- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രേക്ഷകരുടെ സാമാന്യബുദ്ധി തകർക്കാൻ ലാലേട്ടന്റെ സർജിക്കൽ സ്ട്രൈക്ക്! ഇത് ഒരു തട്ടിക്കൂട്ട് പട്ടാളക്കഥ,യൂണിഫോമിൽ കൊള്ളാത്ത കുടവയറുമായി ആയാസപ്പെട്ട് നീങ്ങുന്ന ലഫ്റ്റനന്റ് കേണൽ!, മേജർരവി മൈനർ രവിയാവുന്നത് ഇങ്ങനെയാണ്
നൂറുകോടി ക്‌ളബ്ബിലത്തെിയ 'ജനതാഗാരേജ്', 75കോടി നേടിയ 'ഒപ്പം',150 കോടി കടന്ന 'പുലിമുരുകൻ', ശേഷം ചുരുങ്ങിയ ചെലവിലെടുത്ത കുടുംബചിത്രമായ 'മുന്തിരിവള്ളികൾ തളിർക്കുമ്പോൾ'പോലും 50കോടി കടക്കുക! കഴിഞ്ഞ ഒരു വർഷത്തിലേറെയായി കേരളക്കരയിൽ മോഹൻലാൽ തരംഗം ആഞ്ഞുവീശുകയാണ്.അത്രപെട്ടെന്നൊന്നും ആർക്കും തകർക്കാൻ കഴിയാത്ത ഈ ബോക്‌സോഫീസ് റെക്കാർഡിന്റെ പെരുമഴക്കിടെയാണ്, മേജർരവി സംവിധാനം ചെയ്ത, '1971:ബിയോണ്ട് ബോർഡേഴ്‌സിൽ' മേജർ സഹദേവനും, മേജർ മഹാദേവനുമായി ലഫ്റ്റനന്റ് കേണൽ മോഹൻലാൽ വതാരപ്പിറവിയെടുക്കുന്നത്.ബംഗ്‌ളാദേശ് യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ എടുത്ത യഥാർഥ കഥയെന്നതും, ഹോളിവുഡ്ഡിനെ വെല്ലുന്ന യുദ്ധരംഗങ്ങൾ എന്ന പ്രചാരണവുമൊക്കെ ഈ പടത്തിന്റെ മൂല്യം വർധിപ്പിച്ചുകൊണ്ടിരുന്നു. അതുകൊണ്ടുതന്നെ ആരാധകരുടെ ആർപ്പുവിളിക്കും കൊട്ടും കരുവകൾക്കും ഇടയിലിരുന്ന് ആദ്യദിവസംതന്നെ ചിത്രം കാണുമ്പോൾ പ്രതീക്ഷകളും ഏറെയായിരുന്നു. പക്ഷേ എന്തുചെയ്യാം. ചിത്രം കണ്ട് ഫാൻസുകാർപോലും തളർന്നുപോവുകയാണ്.തട്ടിക്കൂട്ട് കഥയും ചത്ത സംഭാഷണങ്ങളും യുക്തിരഹിതമായ ക
നൂറുകോടി ക്‌ളബ്ബിലത്തെിയ 'ജനതാഗാരേജ്', 75കോടി നേടിയ 'ഒപ്പം',150 കോടി കടന്ന 'പുലിമുരുകൻ', ശേഷം ചുരുങ്ങിയ ചെലവിലെടുത്ത കുടുംബചിത്രമായ 'മുന്തിരിവള്ളികൾ തളിർക്കുമ്പോൾ'പോലും 50കോടി കടക്കുക! കഴിഞ്ഞ ഒരു വർഷത്തിലേറെയായി കേരളക്കരയിൽ മോഹൻലാൽ തരംഗം ആഞ്ഞുവീശുകയാണ്.അത്രപെട്ടെന്നൊന്നും ആർക്കും തകർക്കാൻ കഴിയാത്ത ഈ ബോക്‌സോഫീസ് റെക്കാർഡിന്റെ പെരുമഴക്കിടെയാണ്,
മേജർരവി സംവിധാനം ചെയ്ത, '1971:ബിയോണ്ട് ബോർഡേഴ്‌സിൽ' മേജർ സഹദേവനും, മേജർ മഹാദേവനുമായി ലഫ്റ്റനന്റ് കേണൽ മോഹൻലാൽ വതാരപ്പിറവിയെടുക്കുന്നത്.ബംഗ്‌ളാദേശ് യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ എടുത്ത യഥാർഥ കഥയെന്നതും, ഹോളിവുഡ്ഡിനെ വെല്ലുന്ന യുദ്ധരംഗങ്ങൾ എന്ന പ്രചാരണവുമൊക്കെ ഈ പടത്തിന്റെ മൂല്യം വർധിപ്പിച്ചുകൊണ്ടിരുന്നു. അതുകൊണ്ടുതന്നെ ആരാധകരുടെ ആർപ്പുവിളിക്കും കൊട്ടും കരുവകൾക്കും ഇടയിലിരുന്ന് ആദ്യദിവസംതന്നെ ചിത്രം കാണുമ്പോൾ പ്രതീക്ഷകളും ഏറെയായിരുന്നു.
