- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാഴ്ച്ചകളുടെ വസന്തമൊരുക്കാൻ അനന്തപുരി ഒരുങ്ങി; പതിനേഴാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് നാളെ തിരിതെളിയും; ഉദ്ഘാടന ചിത്രം ആൽഫ്രഡ് ഹിച്ച്‌കോക്കിന്റെ
തിരുവനന്തപുരം: അനന്തപുരിയുടെ പ്രഭാതങ്ങളിലും സായാഹ്നങ്ങളിലും കാഴ്ച്ചകളുടെ കഥക്കൂട്ടൊരുക്കി സെല്ലുലോയ്ഡ് വസന്തം പെയ്തിറങ്ങും. ചർച്ചകളും വിവാദങ്ങളും കഥകളും കാഴ്ച്ചകളുമൊരുക്കാൻ തിരുവനന്തപുരം ഒരുങ്ങിക്കഴിഞ്ഞു. 17-മത് രാജ്യാന്തര ചലച്ചിത്രമേളമേയിൽ 15 വിഭാഗങ്ങളിലായി 197 ചിത്രങ്ങളാണ് കാഴ്ച്ചയുടെ വിരുന്നൊരുക്കുക. മത്സര ലോകസിനിമാ വിഭാ
തിരുവനന്തപുരം: അനന്തപുരിയുടെ പ്രഭാതങ്ങളിലും സായാഹ്നങ്ങളിലും കാഴ്ച്ചകളുടെ കഥക്കൂട്ടൊരുക്കി സെല്ലുലോയ്ഡ് വസന്തം പെയ്തിറങ്ങും. ചർച്ചകളും വിവാദങ്ങളും കഥകളും കാഴ്ച്ചകളുമൊരുക്കാൻ തിരുവനന്തപുരം ഒരുങ്ങിക്കഴിഞ്ഞു. 17-മത് രാജ്യാന്തര ചലച്ചിത്രമേളമേയിൽ 15 വിഭാഗങ്ങളിലായി 197 ചിത്രങ്ങളാണ് കാഴ്ച്ചയുടെ വിരുന്നൊരുക്കുക. മത്സര ലോകസിനിമാ വിഭാഗങ്ങളിൽ കഴിഞ്ഞ പത്തു മാസത്തിനുള്ളിൽ പുറത്തിറങ്ങിയ ചിത്രങ്ങളാണ് മേളയ്ക്ക് കൊഴുപ്പേകുക. ആൽഫ്രഡ് ഹിച്ച്‌കോക്കിന്റെ 1927ൽ പുറത്തിറങ്ങിയ നിശബ്ദ ചിത്രമായ 'ദി റിംഗാ'ണ് മേളയിലെ ഉദ്ഘാടന ചിത്രം.
ചിത്രത്തിന് തൽസമയ ഓർക്കെസ്ട്രയുടെ സഹായത്തോടെ പശ്ചാത്തലസംഗീതം നൽകിയാണ് പ്രദർശിപ്പിക്കുന്നത് എന്നത് പ്രത്യേകതയാണ്. ഓസ്‌ട്രേലിയൻ അബോർജിനൽ സിനിമ, ടോപ്പ് ആംഗിൾ സിനിമ, തിയറ്റർ ഫിലിം, ഹിച്ച്‌കോക്ക് നിശ്ശബ്ദ ചിത്രങ്ങൾ, അഡോളൺസ് ചിത്രങ്ങൾ എന്നിവയാണ് ഇത്തവണ പുതുതായുള്ളത്. മെക്‌സിക്കോ, സെനഗൽ, ചിലി, ഫിലിപ്പൈൻസ്, ജപ്പാൻ, തുർക്കി, അൽജീരിയ, ഇറാൻ ചിത്രങ്ങളോടൊപ്പം ഇന്ത്യയിൽ നിന്നും നിതിൻ കക്കർ സംവിധാനം ചെയ്ത ഫിലിമിസ്ഥാനും മലയാളിയായ കമലിന്റെ ഹിന്ദി ചിത്രം ഐ.ഡി.യും ടി. വി. ചന്ദ്രന്റെ ഭൂമിയുടെ അവകാശികളും ജോയി മാത്യുവിന്റ ഷട്ടറും സുവർണ്ണ ചകോരത്തിനായി മത്സരിക്കുന്നു. ഈ വിഭാഗത്തിൽ 14 ചിത്രങ്ങളണുള്ളത്.
