അബുദാബി: അബുദാബി വിദ്യാഭ്യാസവകുപ്പ് നിഷ്‌കർഷിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പൂർണമായും പാലിക്കാത്തതിനാൽ തലസ്ഥാനത്തെ പതിനേഴോളം സ്വകാര്യസ്‌കൂളുകൾ അടച്ചുപൂട്ടൽ ഭീഷണിയിൽ. അബുദാബിയിലെ എല്ലാ സ്‌കൂളുകളും കേന്ദ്രീകരിച്ച് എജ്യുക്കേഷൻ കൗൺസിൽ നടത്തിയ പരിശോധനയിലാണ് വീഴ്ചകൾ കണ്ടെത്തിയിരിക്കുന്നത്.

183 സ്വകാര്യ സ്‌കൂളുകളാണ് ഇപ്പോൾ അബുദാബിയിൽ പ്രവർത്തിക്കുന്നത്. ഇവയിൽ 17 എണ്ണം വിദ്യാഭ്യാസ സ്ഥാപനത്തിന് വേണ്ട അടിസ്ഥാന സൗകര്യങ്ങളും മറ്റും പാലിക്കാതെയാണ് നിലകൊള്ളുന്നത്. കഴിഞ്ഞ ആറ് വർഷത്തിനിടെ കാര്യമായ വികസന പ്രവർത്തനങ്ങളൊന്നും ഈ സ്കൂളുകളിൽ നടന്നിട്ടുമില്ലെന്ന് എജ്യുക്കേഷൻ കൗൺസിലിന് കീഴിലെ സ്വകാര്യ സ്‌കൂൾ വകുപ്പ് ഡയറക്ടർ ഹമദ് അൽ ദാഹിരി വ്യക്തമാക്കി. സ്‌കൂളുകൾക്ക് നൽകിയിരിക്കുന്ന അവസാന താക്കീതും മറികടന്നാൽ ലൈസൻസ് റദ്ദ് ചെയ്ത് സ്‌കൂളുകൾ അടച്ച് പൂട്ടുകയല്ലാതെ മറ്റ് മാർഗങ്ങളില്ല എന്ന് ദാഹിരി വ്യക്തമാക്കിക്കഴിഞ്ഞു.

വില്ലകളിൽ പ്രവർത്തിക്കുന്ന സ്‌കൂളുകളുടെ പ്രവർത്തനാനുമതി നിർത്തലാക്കിക്കൊണ്ടുള്ള തീരുമാനം കഴിഞ്ഞ വർഷമാണ് അബുദാബിയിൽ നടപ്പാക്കിയിരുന്നത്. മലയാളികളടക്കമുള്ള രണ്ടായിരത്തോളം കുട്ടികൾക്കാണ് അന്ന് സീറ്റ് നഷ്ടപ്പെട്ടത്. പത്താം തരത്തിലും +2വിലും പഠിക്കുന്ന കുട്ടികൾക്ക് മറ്റ് സ്‌കൂളുകളിലും സീറ്റ് ലഭിക്കാത്ത സാഹചര്യവുമുണ്ടായി. തുടർന്ന് പല വിദ്യാർത്ഥികൾക്കും അബുദാബിയിലെ പഠനം അവസാനിപ്പിച്ച് നാട്ടിലേക്ക് പോവേണ്ടി വന്നിരുന്നു.

ഈ സാഹചര്യങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ സ്‌കൂളുകൾ അടച്ചുപൂട്ടൽ ഭീഷണി നേരിടുന്നത് വിദേശികളായ വിദ്യാർത്ഥികളുടെ പഠനത്തെ സാരമായിത്തന്നെ ബാധിക്കുമെന്നുറപ്പാണ്. കുട്ടികളുടെ വിദ്യാഭ്യാസത്തെ കുറിച്ചുള്ള ആശങ്കയിലാണ് രക്ഷിതാക്കൾ.