പക്ഷേ എന്തുചെയ്യാം. ചിത്രം കണ്ട് ഫാൻസുകാർപോലും തളർന്നുപോവുകയാണ്.തട്ടിക്കൂട്ട് കഥയും ചത്ത സംഭാഷണങ്ങളും യുക്തിരഹിതമായ ക്‌ളീഷെ രംഗങ്ങളും ചേർന്ന ശരാശരി ഒരു പട്ടാള ബഡായിക്കഥമാത്രം.ഘോരയുദ്ധം പ്രതീക്ഷിച്ചത്തെുന്ന പ്രേക്ഷകർക്ക്, നല്ല തുടക്കത്തിനുശേഷം കിട്ടുന്നത്, നനഞ്ഞ സംഭാഷണങ്ങളാൽ ബന്ധിതമായ കുറെ രംഗങ്ങൾ മാത്രമാണ്.പിന്നെ കൈ്‌ളമാക്‌സിൽ മാത്രമാണ് സാങ്കേതിക മികവോടുകടിയുള്ള ഒരു യുദ്ധം കാണുന്നത്.
വേണ്ടിയിരുന്നില്ല ലാലേട്ടാ.ഈ മേജർരവിയെ വിശ്വസിച്ച് ഈ രീതിയിലുള്ള മൈനർസെറ്റ് കളികൾക്കൊന്നും, അങ്ങ് തലവെച്ച് കൊടുക്കേണ്ടായിരുന്നു.അതും ഹിറ്റുകളുടെ പരമ്പര സൃഷ്ടിച്ച് കരിയറിന്റെ എവറസ്റ്റിൽ നിൽക്കുന്ന ഈ സമയത്ത്. ഏറ്റവും വിചിത്രം മോഹൻലാലിന്റെ ശരീരഘടനതന്നെ ഈ പടത്തിൽ ഏറെ മാറിപ്പോയെന്നതാണ്. യൂണിഫോമിൽ കൊള്ളാത്ത കുടവയറുമായി, മരുഭൂമിയിലൂടെ ആയാസപ്പെട്ട് നീങ്ങുന്ന ലഫ്റ്റനന്റ് കേണലിന്റെ കോലം കണ്ട് ഫാൻസുകാർപോലും ഞെട്ടുകയാണ്. നേരത്തെ 'പുലിമുരുകനിൽ' പ്രായത്തെ വെല്ലുവിളിച്ചുകൊണ്ട് അസാധാരണമായ ഫൈറ്റ് നടത്തിയ നടനാണ് മോഹൻലാലെന്ന് ഓർക്കണം.'പുലിമുരുകന്റെ' അതിഗംഭീരമായ വിജയത്തിന്റെ ഹാങ്ങോവറിൽ എടുത്ത ഒരു ബ്രേക്ക് മോഹൻലാലിന്റെ ഫിസിക്കിനെ ബാധിച്ചിട്ടുണ്ടെന്ന് തോന്നുന്നു.