ലോക സിനിമാവിഭാഗത്തിൽ പ്രതിഭ തെളിയിച്ച പ്രഗത്ഭരുടെയും പുതുമുഖ സംവിധായകരുടേയും 78 ചിത്രങ്ങളുണ്ട്. ഈജിപ്തിലെ 18 ദിവസത്തെ ജനാധിപത്യ വിപ്ലവത്തെ പ്രമേയമാക്കി ഒമ്പത് പേർ ചേർന്ന് സംവിധാനം ചെയ്ത 18 ഡെയ്‌സ്, പ്രേക്ഷകരുടെ പ്രിയ കൊറിയൻ സംവിധായനായ കിം കി ഡുക്കിന്റെ ചിത്രങ്ങൾ, ദീപ മേത്തയുടെ മിഡ്‌നൈനറ്റ് ചിൽഡ്രൻ എന്നിവ ശ്രദ്ധ നേടും. വോൾക്കർ ഷോൺ ഡ്രോഫ് , കെൻലോക്ക്, ബെർനാഡോ ബർട്ടലൂച്ചി, അകി കരിസ്മാക്കി, അബ്ബാസ് കിരസ്താമി, അപ്പിച്ചാറ്റ്‌പോങ്, റൗൾ റൂയിസ്, വാൾട്ടർ സാലസ്,ഫത്തീഹ് അകിൻ, ഒളിവർ അസായസ്, മക്‌ബൽ ബഫ്, ലാർസ് വോൺ ട്രയർ, നദീം ലബാക്കി,തവിയാനി സഹോദരന്മാർ തുടങ്ങിയവരുടെ ചിത്രങ്ങളും മേളയിലുണ്ട്.
മേളയിൽ ഉൾപ്പെടുത്തുവാൻ കഴിയാത്ത എന്നാൽ മറ്റു മേളകളിൽ പുരസ്‌കാരങ്ങൾ നേടിയ ചിത്രങ്ങൾക്കായി ഇന്ത്യൻ ടോപ്പ് ആംഗിൾ സിനിമ വിഭാഗമുണ്ട്. ഗിരീഷ് കാസറവള്ളിയുടെ കൂർമാവതാര, രഘു ജഗന്നാഥിന്റെ തമിഴ് ചിത്രം 500 & 5, ഉമേഷ് വിനായക് കുൽക്കർണിയുടെ ടെംപിൾ , അരവിന്ദ് അയ്യരുടെ ഡ്രാപ്പ്ച്ചി, അജിത സുചിത്രവീരയുടെ ബല്ലാഡ് ഓഫ് രസ്തം, ഗജേന്ദ്ര അഹിറേയുടെ ടൂറിങ് ടാക്കീസ് എന്നിവയാണ് ഈ വിഭാഗത്തിൽ.
കൺട്രി ഫോക്കസ്സിൽ വിയറ്റ്‌നാമിൽ നിന്നുള്ള നാല് ചിത്രങ്ങളുണ്ട്. വിയറ്റ്‌നാമിന്റെ സിനിമാചരിത്രം വികസിച്ച വഴി വ്യക്തമാക്കുന്ന ആദ്യകാല ചിത്രം മുതൽ പുതുതലമുറ ചിത്രങ്ങൾ വരെ ഈ വിഭാഗത്തിലുണ്ട്. കൗമാരക്കാരുടെ വിഷയങ്ങൾ ചർച്ചചെയ്യുന്ന ഫ്രഞ്ച് ചിത്രങ്ങൾ മേളയുടെ സവിശേഷതയാണ്. കൗമാര വിഹ്വലതകളും സ്‌നേഹവും ആഹ്ലാദവും ദൃശ്യവൽക്കരിച്ച അഞ്ച് ചിത്രങ്ങൾ ഈ വിഭാഗത്തിലുണ്ട്. പ്രസിദ്ധമായ നിരവധി നാടകങ്ങളുടെ ചലച്ചിത്രാ വിഷ്‌ക്കാരങ്ങളുമുണ്ട് മേളയിൽ. അത്തരത്തിൽ സിനിമയാക്കപ്പെട്ട നാടകങ്ങളുടെ വിഭാഗമാണ് തിയറ്റർ ഫിലിംസ്. കെന്നത്ത് ബ്രനഹിന്റെ ഹാംലെറ്റ്, എലിയ കസാന്റെ സ്ട്രീറ്റ് കാർ നെയ്മിഡ് ഡിസൈയർ, സിഡ്‌നി ലുമെറ്റന്റിന്റെ ഇക്വസ്, ഫ്രാൻകോ സെഫിർല്ലിയുടെ റോമിയോ ആന്റ് ജൂലിയറ്റ്, അരവിന്ദന്റെ കാഞ്ചന സീത, ജയരാജിന്റെ കളിയാട്ടം എന്നിവ ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കും. അകിര കുറസോവ, അലൻ റെനെ, പിയറി യമഗോ, എലേന ഇഗ്നിസ് എന്നിവരുടെ ചിത്രങ്ങളുൾപ്പെടെ 33 ചിത്രങ്ങൾ റിട്രോസ്‌പെക്രീവിൽ പ്രദർശിപ്പിക്കുന്നു. ജൂറി ചെയർമാനായ പോൾ കോക്‌സിന്റെ അഞ്ച് ചിത്രങ്ങളാണ് ജൂറി സിനിമയിലുള്ളത്. ആൽഫ്രഡ് ഹിച്ച്‌കോക്കിന്റെ നിശബ്ദ കാലഘട്ടത്തിലെ അഞ്ച് ചിത്രങ്ങളുണ്ട്.
