തിരുവനന്തപുരം: തിരുവനന്തപുരത്ത് നടക്കുന്ന 22-ാമത് രാജ്യാന്തര മേളയിൽ 190 ചിത്രങ്ങൾ പ്രദർശിപ്പിക്കും. 65 രാജ്യങ്ങളിൽ നിന്നാണ് 190 ലധികം ചിത്രങ്ങൾ പ്രദർശനത്തിനെത്തുന്നത്. മത്സരവിഭാഗത്തിലെ നാല് ഇന്ത്യൻ ചിത്രങ്ങളിൽ രണ്ടെണ്ണം മലയാള ചിത്രമാണ്. മലയാളി സ്ത്രീ ജീവിതം വരച്ചുകാട്ടുന്ന 'അവൾക്കൊപ്പം' എന്ന വിഭാഗമാണ് മേളയുടെ മുഖ്യാകർഷണം.

ഫലസ്തീൻ ജനതയുടെ ദുരിതജീവിതം ചിത്രീകരിച്ച 'ഇൻസൾട്ട്' ആണ് ഉദ്ഘാടന ചിത്രം. ലോകസിനിമാ വിഭാഗത്തിലെ 80 ലധികം ചിത്രങ്ങളും മത്സരവിഭാഗത്തിലുള്ള 14 ചിത്രങ്ങളും ഇതിൽ ഉൾപ്പെടും. മത്സരവിഭാഗത്തിലെ നാല് ഇന്ത്യൻ ചിത്രങ്ങളിൽ രണ്ടെണ്ണം മലയാള ചിത്രങ്ങളാണ്. പ്രേം ശങ്കറിന്റെ 'രണ്ടുപേർ', സഞ്ജു സുരേന്ദ്രന്റെ 'ഏദൻ' എന്നിവയാണ് മത്സര വിഭാഗത്തിലെ മലയാള ചിത്രങ്ങൾ.

ഐഡന്റിറ്റി ആൻഡ് സ്പേസ് എന്ന വിഭാഗത്തിൽ ആറ് സിനിമകളാണുള്ളത്. ബംഗ്ലാദേശ് ചിത്രമായ 'ലൈവ് ഫ്രം ധാക്ക', ബാബക് ജലാലിയുടെ 'റേഡിയോ ഡ്രീംസ' മലയാളിയായ ഗീതു മോഹൻദാസിന്റെ 'ലയേഴ്സ് ഡയസ്' തുടങ്ങിയ ചിത്രങ്ങളാണ് ഈ വിഭാഗത്തിൽ പ്രദർശനത്തിന് എത്തുന്നത്.

ജർമൻ ചിത്രമായ 'കാറൽ മാർക്സ്', അമേരിക്കൻ ചിത്രം 'മദർ', ഫ്രഞ്ച് ചിത്രമായ 'കസ്റ്റഡി' തുടങ്ങി ആഫ്രിക്ക, ലാറ്റിൻ അമേരിക്ക, ഏഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള വിഖ്യാത ചിത്രങ്ങൾ ലോകസിനിമ വിഭാഗത്തിൽ മേളയിൽ എത്തും. വിഖ്യാത റഷ്യൻ സംവിധായകൻ അലക്സാണ്ടർ സോകുറോവിനാണ് ഇത്തവണത്തെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം. ഫാദർ ആൻഡ് സൺ, ഫ്രാങ്കോ ഫോണിയ, മദർ ആൻഡ് സൺ, റഷ്യൻ ആർക്ക് തുടങ്ങിയ ആറ് സോകുറോവ് ചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിക്കുന്നത്.