കുറ്റംമാത്രം പറയരുതല്ലോ.ഈ പടത്തിന്റെ തുടക്കത്തിലെയും കൈ്‌ളമാക്‌സിലെയും രണ്ടു യുദ്ധരംഗങ്ങൾ സാങ്കേതിക മികവുകൊണ്ട് ശ്രദ്ധേയമായിട്ടുണ്ട്.തുടക്കത്തിൽ ജോർജിയയിൽ മഞ്ഞിനുള്ളിൽവെച്ച് മോഹലാലിന്റെ മേജർ മഹാദേവന്റെ നേതൃത്വത്തിൽ നടക്കുന്ന ഗൺ ഫൈറ്റ് മലയാളിക്ക് അത്രയെന്നും പുതുമയുള്ളതല്ല.അതുപോയെതന്നെ കൈ്‌ളമാക്‌സിലെ രാത്രി യുദ്ധരംഗങ്ങളുടെ പല ഭാഗങ്ങളിലും റിയലിസ്റ്റിക്കായ അനുഭവം കൊണ്ടുവരാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. പക്ഷേ ഇക്കാലത്ത് പ്രേക്ഷകർക്ക് അത് മതിയോ?
മഹാദേവനിൽ നിന്ന് സഹദേവനിലേക്ക്
ഒരേ കഥാപാത്രത്തെ നാലാമതും സ്‌ക്രീനിലത്തെിക്കുകയെന്ന അപുർവതക്കും ഈ ചിത്രം സാക്ഷിയായി.2006ൽ 'കീർത്തിചക്ര'യിലൂടെ മേജർ മഹാദേവന്റെ ആദ്യവരവ് ഗംഭീരമായിരുന്നു. നാളിതുവരെ കാണാത്ത വെടിപ്പും ഗാംഭീര്യവുമുള്ള പട്ടാള സിനിമയായിരുന്നു അന്ന് മേജർരവി പുറത്തത്തെിച്ചത്. അതോടെ രവിയുടെ വെടി തീരുകയും ചെയ്തു. പിന്നീടുവന്ന കർമ്മയോദ്ധയും കാണ്ടഹാറുമൊക്കെ പ്രേക്ഷകന്റെ ക്ഷമയെ തെല്ലൊന്നുമല്ല പരീക്ഷിച്ചത്. പക്ഷേ ഇക്കുറി മഹാദേവൻ ഗസ്റ്റ് വേഷത്തിലാണ്.71ൽ ഇന്ത്യക്കും പാക്കിസ്ഥാനുമിടയിൽ നടന്ന 13 ദിവസം നീണ്ട യുദ്ധത്തിൽ പങ്കെടുത്ത മഹാദേവൻെർ പിതാവ് മേജർ സഹദേവന്റെ അനുഭവങ്ങളാണ് ഈ പടം.
മമ്മൂട്ടിയുടെ വോയ്‌സ്ഓവറിൽ ഏറെ പ്രതീക്ഷയുണർത്തുന്ന, യുദ്ധക്കെടുതികളിലേക്കും അതിന്റെ അജണ്ടകളിലേക്കംവരെ നമ്മെ കൊണ്ടുപോകുന്ന മൊണ്ടാഷുകളിലൂടെയാണ് ചിത്രത്തിന്റെ ആരംഭം. അവിടുന്ന് പടം നീങ്ങുന്നത് മഞ്ഞമൂടിക്കിടക്കുന്ന ജോർജിയയിലേക്കാണ്. അവിടെ യു.എൻ രക്ഷാസേനയുടെ ഭാഗമായി ഇന്ത്യൻ സൈനികരുടെ കമാൻഡറുടെ റോളിലാണ് നാം മേജർ മഹാദേവനെ കാണുന്നത്. തീവ്രവാദികൾ വളഞ്ഞ ഒരു പാക്കിസ്ഥാൻ സംഘത്തെ അതിസാഹസികമായി മഹാദേവനും കൂട്ടരും രക്ഷിക്കുന്നു. തുടർന്ന് പരിചയപ്പെട്ടപ്പോഴാണ് അതിൽ ഒരു പാക് സൈനികനുമായുള്ള ഒരു സവിശേഷബന്ധം അയാൾ തിരിച്ചറിയുന്നത്. ആ ബന്ധം എന്തെന്ന് ഈ പടം കണ്ടുതന്നെ മനസ്സിലാക്കട്ടെ.ചിത്രം പിന്നീട്‌പോകുന്നത് മഹാദേവന്റെ പിതാവായ മേജർ സഹദേവന്റെ 1971ലെ യുദ്ധ ഓർമ്മകളിലേക്കാണ്.