റിതുപർണഘോഷിന്റെ ചിത്രാംഗദ, അമിതാഭ് ചക്രവർത്തിയുടെ കോസ്മിക് സെക്‌സ്, സുമിത്ര ഭാവേയും സുനിൽ സുഖ്ദൻകറും ചേർന്ന് സംവിധാനം ചെയ്ത സംഹിത, കൗശിക് ഗാംഗുലിയുടെ സൗദ്, സർഫറസ് ആലം, ശ്യാമൾ കർമാക്കർ എന്നിവർ സംവിധാനം ചെയ്ത റ്റിയേഴ്‌സ് ഓഫ് നന്ദിഗ്രാം, അഥേയപാർത്ഥരാജെന്റ ദി ക്രയർ എന്നിവയാണ് സമകാലീന ഇന്ത്യൻ സിനിമ വിഭാഗത്തിലുള്ളത്. മലയാള സിനിമ ഇന്നിൽ മധുപാലിന്റെ ഒഴിമുറി, മനേജ് കാനയുടെ ചായില്യം, ഡോ: ബിജുവിന്റെ ആകാശത്തിന്റെ നിറം, ലിജിൻ ജോസിന്റെ ഫ്രെഡേ, അരുൺ അരവിന്ദിന്റെ ഈ അടുത്തകാലത്ത്, രഞ്ജിത്തിന്റെ ഇന്ത്യൻ റുപ്പി, കെ. ഗോപിനാഥിന്റെ ഇത്രമാത്രം എന്നിവ പ്രദർശിപ്പിക്കും.
അന്തരിച്ച ചലച്ചത്ര പ്രതിഭകളെ അനുസ്മരിക്കുന്ന ഹോമേജ് വിഭാഗത്തിൽ ക്രിസ് മാർക്കർ, അശോക് മേത്ത, പത്മകുമാർ, തിലകൻ, വിന്ധ്യൻ , അപ്പച്ചൻ, ടി ദാമോദരൻ, ജോസ് പ്രകാശ്, എന്നിവരുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കും. അന്തരിച്ച നടൻ സത്യന്റെ നൂറാം ജന്മവാർഷികം പ്രമാണിച്ച് സത്യൻ സ്മൃതിയും അദ്ദേഹം അഭിനയിച്ച ഏഴു ചിത്രങ്ങളും പ്രദർശനത്തിനുണ്ട്. കൈരളി, ശ്രീ, കൈരളിയോട് ചേർന്നുള്ള നിള, കലാഭവൻ, ശ്രീ പത്മനാഭ, രമ്യ, ധന്യ, ന്യൂ, കൃപ, അജന്ത, അഞ്ജലി എന്നീ തീയറ്ററുകളിലാണ് പ്രദർശനം. നിശാഗന്ധി ഓപൺ എയർ തീയറ്ററിൽ വൈകുന്നേരങ്ങളിൽ പൊതുപ്രദർശനവും ഒരുക്കും.
മേളക്കെത്തുന്ന ചലച്ചിത്രപ്രവർത്തകരോട് സംവദിക്കാൻ ഇൻ കോൺവർസേഷൻ, മീറ്റ് ദി ഡയറക്ടർ എന്നീ പേരുകളിൽ വേദികൾ ഒരുക്കും. ഇൻ കോൺവർസേഷൻ ശ്രീ തീയറ്ററിലും ഡെലിഗേറ്റ് ഫോറം ന്യൂ തീയറ്ററിലുമാണ് നടക്കുന്നത്.