്രപതിയുടെ നയപ്രഖ്യാപനം ബഹിഷ്കരിക്കുന്നത്. കഴിഞ്ഞവർഷം പൗരത്വ നിയമ ഭേദഗതിക്ക് എതിരെ പ്രതിപക്ഷ പാർട്ടികൾ നയപ്രഖ്യാപനം ബഹിഷ്കരിച്ച് പ്രതിഷേധിച്ചിരുന്നു. പാർലമെന്റ് മന്ദിരത്തിന് മുന്നിലെ അംബേദ്കർ പ്രതിമയ്ക്ക് മുന്നിൽ ഭരണഘനയുടെ ആമുഖം വായിച്ചായിരുന്നു അന്ന് പ്രതിപക്ഷം പ്രതിഷേധിച്ചത്.
റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിൽ നടന്ന സംഘർഷത്തിൽ കർഷക നേതാക്കൾക്ക് എതിരെ ഡൽഹി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. 20 കർഷക നേതാക്കൾക്ക് എതിരെയാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇവരുടെ പാസ്പോർട്ടുകൾ പിടിച്ചെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടേ നേതൃത്വത്തിൽ കഴിഞ്ഞദിവസം ചേർന്ന യോഗത്തിന് ശേഷമാണ് കർഷക സംഘടന നേതാക്കൾക്ക് എതിരെ കടുത്ത നടപടിയിലേക്ക് പൊലീസ് നീങ്ങിയത്. മേധാ പട്കർ, യോഗേന്ദ്ര യാദവ് അടക്കം 37 നേതാക്കൾക്ക് എതിരെ ഡൽഹി പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ചെങ്കോട്ടയിലുൾപ്പെടെ നടന്ന അക്രമ സംഭവങ്ങൾക്ക് പിന്നിൽ ഈ നേതാക്കൾ നടത്തിയ ആഹ്വാനമാണ് എന്നാണ് പൊലീസ് നിലപാട്.
മറുനാടന് മലയാളി ബ്യൂറോ