പക്ഷേ ഒരുകാര്യം ശ്രദ്ധേയമാണ്. കീർത്തിചക്ര സീരീസുമായല്ല, പൃഥ്വീരാജ് നായകനായ വിജയ ചിത്രമായ 'പിക്കറ്റ് 43'യുമായാണ് ഈ പടത്തിന് ബന്ധമുള്ളത്. അത് അതിർത്തിക്കപ്പുറമുള്ള സൗഹാർദത്തിന്റെയും വിശാല മാനവികതയുടെയും കൂടി കഥയാണ്.പക്ഷേ തുടർന്നങ്ങോട്ട് കൈ്‌ളമാക്‌സുവരെ എന്തക്കയോ കാട്ടിക്കൂട്ടിയിരക്കയാണ്.
യുക്തി രഹിതമായ ക്‌ളീഷേരംഗങ്ങൾ
പൊടിപ്പുംതൊങ്ങലുംവെച്ചുള്ള പുളുവടി സഹിക്കാൻ കഴിയാതെ പട്ടാളക്കാരെ കാണുമ്പോൾ ഓടി രക്ഷപ്പെടുന്നവർ നമ്മുടെ നാട്ടിൻപുറങ്ങളിൽ ഇപ്പോഴുമുണ്ട്.അവർ പറയുന്ന ക്‌ളീഷെ കഥകൾ ഈ പടത്തിലും കാണാം. കത്തിനായുള്ള സൈനികരുടെ പരക്കംപാച്ചിലും, പിതാവ് മരിച്ചതായി ടെലിഗ്രാം വരുന്ന സെന്റിമെൻസുമൊക്കെ നാം എത്ര കണ്ടതാണ്.ലെറ്റർബോയി വരുന്നതുകണ്ടാൽ തോക്ക് വലിച്ചെറിഞ്ഞ് ഓടുന്നവരെയാക്കെ തനി പൈങ്കിളിയായി മേജർരവി കാണിച്ചുതരുന്നു.
പിന്നെ ഓഫീസർ സൂപ്പർസ്റ്റാറാവുമ്പോൾ ഒന്നും പറയാൻ വയ്യ.താരകേന്ദ്രീകൃതമായ സിനിമകളുടെ വാർപ്പ് ചേരുവകൾ ഈ പടത്തിലുമുണ്ട്.നായകൻ മോഹൻലാൽ ആയതുകൊണ്ട് അയാൾ സകലരെയും വെടിവെച്ച് ഇടുമെന്ന് ഉറപ്പായിരുന്നു.അതുപോലെ സഹപ്രവർത്തകരിൽ ഭൂരിഭാഗവും കൊല്ലപ്പെടുമെന്നും പ്രേക്ഷകന് ഉറപ്പാണ്. അരുമയായ സൈനികന്റെ മരണത്തിന് ശേഷം, വടക്കൻപാട്ട് സ്‌റ്റൈലിൽ വെല്ലുവിളിച്ച്, ശത്രുസംഹാരത്തിന് ശേഷം സൂര്യോദയത്തിൽ മാത്രമേ ഇവന്റെ ചിതക്ക് തീകൊളുത്തുമെന്നൊക്കെ സഹദേവൻ പറയുമ്പോൾ ഫാൻസുകാർ മാത്രമേ കൈയടിക്കൂ.രണ്ട് കിടങ്ങുകൾക്ക് അപ്പുറവും ഇപ്പുറവും നിന്ന് ഇന്ത്യാ-പാക് കമാൻഡർമാർ വെല്ലുവിളിക്കുന്നതും കുട്ടിക്കളിയായാണ് തോനുന്നത്.അവസാനം ശത്രുരാജ്യത്തിന്റെ നായകനെ ഇടിച്ച് പഞ്ചറാക്കിയാണ് ലാൽ കൊല്ലുകയെന്ന് ഉറപ്പായിരുന്നു. ഒറ്റ വെടിവച്ചാൽ പിന്നെന്ത് ഹീറോയിസം.ഇത്തവണ അധികം അടിക്കാനുള്ള അവസരം മേജർ രവി കൊടുക്കുന്നില്ലെന്ന് മാത്രം. ഇനി മരിക്കാൻ പോവുമ്പോഴും മേജർ സഹദേവന്റെ ധീരതയെ സല്യൂട്ട് ചെയ്യുന്നുണ്ട് പാക് മേധാവി! നോക്കൂ, ഇക്കാലത്ത് കുട്ടികളുടെ ആനിമേഷൻ യുദ്ധങ്ങളിൽപോലും കാണുമോ, ഈ രീതിയിലുള്ള അതിവൈകാരികത.
