തിരുവനന്തപുരം: കേരളത്തിന്റെ പത്തൊമ്പതാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്നുവൈകിട്ടു തിരിതെളിയും. മേള തുടങ്ങുന്ന ദിവസം തന്നെ റിസർവേഷൻ ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടു വിവാദം പൊട്ടിപ്പുറപ്പെട്ടു. പ്രതിനിധികൾക്കായി ഏർപ്പെടുത്തിയ റിസർവേഷൻ സൗകര്യം ഫലപ്രദമാകുന്നില്ലെന്നത് ആദ്യദിനത്തിൽ തന്നെ സംഘാടകർക്കു തിരിച്ചടിയായി.

ഓൺലൈൻ റിസർവേഷൻ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് അറിയിച്ചിരുന്നെങ്കിലും അതു വേണ്ടവിധത്തിൽ പ്രയോജനപ്പെടുന്നില്ലെന്നാണ് സൂചനകൾ. ഓൺലൈൻ റിസർവേഷൻ സംവിധാനം കാര്യക്ഷമമാകാത്തതിനെത്തുടർന്ന് ടിക്കറ്റ് റിസർവുചെയ്യാനായി നീണ്ട ക്യൂവാണ് അനുഭവപ്പെട്ടത്. സംഘാടകരും പ്രതിനിധികളും തമ്മിൽ വാഗ്വാദവുമുണ്ടായി.

മേളയുടെ പ്രഖ്യാപനം മുതൽ തന്നെ വിവാദങ്ങൾ വിട്ടൊഴിയാതെ പിന്തുടർന്നിരുന്നു. പ്രതിനിധികൾക്കു ചോദ്യാവലി ഏർപ്പെടുത്തിയതും ഇംഗ്ലീഷ് അറിയാത്തവർ സിനിമ കാണാൻ എത്തേണ്ടെന്നുമുൾപ്പെടെയുള്ള വിവാദങ്ങൾ ആദ്യമേ ഉയർന്നിരുന്നു. എന്നാൽ, പ്രതിസന്ധികളെല്ലാം തരണംചെയ്തു മുന്നോട്ടുപോകുമെന്നു സംഘാടകർ പറയുന്നു.

നിശാഗന്ധിയിൽ ഇന്നു വൈകിട്ടാണ് രാജ്യാന്തര ചലച്ചിത്രമേളയുടെ പത്തൊമ്പതാം പതിപ്പിന്റെ ഉദ്ഘാടനച്ചടങ്ങ്. കൈരളിയും ശ്രീയും നിളയും കലാഭവനും രമ്യയും ധന്യയും ന്യൂവും ശ്രീകുമാറും ശ്രീവിശാഖുമാണ് തിയേറ്ററുകൾ. ഇസ്രയേലി സംവിധായകൻ ഇറാൻ റിക്ലിക്‌സ് സംവിധാനം ചെയ്ത 'ഡാൻസിങ് അറബ്‌സ്' മേളയുടെ ഉദ്ഘാടന ചിത്രം. സെയ്ദ് കശുവായുടെ ഡാൻസിങ് അറബ്‌സ് എന്ന നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമാണിത്. ചിത്രത്തിൽ മുഖ്യകഥാപാത്രമായ ഇയാദിനെ അവതരിപ്പിച്ച യുവനടൻ തൗഫിക് ബാറോമിന്റെ സാന്നിധ്യം ഉദ്ഘാടന ചടങ്ങിനെ ആകർഷകമാക്കും. 12ന് വൈകിട്ട് മേളയുടെ ഉദ്ഘാടന പരിപാടികൾക്ക് ശേഷം നിശാഗന്ധിയിലെ ഓപ്പൺ തിയേറ്ററിലാണ് ചിത്രം പ്രദർശിപ്പിക്കുക. 105 മിനിട്ടാണ് ദൈർഘ്യം.

വനിതാ സംവിധായകരുടെ 26 ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നുണ്ട്. 12 ചിത്രങ്ങൾ ഉൾപ്പെടുന്ന മത്സരവിഭാഗത്തിൽ രണ്ടു ചിത്രങ്ങൾ സ്ത്രീ സംവിധായകരുടേതാണ്. സൗത്തുകൊറിയൻ സംവിധായിക ജൂലി ജങ്ങിന്റെ 'എ ആർട്ട് അറ്റ് മൈ ഡോർ', സിനിമയെ തന്റെ രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കാനുള്ള മാദ്ധ്യമമാക്കിമാറ്റിയ താലാ ഹദീദിന്റെ 'എ നാരോ ഫ്രെയിം ദി മിഡ്‌നൈറ്റ്' എന്നിവ.