ഗുവാഹത്തി: എൻട്രൻസ് പരീക്ഷ എഴുതാനെത്തിയ വിദ്യാർത്ഥിനിയുടെ വസ്ത്രത്തിന് നീളക്കുറവെന്ന് ആരോപിച്ച് പരീക്ഷ ഹാളിൽ കയറ്റാതെ അധികൃതർ തടഞ്ഞുവെന്ന് ആരോപണം. അസമിലെ സോനിത്പുർ ജില്ലയിലാണ് സംഭവം. ഷോർട്ട്‌സ് ധരിച്ച് പരീക്ഷയെഴുതാനെത്തിയ 19കാരിക്കാണ് ദുരനുഭവം നേരിട്ടത്.

മാന്യമായ വസ്ത്രം ധരിച്ചെങ്കിൽ മാത്രമേ പരീക്ഷാ ഹാളിൽ കയറ്റൂ എന്ന് അധികൃതർ പറഞ്ഞതായി വിദ്യാർത്ഥിനി ആരോപിക്കുന്നു. ഒടുവിൽ ഷോർട്ട്‌സിന് മുകളിൽ കർട്ടൻ ഉടുത്താണ് പരീക്ഷയെഴുതിയത്.

അസം അഗ്രികൾചർ സർവകലാശാല നടത്തിയ എൻട്രൻസ് പരീക്ഷ എഴുതാനെത്തിയതായിരുന്നു 19കാരിയായ ജുബ്ലി തമുലി എന്ന വിദ്യാർത്ഥിനി. സെപ്റ്റംബർ 15ന് ബിശ്വന്ത് ചാര്യാലിയിൽ നിന്നും അച്ഛനൊപ്പം തേസ്പൂരിലെ പരീക്ഷാ കേന്ദ്രത്തിൽ എത്തിയതായിരുന്നു.



പരീക്ഷാസമയത്ത് എല്ലാ വിദ്യാർത്ഥികളുടെ കൂടെ പരീക്ഷാ ഹാളിലേക്ക് പോവുകയായിരുന്നു. എന്നാൽ പരിശോധന നടത്തുന്ന ഉദ്യോഗസ്ഥർ തന്നെ മാത്രം മാറ്റിനിർത്തുകയും ബാക്കിയുള്ള എല്ലാ വിദ്യാർത്ഥികളേയും അകത്തേക്ക് പ്രവേശിപ്പിക്കുകയും ചെയ്തു. അഡ്‌മിറ്റ് കാർഡ്, ആധാർ കാർഡ്, ഫോട്ടോ കോപ്പി അടക്കമുള്ള എല്ലാ രേഖകളും കൈയിൽ ഉണ്ടായിരുന്നു. അതൊന്നും അവർ പരിശോധിച്ചതേയില്ല. അവർ പറഞ്ഞത് വസ്ത്രത്തിന് നീളക്കുറവാണെന്നും ഇത് പരീക്ഷാ ഹാളിൽ അനുവദിക്കില്ല എന്നുമായിരുന്നു.

എന്തു കൊണ്ടാണെന്ന് അവരോട് ചോദിച്ചു. ഇക്കാര്യം അഡ്‌മിറ്റ് കാർഡിൽ വ്യക്തമാക്കിയിട്ടില്ലല്ലോ എന്ന് ചോദിച്ചു. അതൊക്കെ നിങ്ങൾ അറിയണമെന്നായിരുന്നു ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായ മറുപടി. എന്നാൽ അഡ്‌മിറ്റ് കാർഡിൽ ഇല്ലാത്ത കാര്യങ്ങൾ എങ്ങനെയാണ് ഞാൻ അറിയേണ്ടത് എന്ന് അവരോട് തിരിച്ച് ചോദിച്ചതായി വിദ്യാർത്ഥിനി പറയുന്നു.

തുടർന്ന് പിതാവിനോട് പാന്റ് വാങ്ങി വരാൻ ആവശ്യപ്പെടുകയായിരുന്നു. പാന്റ് വാങ്ങി വരുന്ന സമയം വരെ പുറത്തിരിക്കേണ്ടി വരും എന്നതിനാൽ കർട്ടൻ ചുറ്റി പരീക്ഷാ കേന്ദ്രത്തിൽ പ്രവേശിക്കാൻ കൂട്ടുകാരികൾ നിർദ്ദേശിക്കുകയായിരുന്നു. തുടർന്ന് കർട്ടൻ ചുറ്റി വിദ്യാർത്ഥിനി പരീക്ഷാ കേന്ദ്രത്തിൽ പ്രവേശിക്കുകയായിരുന്നു.

ഒടുവിൽ പാന്റ് വാങ്ങാൻ ഞാൻ അച്ഛനെ പറഞ്ഞുവിട്ടു. അച്ഛൻ മടങ്ങി വരുന്നത് വരെ കർട്ടൻ ഉടുത്താണ് ഞാൻ പരീക്ഷ എഴുതിയത്.' പെൺകുട്ടി പറയുന്നു.ജീവിതത്തിൽ ഏറ്റവും കൂടുതൽ അപമാനിക്കപ്പെട്ട നിമിഷമായിരുന്നു അതെന്ന് പെൺകുട്ടി വ്യക്തമാക്കി.