ഇന്റലിജൻസ് ഓഫീസറായി നടൻ ദേവൻ യുദ്ധഭൂമിയിൽ എത്തുന്നതും, സൈന്യത്തെ തോൽക്കുമെന്ന് പറഞ്ഞ് നിരുൽസാഹപ്പെടുത്തുന്നതുമാണ് ഈ പടത്തിലെ മറ്റൊരു ക്‌ളാസിക്ക് അസംബന്ധ ഉദാഹരണം. മേജർരവിയെപ്പോലെ ഈ വിഷയത്തിൽ ജീവിതാനുഭവം ഇല്ലെങ്കിലും, മുൻ സൈനിക മേധാവികളുടെയും, യുദ്ധവീരന്മാരുടെയുമൊക്കെ ജീവചരിത്രം ഒരുപാട് വായിച്ച ഈ ലേഖകനൊന്നും ഒരിടത്തും ഇങ്ങനെയാരു കാര്യം കണ്ടിട്ടില്ല. മറിച്ച് ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഡൽഹിയിൽനിന്ന് രാഷ്ട്രീയ തീരുമാനമാണ് ഉണ്ടാവുക. സഹദേവൻ മലയാളിയായതുകൊണ്ട് ഇന്റലിജൻസ് ഓഫീസറും മലയാളിയാവാതെ തരമില്ല. അവർ അവിടെ ഹിന്ദിക്കാരെയൊക്കെ നോക്കുകുത്തികളാക്കി മലയാളത്തിൽ നെടുങ്കൻ ഡയലോഗുകൾ കാച്ചുന്നു.
മലയാളികൾ നടത്തിയ യുദ്ധമാണ് ബംഗ്‌ളാദേശ് യുദ്ധമെന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് കാര്യങ്ങളുടെ കിടപ്പ്. പ്രധാന കഥാപാത്രങ്ങളും ഇന്റലിജൻസ് ഓഫീസറും മാത്രമല്ല,രഞ്ജിപ്പണിക്കരുടെ പട്ടാളമോധാവിയുമൊക്കെ മലയാളികൾ! ഏതാനും തമിഴരും ഹിന്ദിക്കാരും ഉണ്ടെന്ന് മാത്രം.പിന്നെ യുദ്ധഭൂമിയിലും ഇടക്കിടെ മദ്യം ചോദിച്ച് തന്റെ ഓഡർലിയെ ശല്യം ചെയ്യുന്നുണ്ട് നായകൻ.പട്ടാളമല്ലേ, യുദ്ധമല്ലേ , അൽപ്പം സ്‌മോളടിയും നടന്നോട്ടെ.പക്ഷേ ഇത് കാണിക്കുന്നത് സൈന്യത്തെ അപമാനിക്കലാണെന്നൊക്കെ ആരോപണം വന്നേക്കാം. കെട്ടകാലമാണിതെന്ന് മേജർ രവിയും മറക്കേണ്ട.
