മോൺട്രിയോൾ (കാനഡ): പ്രഫഷനൽ ബോക്‌സിങ് പോരാട്ടത്തിനിടെ ഇടിയേറ്റു വീണ കൗമാരക്കാരിയായ മെക്സിക്കൻ ബോക്‌സർ അഞ്ചാം ദിനം മരണത്തിനു കീഴടങ്ങി. കഴിഞ്ഞ ശനിയാഴ്ച രാത്രി നടന്ന മത്സരത്തിനിടെ തലച്ചോറിന് ക്ഷതമേറ്റ മെക്‌സിക്കൻ ബോക്‌സർ ജീനറ്റ് സക്കരിയാസ് സാപ്പറ്റയാണു കഴിഞ്ഞ ദിവസം മരിച്ചത്. 18 വയസായിരുന്നു. തലയ്‌ക്കേറ്റ പരുക്കുമൂലം ചികിത്സയിലായിരുന്നു.

കാനഡയുടെ 31കാരിയായ താരം മേരി പിയർ ഹുലെയുമായുള്ള മത്സരത്തിനിടെ 4ാം റൗണ്ടിലാണു കനത്ത പഞ്ചുകളേറ്റു സാപ്പറ്റ നിലംപതിച്ചത്. മത്സരം തുടരാനാവില്ലെന്നു കണ്ടതോടെ പിയർ നോക്കൗട്ട് ജയവും നേടി. എന്നാൽ, സാപ്പറ്റ എഴുന്നേൽക്കാനാവാതെ റിങ്ങിൽ കിടന്നതോടെ വൈദ്യസംഘമെത്തി. ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

 

തലച്ചോറിനേറ്റ ക്ഷതംമൂലം സാപ്പറ്റ കോമയിലായെന്നാണു സംഘാടകർ ആദ്യം അറിയിച്ചത്. ഇന്നലെയാണു മരണവിവരം പുറത്തുവിട്ടത്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ, ബോക്‌സിങ് നിരോധിക്കണമെന്ന ആവശ്യവുമായി വിവിധ സംഘടനകൾ രംഗത്തുവന്നു. സംഭവത്തെ കുറിച്ച് കൂടുതൽ അന്വേഷിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

ഇത്തരം ദുരന്തങ്ങൾ ഒഴിവാക്കാനാകുന്നവയാണെന്നു തലച്ചോറിലെ ക്ഷതങ്ങളെപ്പറ്റി പഠിക്കുന്ന ബ്രിട്ടിഷ് ഏജൻസിയായ 'ഹെഡ്വേ'യുടെ തലവൻ പീറ്റർ മക്കബേ പറഞ്ഞു. തലയിൽ സുരക്ഷാകവചം വയ്ക്കാതെയാണു പ്രഫഷനൽ ബോക്‌സിങ്ങിൽ താരങ്ങൾ മത്സരിക്കുന്നത്.