അബുദാബി: എമിറേറ്റിലെ 40 സർക്കാർ സ്‌കൂളുകളിൽ സിസിടിവി ക്യാമറ സ്ഥാപിക്കാൻ തീരുമാനിച്ചതായി അബുദാബി എഡ്യൂക്കേഷൻ കൗൺസിൽ (Adec) വ്യക്തമാക്കി. ഈ അധ്യായന വർഷത്തിൽ മൂന്നാം സെമസ്റ്ററിലായിരിക്കും സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്നത്.

സ്‌കൂളിൽ കുട്ടികൾ പെരുമാറുന്നത് എങ്ങനെയെന്ന് വ്യക്തമായി കണ്ടുപിടിക്കാനും ഇത്തരത്തിൽ വികൃതിക്കുട്ടന്മാരെ നിലയ്ക്കു നിർത്താനുമാണ് സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്നതെന്ന് അധികൃതർ വെളിപ്പെടുത്തി. ഒരു പരിധിവരെ വികൃതികളെ ഇത്തരത്തിൽ ഒതുക്കാമെന്നും കൂടുതൽ പ്രശ്‌നക്കാരെ കണ്ടെത്തി ശിക്ഷ നടപടികൾ സ്വീകരിക്കാനും ഇതുപകരിക്കുമെന്ന് Adec ചൂണ്ടിക്കാട്ടി.

നേരത്തെ Adec 85 സ്‌കൂളുകളിലായി അയ്യായിരത്തോളം സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. മൂന്നാം സെമസ്റ്ററിൽ 40 സ്‌കൂളുകളിൽ ക്യാമറ സ്ഥാപിച്ച ശേഷം അബുദാബിയിലെ 125 സ്‌കൂളുകളിൽ കൂടി 7,500 ഓളം ക്യാമറകൾ  സ്ഥാപിക്കാൻ ഉദ്ദേശമുണ്ടെന്നും Adec അറിയിച്ചിട്ടുണ്ട്.