യൂണിഫോമിൽ കൊള്ളാതെ ലാൽ വീർപ്പുമുട്ടുമ്പോൾ
മോഹൻലാലിനെ സംബന്ധിച്ചിടത്തോളം വെല്ലുവിളിയായ കഥാപാത്രമൊന്നുമല്ല ഇത്. ഡയലോഗ് ഡെലിവറിയിലും യുദ്ധരംഗങ്ങളിലുമൊക്കെ അദ്ദേഹം തന്റെ വിശ്വവിഖ്യാതമായ ആ ലാലിസ കരിസ്മയിൽ കത്തിക്കയറുന്നുമുണ്ട്.പക്ഷേ മറ്റ് പട്ടാള സിനിമകളിൽ കാണാത്ത ശരീര ദുർമ്മേദസ് ഇവിടെ പ്രകടമാണ്.കുടവയറും പൊണ്ണത്തടിയുമായി യൂണിഫോമിൽ കൊള്ളാതെ ലാൽ വീർപ്പുമുട്ടുന്നപോലെ തോന്നുന്നുവെന്ന് പറഞ്ഞാൽ ഫാൻസുകാർ തലകൊയ്യാൻ വരരുത്.മേജർ സഹദേവൻ, മഹാദേവൻ എന്ന ഇരട്ടറോളുകൾ ചെയ്യുമ്പോഴും രണ്ടിലും രണ്ട് ശരീരഭാഷകൊടുക്കാൻ, സൂക്ഷ്മാഭിനത്തിന്റെ തമ്പുരാനായ ലാലേട്ടന് കഴിഞ്ഞിട്ടില്ല.പക്ഷേ ഓവറോൾ പെർഫോമെൻസിൽ ലാലിന് പാസ്മാർക്ക് കൊടുക്കാം. ലാലിന്റെ പ്രകടനം മോശമായത് പടത്തെ ബാധിച്ചുവെന്ന് കാണുന്ന ആരും പറയില്ല. ഈ പടത്തിനുള്ള കുഴപ്പങ്ങൾ തിരക്കഥയുടെയും സംവിധാനത്തിന്റെയും തന്നെയാണ്.
ചിത്രത്തിലെ ശ്രദ്ധേയമായ മറ്റൊരു താരം പാക് പട്ടാള ഉദ്യോഗസ്ഥൻ റാണാ ഷെരീഫായി ബോളിവുഡ് താരം അരുണോദയ് സിങ്ങാണ്. അദ്ദേഹം ശരിക്കും കലക്കി. നമ്മുടെ രഞ്ജി പണിക്കർതൊട്ട് സുധീർ കരമനവരെയുള്ളവരും, നായികയില്ലാത്ത ഈ യുദ്ധകഥയിൽ ഏതാനും സീനുകളിൽ വന്നുപോവുന്ന ആശാ ശരതും ശരാശരിയിൽ ഒതുങ്ങുന്നു. മഹാദേവന്റെ പ്രിയ യുവ സൈനികനായി ഇത്തവണയത്തെുന്നത് അല്ലു അർജ്ജുന്റെ സഹോദരൻ അല്ലു സിരീഷാണ്. ചേട്ടന്റെ ഊർജമൊന്നും കാണാനില്ലെകിലും സിരീഷ് മോശമാക്കിയിട്ടില്ല. ( ചിത്രത്തിന്റെ തെലുങ്ക് വിപണിയും മോശമാവില്ല)
സുജിത്ത് വാസുദേവ് കാമറക്ക് പിന്നിൽ നിൽക്കുമ്പോൾ സീനുകളുടെ മിഴിവ് പ്രത്യേകം പറയേണ്ടതില്ല.കലാസംവിധായകൻ സാലു കെ.ജോർജ്ജ് തന്റെ ഭാരിച്ച ദൗത്യം ഭംഗിയായി നിർവ്വഹിച്ചിട്ടുണ്ട്. യുദ്ധഭൂമി ഇന്ത്യാ-പാക് അതിർത്തി തന്നെയാണെന്ന് തോനുന്നുണ്ട്. പക്ഷേ ചിത്രത്തിലെ ടാങ്ക് ചേസിങ്ങിലൊക്കെ കൃത്രിമത്വം തോനുന്നുണ്ട്.പക്ഷേ ഇറാഖിനെ പുനരാവിഷ്‌ക്കരിച്ച 'ടേക്ക് ഓഫുമായി'തട്ടിച്ചുനോക്കുമ്പോൾ ഇത് അത്രക്കൊന്നുമില്ല. മേജർ സഹദേവന്റെ ഫ്‌ളാഷ്ബാക്ക് കാണിക്കുന്നിടത്ത് കാലത്തിന്റെ മാറ്റമൊന്നും തോനുന്നില്ല.
