അബുദാബി: പൊതുസ്ഥലങ്ങളിലും റെസിഡൻഷ്യൽ മേഖലകളിലും ഉപേക്ഷിക്കപ്പെട്ട 2668 വാഹനങ്ങൾ അബുദാബി മുനിസിപ്പാലിറ്റി അധികൃതർ പിടിച്ചെടുത്തു. ഈ വർഷം ഓഗസ്റ്റ് വരെയുള്ള കാലയളവിൽ 3142 വാഹനങ്ങളാണ് ഉടമകൾ പൊതുസ്ഥലങ്ങളിൽ  ഉപേക്ഷിച്ചിട്ടുള്ളതെന്നാണ് മുനിസിപ്പാലിറ്റിയുടെ കണക്ക്. ഏറെ നേരം പൊതുസ്ഥലങ്ങളിൽ ഇടുന്നത് ഒഴിവാക്കണമെന്ന് ഇതുസംബന്ധിച്ച ബോധവത്ക്കരണത്തിനിടെ അധികൃതർ ഉദ്‌ബോധിപ്പിച്ചു.

ഉപേക്ഷിക്കപ്പെട്ട നിലയിൽ കാണുന്ന വാഹനങ്ങൾ നീക്കം ചെയ്യാൻ നേരത്തെ 14 ദിവസത്തെ സമയമാണ് അധികൃതർ അനുവദിച്ചിരുന്നത്. എന്നാൽ  ഈ പ്രവണത കൂടി വരുന്ന സാഹചര്യത്തിൽ വാഹനം പൊതുസ്ഥലങ്ങളിൽ നിന്നു നീക്കം ചെയ്യുന്നതിനുള്ള സമയം മൂന്നു ദിവസമായി ചുരുക്കിയിട്ടുണ്ട്. അബുദാബി എമിറേറ്റിന്റെ പ്രതിഛായ, സമാധാന അന്തരീക്ഷം തുടങ്ങിയവ സംരക്ഷിക്കുന്നതു സംബന്ധിച്ച നിയമപ്രകാരം, പൊടിപിടിച്ചുകിടക്കുന്ന വാഹനങ്ങൾ മൂന്നുദിവസത്തിനകം നീക്കം ചെയ്യാൻ ബന്ധപ്പെട്ട ഇൻസ്പക്ടർക്കു നിർദ്ദേശം നൽകും.

ട്രെയിലറുകൾ, ബോട്ടുകൾ തുടങ്ങിയവയ്‌ക്കെല്ലാം നിയമം ബാധകമാണ്. 3000 ദിർഹമാണ് പിഴ. എന്നാൽ കുറ്റക്കാരൻ ഹാജരായാൽ മുനിസിപ്പാലിറ്റി ശിക്ഷയിൽ ഇളവ് നൽകും. ഇത്തരത്തിൽ കുറ്റക്കാരൻ നേരിട്ടു ഹാജരായാൽ പിഴയിൽ 50 ശതമാനമായിരിക്കും ഇളവു നൽകുക.
അതേസമയം ഇതേ കുറ്റം തന്നെ ആവർത്തിച്ചാൽ പിഴ ഇരട്ടിയാക്കുമെന്നും മുന്നറിയിപ്പുണ്ട്. പൊതുസ്ഥലങ്ങൾ, പബ്ലിക് പാർക്കിങ്, ഭവന സമുച്ചയങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ വാഹനങ്ങൾ ഉപേക്ഷിക്കുന്നതു പരിഷ്‌കൃത സമൂഹത്തിനു ചേർന്നതല്ലെന്നും നഗരസൗന്ദര്യത്തിനു ക്ഷതമേൽപ്പിക്കുമെന്നും അധികൃതർ അറിയിച്ചു. ഇതുസംബന്ധിച്ച പ്രചാരണ പ്രവർത്തനങ്ങൾ തുടരുകയാണ്. സുരക്ഷ, മലിനീകരണം തടയൽ തുടങ്ങിയ ലക്ഷ്യങ്ങളും മുനിസിപ്പാലിറ്റിയുടെ പ്രചാരണ പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു.