ദുബായ്: അഞ്ചു വർഷം കൊണ്ട് ദുബായ് ടാക്‌സി കോർപറേഷനു കീഴിലുള്ള ടാക്‌സികളുടെ എണ്ണത്തിൽ 40 ശതമാനം വർധന വരുത്താൻ തീരുമാനം. പദ്ധതി നടപ്പാക്കിയാൽ ഡിടിസിയുടെ കീഴിൽ മൊത്തം ടാക്‌സികളുടെ എണ്ണം ഏഴായിരം ആക്കും. കൂടാതെ 2021-ഓടെ 2280 ഹെബ്രിഡ് ടാക്‌സികളും നിരത്തിലിറങ്ങും.

ഈ പദ്ധതികൾ ഉൾപ്പെടെയുള്ള ദുബൈ ടാക്‌സി കോർപറേഷന്റെ പഞ്ചവത്സര പദ്ധതിക്ക് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അഥോറിറ്റി അംഗീകാരം നൽകി. എക്‌സ്‌പോ 2020 മുന്നിൽകണ്ട് ജനസംഖ്യ വർധിക്കുന്നതിനനുസരിച്ച് എല്ലാവർക്കും യാത്രാസംവിധാനങ്ങൾ ഒരുക്കുകയാണ് ലക്ഷ്യം.

2016- 2021 വർഷത്തേക്കുള്ള പഞ്ചവത്സര പദ്ധതിക്കാണ് അംഗീകാരം നൽകിയിരിക്കുന്നത്. 2015ലെ കണക്ക് പ്രകാരം 5000 ടാക്‌സികളാണ് കോർപറേഷന് കീഴിലുള്ളത്. ഇത് ഘട്ടംഘട്ടമായി 7000 ആക്കും. ലിമൂസിനുകളുടെ എണ്ണം 113ൽ നിന്ന് 500 ആക്കും. 340 ശതമാനം വർധനയാണ് ലക്ഷ്യമിടുന്നത്. ടാക്‌സികളിൽ പകുതിയും അന്തരീക്ഷ മലിനീകരണം കുറക്കുന്ന ഹൈബ്രിഡ് ആക്കി മാറ്റും.