പുരോഗമന സാമൂഹ്യബോധത്തിന് സല്യൂട്ട് ,പക്ഷേ...
സംഘപരിവാറിനോട് ഒട്ടിനിൽക്കുന്ന തന്റെ രാഷ്ട്രീയ ആശയങ്ങൾ ഒരിക്കലും പരസ്യപ്പെടുത്താൻ മടിക്കാത്ത വ്യക്തയാണ് മേജർ രവി.അതുകൊണ്ടുതന്നെ തീവ്രദേശീയതകൊണ്ടുള്ള അയ്യരുകളിയായിരിക്കും ഈ പടം എന്ന് കരുതിയവർക്ക് തെറ്റി. പട്ടാളക്കാർ ഉത്തരവുകൾ അനുസരിക്കുന്ന ഭരണകൂട ഉൽപ്പന്നങ്ങൾ മാത്രമാണെന്നും, ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും സാധാരണ ജനങ്ങൾ യുദ്ധം ആഗ്രഹിക്കുന്നില്ലെന്നുമൊക്കെ പറഞ്ഞ് രവി ഉയർത്തുന്നത്, പുരോഗമന സാമൂഹ്യബോധത്തിന്റെ ആശയ പ്രപഞ്ചമാണ്. പിക്കറ്റ് 43യിലൂടെ പറയാൻ ശ്രമിച്ച ഈ ആശയം ഇവിടെ മേജർ രവി ഊന്നിപ്പറയുന്നു. പാക്കിസ്ഥാനെ ശത്രുരാജ്യമാക്കി സങ്കുചിത ദേശീയത മാർക്കറ്റ് ചെയ്യാൻ ശ്രമിക്കാതിരുന്നതിന് മേജർ രവി ഒരു വലിയ സല്യൂട്ട് അർഹിക്കുന്നു.
പക്ഷേ അപ്പോഴും ചില ഡയലോഗുകളിലും സീനുകളിലും സങ്കുചിത്വം പുരോഗമനത്തിന്റെ ലേബലിട്ട് തികട്ടിവരുന്നുണ്ട്.മേജർ സഹദേവന്റെ യൗവനം ചിത്രീകരിക്കുന്ന രംഗങ്ങൾ നോക്കുക. ഒരു ഉൽസവപ്പറമ്പിൽ ചുറ്റമ്പലത്തോടു ചേർന്ന ആൽത്തറക്കടുത്തേക്ക് തന്റെ സുലൈമാൻ എന്ന സുഹൃത്തിനെ സഹദേവൻ ക്ഷണിക്കുന്നത്, ചന്ദനക്കുറിയിട്ട കറുത്തവനായ കൊല്ലം തുളസിയുടെ കഥാപാത്രം തടയുന്നു. അമ്പലം അശുദ്ധമാക്കരുതെന്ന് ഇയാൾ പറയുമ്പോൾ 'തനിക്കുപോലും അടുത്തകാലത്തല്ലേ ഇങ്ങോട്ട് കയറാൻ പറ്റിയത്' എന്നാണ് സഹദേവന്റെ മറുപടി.അതായത് പൂണൂലിട്ട ഒരു ബ്രാഹ്മണനോ, നായരോ ഒന്നുമല്ല ഒരു ദലിതനാണ് ഇവിടെ മതവാദിയാവുന്നത്.അടുത്തകാലത്തുമാത്രം അമ്പലത്തിൽ പ്രവേശനം കിട്ടിയിട്ടും, ഒരു മുസ്ലിം അമ്പലംതൊട്ടാൽ ആകാശം ഇടിഞ്ഞുപോവുന്ന നിലയിലാണ് അയാൾ.ഇത് തീർത്തും ദലിത് വിരുദ്ധമായ കാഴ്ചപ്പാടാണെന്ന് പറയാതെ വയ്യ.ജാതിരാഷ്ട്രീയത്തെ മത രാഷ്ട്രീയം വിഴുങ്ങുന്ന ഇക്കാലത്ത് പ്രത്യേകിച്ചും.
