ഷാർജ: പൊരിവെയിലിൽ ബസ് കാത്തു നിൽക്കേണ്ട ഗതികേട് ഇനി ഷാർജയിലുള്ളവർക്കില്ല. ഷാർജയിലെ പ്രധാനപ്പെട്ട 172 ബസ് സ്റ്റോപ്പുകൾ എയർ കണ്ടീഷൻ ചെയ്യുന്നതായി റോഡ്‌സ്  ആൻഡ് ട്രാൻസ്‌പോർട്ട് അഥോറിറ്റി അറിയിച്ചു. എമിറേറ്റിലുള്ളവയും ഈസ്‌റ്റേൺ കോസ്റ്റിലുള്ളവയും ഈ പദ്ധതിക്കു കീഴിൽ ഉൾപ്പെടുമെന്ന് ആർടിഎ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്.

അഞ്ചു ഘട്ടങ്ങളിലായാണ് ബസ് സ്‌റ്റോപ്പുകൾ ശീതീകരിക്കുന്ന നടപടികൾ പൂർത്തിയാകുന്നത്. തുടക്കമെന്ന നിലയിൽ ഷാർജയിലെ അറൗബ, കിങ് ഫൈസൽ, ഇത്തിഹാദ് റോഡുകളിലുള്ള ബസ് സ്‌റ്റോപ്പുകളിലാണ് സെപ്റ്റംബറിൽ എയർ കണ്ടീഷൻ ചെയ്യുന്നത്.  രണ്ടാം ഘട്ടത്തിൽ എമിറേറ്റിലെ എല്ലാ ഇൻഡസ്ട്രിയൽ മേഖലയിലുള്ള ബസ് സ്റ്റോപ്പുകളും ശീതീകരിക്കും. റസിഡൻഷ്യൽ മേഖലയിലെ എല്ലാ ബസ് സ്റ്റോപ്പുകളിലും എയർ കണ്ടീഷൻ ഘടിപ്പിച്ച ശേഷം ഈസ്റ്റേൺ കോസ്റ്റ് സിറ്റികളിലെ ബസ് സ്റ്റോപ്പുകളിൽ ശീതീകരണ പ്രവർത്തനം നടത്തും.

നിലവിൽ ശീതീകരണം സംബന്ധിച്ച് ഡിസൈനിങ് രൂപപ്പെടുത്തിവരികയാണെന്ന് വക്താവ് അറിയിച്ചു. കനത്ത ചൂടിനെ വെല്ലുവിളിക്കുന്ന തരത്തിൽ ദീർഘനേരം പ്രവർത്തിപ്പിക്കാവുന്ന എസികളാണ് ഇത്തരത്തിൽ ഘടിപ്പിക്കേണ്ടത്. ഷാർജ പബ്ലിക് ബസുകളിലും ടാക്‌സികളിലുമായി ദിവസേന 77,500 യാത്രക്കാർ യാത്ര ചെയ്യുന്നുണ്ടെന്നാണ് ആർടിഎ വെളിപ്പെടുത്തുന്നത്. ഇതിൽ 16,000 സിറ്റി റൂട്ടുകിലും 16,500  ഇന്റർ സിറ്റി റൂട്ടുകളിലും 45,000 സിറ്റി കാബുകളിലുമാണ്.

ബസ് സ്റ്റോപ്പുകൾ ശീതീകരിക്കുന്നതോടെ കൂടുതൽ പേർ പബ്ലിക് ട്രാൻസ്‌പോർട്ട് സംവിധാനം പ്രയോജനപ്പെടുത്തുമെന്നാണ് ആർടിഎ കരുതുന്നത്. ഇതുവഴി യാത്രക്കാർക്ക് സമയവും പണവും യാത്രാക്ലേശവും ഒഴിവാക്കാൻ സാധിക്കുമെന്നും ആർടിഎ ചൂണ്ടിക്കാട്ടുന്നു.