തിരുവനന്തപുരം: സംസ്ഥാനത്ത് ഇനിയും കോവിഡ് വാക്സിൻ എടുക്കാത്ത അദ്ധ്യാപകരുടെയും അനധ്യാപകരുടെയും കണക്ക് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പുറത്തുവിട്ടു. ആദ്യഘട്ടത്തിൽ കണക്കെടുത്തപ്പോൾ അയ്യായിരത്തോളം അദ്ധ്യാപകർ വാക്സിനെടുക്കാതിരുന്നത്. ഈ സംഖ്യ ഇപ്പോൾ 1707 പേരായി കുറഞ്ഞിരിക്കയാണ്.

വാക്സിനെടുക്കാത്ത അദ്ധ്യാപക-അനധ്യാപകർ ഏറ്റവും കൂടുതലുള്ളത് മലപ്പുറത്തും ഏറ്റവും കുറവ് വയനാട്ടിലുമാണ്-മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആദ്യഘട്ടത്തിൽ അയ്യായിരത്തോളം അദ്ധ്യാപകരാണ് കേരളത്തിൽ വാക്സിൻ എടുക്കാതിരുന്നത്. ഇക്കാര്യം വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചശേഷം പൊതുസമൂഹത്തിൽ വലിയ ചർച്ചയുണ്ടായി. കൂടൂതൽ പേർ വാക്സിൻ എടുക്കാൻ തയ്യാറായി. 1707 പേർ മാത്രമാണ് ഇനി വാക്സിൻ എടുക്കാനുള്ളത്.

എൽ.പി, യു.പി, ഹൈസ്‌കൂൾ വിഭാഗത്തിൽ 1066 അദ്ധ്യാപകരും 189 അനധ്യാപകരും വാക്സിൻ എടുക്കാനുണ്ട്. ഹയർസെക്കൻഡറിയിൽ 200 അദ്ധ്യാപകരും 23 അനധ്യാപകരും വൊക്കേഷണൽ ഹയർസെക്കൻഡറിയിൽ 229 അദ്ധ്യാപകരും വാക്സിൻ എടുക്കാനുണ്ട്.

മതപരമായ കാരണങ്ങൾ കൊണ്ട് അദ്ധ്യാപകർ വാക്‌സിൻ എടുക്കാത്ത കാര്യവും വിദ്യാഭ്യാസ മന്ത്രി പറഞ്ഞിരുന്നു. വാക്‌സിൻ നിർബന്ധമാക്കി പ്രത്യേക ഉത്തരവ് ഇറക്കുന്നില്ലെന്നും ഇവർ രണ്ടാഴ്ച സ്‌കൂളിൽ വരേണ്ടെന്നും പകരം ഓൺലൈൻ ക്ലാസെടുത്താൽ മതിയെന്നും മന്ത്രി അറിയിച്ചിരുന്നു. ഇതിന് ശേഷം കൂടുതൽ പേർ വാക്‌സിൻ എടുക്കാൻ തയ്യാറായി. സംസ്ഥാനത്ത് 15,452 സ്‌കൂളുകളിലായി ആകെ 1,75,000 അദ്ധ്യാപകരും 25,000 അനധ്യാപകരുമാണുള്ളത്.