അതുപോലെ തന്നെ പാക് ജനതയെയും പട്ടാളക്കാരുടെ ധൈര്യത്തെയുമൊക്കെ ആവർത്തിച്ച് പൊക്കിപ്പറയുമ്പോഴും, യുദ്ധത്തടവുകാരെ അതി ക്രൂരമായി പീഡിപ്പിക്കുന്ന പാക് കമാൻഡറെ കാണിക്കുന്നുണ്ട് ചിത്രം.ഇന്ത്യൻ സൈന്യം അത്തരക്കാരല്ലെന്ന് പ്രത്യേകിച്ച് എടുത്തുപറയേണ്ടതില്ലല്ലോ! കൈ്‌ളമാക്‌സിൽ മേജർ സഹദേവന്റെ അലറലുണ്ട്.രണ്ടുപേരുടെ അധികാരക്കൊതിയാണ് ഇന്ത്യയെ വെട്ടിമുറിച്ചതെന്നും ഇത് അന്നുമുതൽ തുടങ്ങിയ യുദ്ധമാണെന്നും.ഇന്ത്യാ വിഭജനത്തിനുപിന്നിൽ വെറും അധികാരക്കൊതി മാത്രമാണുള്ളതെന്ന് ഇന്ന് അൽപ്പം സാമൂഹികശാസ്ത്ര ബോധമുള്ളവർ സമ്മതിച്ച് തരുമെന്ന് തോനുന്നില്ല.അഖണ്ഡഭാരതം സ്വപ്നം കണ്ട് നിലവിലുള്ള ഭൂപടംപോലും അംഗീകരിക്കാത്തവർക്ക് അങ്ങനെ വിശ്വസിക്കാനുള്ള എല്ലാ സ്വാതന്ത്ര്യവും ഉണ്ടെന്നും കൂട്ടിച്ചേർക്കട്ടെ.
വാൽക്കഷ്ണം: ഈ പടത്തിൽനിന്ന് ചെറുതല്ലാത്തൊരു ഗുണപാഠവുമുണ്ട്.എന്തെങ്കിലും ഒരു പുതിയ സംഭവം കേൾക്കുമ്പോഴേക്കും അതുമായി ഒപ്പിക്കാനുള്ള വെഗ്രതയിൽ ഗൃഹപാഠം ചെയ്യാതെ കളത്തിലറിങ്ങരുതെന്ന്. നരേന്ദ്ര മോദി നടത്തിയ സർജിക്കൽ സ്‌ട്രൈക്കിന്റെ ആവേശം രാജ്യം മുഴുവൻ അലയടിച്ചപ്പോഴാണെല്ലോ, ഒരു പട്ടാളക്കഥകൂടിയിറക്കാമെന്ന ഉൾവിളി മേജർ രവിക്കുണ്ടായത്.പക്ഷേ എന്ത് രാജ്യസ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയുമൊക്കെ കഥപറഞ്ഞാലും, ജനഗണമനയും വന്ദേമാതരവും എത്ര ഉച്ചത്തിൽ ബാക്ക് ഗ്രൗണ്ട് മ്യൂസിക്കിട്ടാലും, പടം നന്നായാലേ കാണാൻ ആളുണ്ടാവുകയുള്ളൂ.അല്ലാതെ 25 ശതമാനം രാജ്യസ്‌നേഹം, 30 ശതമാനം പട്ടാള ത്യാഗം, ബാക്കി ആഗോള സൈനിക സൗഹാർദവും യുദ്ധവുമെന്നൊക്കെ ഫോർമുലയിട്ട് ഇറക്കിയാൽ, സാക്ഷാൽ സൂപ്പർ സ്റ്റാർ മോഹൻലാലിനുപോലും പടത്തെ രക്ഷിക്കാനാവില്ല.കാരണം ജനത്തിന്റെ ആസ്വാദന നിലവാരം എത്രയോ മാറിക്കഴിഞ്ഞു.മേജർ രവിമാർക്ക് അത് മനസ്സിലാവുന്നില്ലെന്ന് മാത്രം.