ദുബൈ: സൂപ്പർസ്റ്റാർ രജനീകാന്ത് നായകനായ ബ്രഹ്മാണ്ഡ ചിത്രം 2.0 വിന്റെ ഓഡിയോ ലോഞ്ച് ഇന്ന് ദുബായിൽ. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബൂർജ് ഖലീഫയിലാണ് പരിപാടികൾ നടക്കുക. ഏകദേശം 15 കോടിയാണ് ഓഡിയോ ലോഞ്ചിനായി മാത്രം ചെലവാക്കുന്നത്. ലോഞ്ച് തത്സമയം കാണാൻ 2 കോടി രൂപ മുടക്കിൽ വമ്പൻ എൽഇഡി സ്‌ക്രീനുകളിൽ ദുബായിയിലെ പ്രമുഖ ഷോപ്പിങ് മാളുകളിൽ സ്ഥാപിച്ചിട്ടുണ്ട് ലോഞ്ചിങ്ങിനോടനുബന്ധിച്ച് വൻ പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്. പരിപാടിയിൽ പങ്കെടുക്കുന്നതിനായി രജനീകാന്തും അക്ഷയ് കുമാറും ദുബായിൽ എത്തിയിട്ടുണ്ട്. എ.ആർ.റഹ്മാന്റെ സ്റ്റേജ് ഷോയും ഇതോടൊപ്പം അരങ്ങേറും. ഇമാർ പ്രോപ്പർട്ടീസുമായി ചേർന്ന് ലൈക്ക പ്രൊഡക്ഷൻസാണ് പരിപാടി സംഘടിപ്പിക്കുന്നത്.

കമൽഹാസനാണ് 2.0 യുടെ ഓഡിയോ ലോഞ്ചിൽ വിശിഷ്ടാതിഥിയായി എത്തുന്നത്. 125 സിംഫണി മ്യൂസീഷ്യൻസുമായി ചേർന്നുള്ള ലൈവ് സ്റ്റേജ് ഷോ ആകും പരിപാടിയുടെ മുഖ്യ ആകർഷണം. ചിത്രത്തിലാകെ ഒരുഗാനം മാത്രമാണുള്ളതെങ്കിലും എന്നാൽ ആൽബത്തിൽ അഞ്ചുഗാനങ്ങൾ ചിട്ടപ്പെടുത്തിയിട്ടുണ്ട്. അതിൽ രണ്ടെണ്ണമാണ് ഇന്ന് പുറത്തിറക്കുക. 385 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന സിനിമയാണ് 2.0. ഏഷ്യയിലെ ഏറ്റവും ചെലവേറിയ ചിത്രവുമാണിത്. ഓസ്‌കാർ ജേതാവ് എ.ആർ റഹ്മാൻ ആണ് ചിത്രത്തിന് സംഗീതം നിർവഹിച്ചിരിക്കുന്നത്.

2010ൽ പുറത്തിറങ്ങിയ യന്തിരനിൽ രജനിയുടെ ഇരട്ട കഥാപാത്രങ്ങളിലൊന്ന് ചിട്ടി എന്ന യന്ത്രമനുഷ്യനും മറ്റൊന്ന് ചിട്ടിയെ നിർമ്മിച്ച ഡോ.വസീഗരയും ഇവരുടെ കൂടെ പ്രധാന വില്ലനായി അക്ഷയ് കുമാറും ഒത്ത് ചേരുന്നുണ്ട്.. ഓഡിയോ ലോഞ്ചിനു ശേഷം അടുത്ത മാസം ഹൈദരാബാദിൽവച്ച് ചിത്രത്തിന്റെ ടീസർ പുറത്തിറക്കും. ഡിസംബറിലാണ് ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങുക.15 ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്യുന്നത്. ത്രി.ഡിയിൽ ആണ് ചിത്രം ഒരുങ്ങുന്നത്.

ഓഡിയോ ലോഞ്ചിന്റെ ഭാഗമായി ബൂർജ് ഖലീഫ 2.0 വിലെ രജനീകാന്തിന്റെയും അക്ഷയ് കുമാറിന്റെയും ചിത്രങ്ങൾ കൊണ്ട് അലങ്കരിക്കും. യുഎഇയിൽ ഇതുവരെ നടന്ന ഓഡിയോ ലോഞ്ചുകളെ കവച്ചുവയ്ക്കുന്ന രീതിയിലായിരിക്കും 2.0 സംഗീത പരിപാടി അരങ്ങേറുകയെന്നാണ് സംഘാടകരു പ്രതീക്ഷ. ശബ്ദവും വെളിച്ചവും സങ്കലിക്കുന്ന കണ്ണഞ്ചിക്കുന്ന പരിപാടിയിൽ ചിത്രത്തിന്റെ നായിക ആമി ജാക്സന്റെ നൃത്തങ്ങളുമുണ്ടായിരിക്കും. ഇന്ത്യയിലെ പ്രമുഖ കൊറിയോഗ്രഫർ ബോസ്‌കോ മാർടിസ് ആണ് നൃത്തങ്ങളൊരുക്കുന്നത്. . പരിപാടി ആസ്വദിക്കാൻ ഒരാൾക്ക് നാല് പ്രവേശന പാസുകൾ സൗജന്യമായി നൽകും.