- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെഞ്ഞാറമൂട് ഇരട്ടക്കൊലയ്ക്ക് പിന്നിൽ രാഷ്ട്രീയ വൈരാഗ്യം; പാർലമെന്റ് തെരഞ്ഞെടുപ്പിനെ തുടർന്ന് ഉടലെടുത്ത വിരോധവും കടുത്ത മുൻ വൈരാഗ്യവും കൊലപാതകത്തിലേക്ക് നയിച്ചു; ഗൂഢാലോചന നടന്നത് പുല്ലംപാറ മുത്തിക്കാവിലെ ഫാംഹൗസിൽ വെച്ച്; ഏപ്രിൽ നാലിന് ഡിവൈഎഫ്ഐ പ്രവർത്തകൻ ഷഹിനെതിരെയും ആക്രമണം ഉണ്ടായി; അറസ്റ്റിലായ നാല് പ്രതികളും കൊലയാളി സംഘത്തെ രക്ഷപെടുത്താനും വാഹനം ഏർപ്പെടുത്താനും സഹായിച്ചവർ; പ്രതികളുടെ റിമാൻഡ് റിപ്പോർട്ടിലെ വിവരങ്ങൾ ഇങ്ങനെ
തിരുവനന്തപുരം: വെഞ്ഞാറമൂട് ഡിവൈഎഫ്ഐ പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നതുകൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയമുണ്ടെന്ന് തന്നെ. കേസിൽ പ്രതികളായ നാല് പേരെയാണ് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. അജിത്, ഷജിത്, സതി, നജീബ് എന്നിവരാണ് റിമാൻഡിലായത്. കൃത്യത്തിൽ നേരിട്ട് പങ്കുള്ള പ്രതികളെ രക്ഷപ്പെടുത്താനും വാഹനമേർപ്പെടുത്താനുമടക്കം സഹായിച്ചവരാണ് ഇവർ. കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്തവരിൽ രണ്ട് പേരെ പിടുകൂടിയതായുള്ള വിവരവും പുറത്തുവരുന്നുണ്ട്.
നെടുമങ്ങാട് മജിസ്ട്രേറ്റിന് മുന്നിൽ ഓണലൈനായാണ് പ്രതികളെ ഹാജരാക്കിയത്. മറ്റുള്ളവരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. അതേ സമയം ഒരു സ്ത്രീയും കസ്റ്റഡിയലുണ്ടെന്നാണ് വിവരം. രണ്ട് പ്രതികൾക്ക് രക്ഷപ്പെടുത്താൻ സഹായം നൽകിയത് ഇവരാണെന്നാണ് വിവരം. എന്നാൽ ഇവരെ അറസ്റ്റ് ചെയ്യുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല. രാഷ്ട്രീയ വൈരാഗ്യം കൊലപാതകത്തിലേക്ക് നയിച്ചു എന്നാണ് ലഭിക്കുന്ന വിവരം.
പാർലമെന്റ് തെരഞ്ഞെടുപ്പിനെ തുടർന്ന് ഉടലെടുത്ത വിരോധവും കടത്ത മുൻ വൈരാഗ്യവുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് റിമാൻഡ് റിപ്പോർട്ടിലും വ്യക്തമാക്കുന്നത്. പുല്ലംപാറ മുത്തിക്കാവിലെ ഫാംഹൗസിൽ വച്ചാണ് കൊലപാതകത്തിനുള്ള ഗുഢാലോചന നടന്നത്. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ പ്രതികളും കൊല്ലപ്പെട്ടവരും തമ്മിൽ തേമ്പാമൂട് വച്ച് സംഘർഷമുണ്ടായി. ഡിവൈഎഫ്ഐ പ്രവർത്തകൻ ഷഹിനെ ഏപ്രിൽ നാലിന് പ്രതികൾ ആക്രമിച്ചു. ഇരട്ടക്കൊലപാതകക്കേസിലെ പ്രതികളായ സജീവ്, അജിത്ത്, ഷജിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആക്രമണമുണ്ടായത്.
പിന്നീട് മെയ് 25ന് ഡിവൈഎഫ്ഐ പ്രവർത്തകൻ ഫൈസലിന് നേരെയും ആക്രമണമുണ്ടായി. ഈ കേസിൽ അറസ്റ്റ് ചെയ്തതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് റിമാൻഡ് റിപ്പോട്ടിലുള്ളത്. ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികളും കണ്ടാലറിയാവുന്ന ചിലരും ഗൂഢാലോചനയുടെ ഭാഗമായെന്നും റിപ്പോർട്ടിൽ വ്യക്തമാണ്. കോൺഗ്രസ് പ്രവർത്തകരായ സജീവും അൻസാറുമാണ് ഒന്നും രണ്ടും പ്രതികൾ. മിഥിലാജിനെയും ഹഖ് മുഹമ്മദിനെയും വെട്ടിയത് സജീവും സനലുമെന്നും പൊലീസ് എഫ്ഐആറിൽ വ്യക്തമാക്കി. കേസിൽ പ്രധാന പ്രതികളായ സജീവിനേയും സനലിനേയും പൊലീസ് പിടികൂടിയിട്ടുണ്ട്. സിപിഎം കലിങ്ങിൻ മുഖം ബ്രാഞ്ച് അംഗം ഹക്ക് മുഹമ്മദും (26) ഡിവൈഎഫ്ഐ തേവലക്കാട് യൂണിറ്റ് സെക്രട്ടറി മിഥിലാജുമാണ് (31) ക്രൂരമായി കൊല്ലപ്പെട്ടത്.
