ദുബായ്: ചാർട്ടേഡ് അക്കൗണ്ടന്റാവുകയെന്നത് പലർക്കും നടക്കാതെ പോയ സ്വപ്‌നം മാത്രമാണ്. എന്നാൽ, രാംകുമാർ രാമൻ എന്ന 18-കാരന് അതൊരു പ്രശ്‌നമായതേയില്ല. ആദ്യ ശ്രമത്തിൽത്തന്നെ സി.എയുടെ 14 പേപ്പറുകളും എഴുതിയെടുത്ത രാംകുമാർ എന്ന ഇന്ത്യൻ വിദ്യാർത്ഥി ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ചാർട്ടേഡ് അക്കൗണ്ടന്റ് എന്ന ഖ്യാതിയാണ് സ്വന്തമാക്കിയത്. ഈ പ്രതിഭയെ സ്വന്തമാക്കാൻ മത്സരിക്കുകയാണ് ലോകത്തെ വൻകിട സ്ഥാപനങ്ങളിൽപ്പലതും.

ദുബായിലെ ഇന്ത്യൻ ഹൈസ്‌കൂൾ വിദ്യാർത്ഥിയായ രാംകുമാറിന്റെ നേട്ടം അസോസിയേഷൻ ഓഫ് ചാർട്ടേഡ് സർട്ടിഫൈഡ് അക്കൗണ്ടന്റ്‌സ് (എ.സി.സി.എ) അംഗീകരിച്ചു. ഇതോടെ ലോകത്തേറ്റവും പ്രായം കുറഞ്ഞ സി.എ.ക്കാരൻ എന്ന ബഹുമതി രാംകുമാറിന് സ്വന്തമായി.

മൂന്നുവർഷമായി സി.എ പരീക്ഷ എഴുതിയെടുക്കാൻ രാം കുമാർ തയ്യാറെടുപ്പ് തുടങ്ങിയിട്ട്. 15-ാം വയസ്സിൽ 2012-ൽ തുടങ്ങിയ ശ്രമം. ഉറക്കമൊഴിഞ്ഞ് പഠിച്ച രാംകുമാർ 2014 ഡിസംബറിൽ തുടങ്ങിയ പരീക്ഷയ്ക്ക് ഇരിക്കുമ്പോഴും ഈ നേട്ടം പ്രതീക്ഷിച്ചിരുന്നില്ല. മൂന്നുവർഷത്തെ നിരന്തര കഷ്ടപ്പാടുകൾക്ക് ഫലം കണ്ടു. 14 പേപ്പറുകളും പാസ്സായി. ഇൻവെസ്റ്റ്‌മെന്റ് ബാങ്കിങ് മേഖലയിലാണ് രാംകുമാറിന് അടുത്ത നോട്ടം. അതിന് മുമ്പായി അമേരിക്കയിൽപ്പോയി എം.ബി.എ എടുക്കണമെന്നും രാംകുമാർ ആഗ്രഹിക്കുന്നു.

കഠിനാധ്വാനം മാത്രമല്ല, വിശ്വാസവും തന്നെ തുണച്ചുവെന്ന് രാംകുമാർ കരുതുന്നു. 2014 ഡിസംബർ മുതൽ ഇക്കൊല്ലം ജൂൺവരെ നീണ്ട പരീക്ഷകൾക്കെല്ലാം രാംകുമാർ പോയത് ഒരേ പാന്റും ഒരോ ഷർട്ടും ഒരേ അടിവസ്ത്രങ്ങളും സോക്‌സും ഷൂവും ധരിച്ചുകൊണ്ടാണ്. എല്ലാ പരീക്ഷയ്ക്കും കഴിച്ചത് ഒരേ ഭക്ഷണം തന്നെ. അന്ധവിശ്വാസമെന്ന് മറ്റുള്ളവർക്ക് തോന്നാമെങ്കിലും തന്റെ വിജയത്തിൽ ഈ വിശ്വാസത്തിന് പങ്കുണ്ടെന്ന് രാംകുമാർ പറയുന്നു.

ചാർട്ടേഡ് അക്കൗണ്ടന്റുമാരുടെ കുടുംബത്തിൽനിന്നുതന്നെയാണ് രാംകുമാറിന്റെ വരവ്. ചെറുപ്പം മുതൽക്കെ ഇതുതന്നെ തന്റെ കരിയറെന്ന് ഈ മിടുക്കൻ ഉറപ്പിച്ചിരുന്നു. അച്ഛൻ രാംകുമാർ വെങ്കിടാചലത്തിന്റെയും അമ്മ കമല രാമന്റെയും പിന്തുണയും മകന്റെ വിജയത്തിന് പിന്തുണ നൽകി. മൂന്നുവർഷം ചാർട്ടേഡ് അക്കൗണ്ടന്റായി പ്രവർത്തിച്ചാൽ മാത്രമേ എ.സി.സി.എയുടെ പൂർണ അംഗമായി മാറാൻ രാംകുമാറിനാകൂ. അതിനുള്ള ശ്രമത്തിലാണ് ഇപ്പോൾ ഈ 18-കാരൻ.