- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുറ്റിപ്പുറത്ത് 19 കാരിയും എട്ടുമാസം പ്രായമുള്ള കുട്ടിയും കിടപ്പുമുറിയിൽ മരിച്ച നിലയിൽ; ജീവനൊടുക്കിയത് മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തി; ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ; ഗാർഹിക പീഡനത്തിന് ഇരയായെന്ന് പരാതി; ഭർതൃമാതാവ് കസ്റ്റഡിയിൽ
മലപ്പുറം: കുറ്റിപ്പുറം അയങ്കലത്ത് 19 വയസ്സുകാരിയായ മാതാവും എട്ടുമാസം പ്രായമായ കുട്ടിയെയും തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. ഉണ്ണിയമ്പലത്തിന് സമീപം വളവിൽ താമസിക്കുന്ന വടക്കത്ത് വളപ്പിൽ അടക്കത്ത് വളപ്പിൽ മുഹമ്മദ് മുസ്ല്യാരുടെ മകൻ ബസ് ബസ്സത്തിന്റെ ഭാര്യ 19 കാരിയായ സുഹൈല നസ്റിനും എട്ടു മാസം പ്രായമുള്ള മകൾ ഫാത്തിമ ഷഹ്റ എന്നിവരാണ് മരിച്ചത്.
ഇന്നു വൈകിട്ട് നാലുമണിയോടെയാണ് സംഭവം. സുഹൈല നസ്റിനും കുഞ്ഞും ഇവരുടെ കിടപ്പുമുറയിൽ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി മരിച്ച നിലയിലായിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു. അതേ സമയം ആത്മഹത്യാ പ്രേരണക്കുറ്റത്തിന് ഭർതൃമാതാവായ ഫാത്തിമയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
വീട്ടിലുള്ള മറ്റ് അംഗങ്ങളെ ബന്ധുവീട്ടിലേക്കുമാറ്റി. തങ്ങളുടെ മകൾ ആത്മഹത്യ ചെയ്യില്ലെന്നും ഭർതൃവീട്ടുകാരുടെ ഗാർഹിക പീഡനം മൂലമാണ് മരണം സംഭവിച്ചതെന്നും യുവതിയുടെ ബന്ധുക്കൾ ആരോപിച്ചു. ഭർത്താവ് ബസ് ബസ്സത്ത് ഗൾഫിലാണ്. ഒന്നര വർഷം മുമ്പാണ് ബസ് ബസ്സത്തിന്റേയും സുഹൈല നസ്റിന്റേയും വിവാഹം നടന്നത്.
ഭർത്താവ് ഗൾഫിൽ പോയശേഷം ഭർതൃമാതാവുമായി പ്രശ്നങ്ങൾ ഉണ്ടായിരുന്നതായാണ് യുവതിയുടെ ബന്ധുക്കൾ പറയുന്നത്.കുറ്റിപ്പുറം പൊലീസ് തുടർനടപടികൾ സ്വീകരിക്കാൻ സ്ഥലത്ത് എത്തി. മൃതദേഹം ഇൻക്വസ്റ്റ് നടത്തി പോസ്റ്റ് മോർട്ടത്തിനയക്കാനുള്ള നടപടികൾ സ്വീകരിച്ചു. അതേ സമയം കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നും വിവരങ്ങൾ ശേഖരിച്ചുകൊണ്ടിരിക്കുകയാണെന്നും കുറ്റിപ്പുറം പൊലീസ് പറഞ്ഞു. ബന്ധുക്കളിൽനിന്നും അയൽവാസികളിൽ നിന്നും പൊലീസ് വിവരങ്ങൾ ശേഖരിക്കും.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്