തിരുവോണത്തലേന്ന് അർധരാത്രിയിൽ തിരുവനന്തപുരം തേമ്പാംമൂട് വച്ചാണ് രണ്ടു ഡിവൈഎഫ്ഐ പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയത്. ഇരുചക്രവാഹനങ്ങളിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഹക്ക് മുഹമ്മദ് , മിഥിലാജ് എന്നിവരെ കൊന്നത് കോൺഗ്രസ് പ്രവർത്തകരാണെന്ന് സിപിഎം ആരോപിച്ചിരുന്നു. കൊലപാതകം ആസൂത്രിതമെന്ന് ഉറപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തായിരുന്നു. ഇതിന് ശേഷമാണ് കോൺഗ്രസ് പ്രവർത്തകർ ഉൾപ്പടെ പിടിയിലായത്.
ബൈക്കിൽ വരികയായിരുന്ന ഇരുവരെയും അക്രമിസംഘം കൈയടിച്ച് വിളിച്ചു. ആരെന്ന് നോക്കാൻ തിരികെ വന്ന യുവാക്കളെ വെട്ടിയും കുത്തിയും കൊലപ്പെടുത്തി. ഇടത്തെ നെഞ്ചിൽ ആഴത്തിൽ കുത്തേറ്റ മിഥിലാജ് റോഡിൽ തന്നെ മരിച്ചു. ദേഹമാകെ ആഴത്തിൽ മുറിവേറ്റ ഹക്ക് മരിച്ചത് വെഞ്ഞാറാമൂട്ടിലെ സ്വകാര്യാശുപത്രിയിലായിരുന്നു. കരുതിക്കൂട്ടിയുള്ള ആക്രമമണാണ് നടന്നെതന്നും ഉന്നതലത്തിലുള്ള ഗൂഢാലോചനയാണ് നടന്നതെന്നും പൊലീസും പറയുന്നു. ഹക്കിനെയാണ് ആക്രമികൾ ലക്ഷ്യമിട്ടതെന്നാണ് സൂചന. കൊലപാതകത്തിന് പദ്ധതിയിട്ടവർ സമീപത്തെ ഒരു സിസിടിവി തിരിച്ചുവച്ചിരുന്നെങ്കിലും മറ്റൊരു സിസിടിവിയിൽ ദൃശ്യങ്ങൾ പതിയുകയായിരുന്നു. ഇതും അന്വേഷണത്തിൽ നിർണ്ണായകമായി.
ആക്രമികളിൽ നിന്ന രക്ഷപെട്ട എസ്എഫ്ഐ പ്രവർത്തകൻ ഷഹിന്റെ മൊഴിയും മുഖ്യപ്രതികളെ മണിക്കൂറുകൾക്കകം പൊലീസിന്റെ വലയിലാക്കി. ഒളിച്ചിരുന്ന വീട്ടിൽ നിന്ന് നാടകീയമായാണ് ആസുത്രകനെന്ന് പൊലീസ് സംശയിക്കുന്ന കോൺഗ്രസ് പ്രവർത്തകൻ ഷിജിത്ത് പിടിയിലായത്. ഷിജിത്തിനെ ആക്രമിക്കാൻ ഡിവൈഎഫ്ഐക്കാർ വളഞ്ഞതോടെ പാടുപെട്ടാണ് പൊലീസ് ജീപ്പിലെത്തിച്ചത്. മുഖ്യപ്രതി സജീവ് രണ്ടാം പ്രതി അൻസാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. കേസിലെ പരാതിക്കാരനായ ഷെഹീലിനെ സജീവ് ചീത്ത വിളിച്ച ശേഷമാണ് ഷെഹീലിന്റെ
സുഹൃത്തുക്കളായ ഹഖിനെയും മിഥുലജിനെയും പ്രതികൾ ആക്രമിച്ചതെന്നും എഫ്ഐആറിൽ പറയുന്നു. ഒരു വാളും കത്തിയും സംഭവ സ്ഥലത്ത് ഉപേക്ഷിച്ചാണ് അക്രമികൾ കടന്നുകളഞ്ഞത്. മുഖ്യപ്രതികളെന്ന് കരുതുന്ന സജീവ്, സനൽ മറ്റ് പ്രതികളായ ഷജിത്ത്, അൻസാർ, സതി എന്നിവരുൾപ്പെടെ എട്ട് പേർ പൊലീസ് പിടിയിലായിട്ടുണ്ട്. സജീവിനും സനലിനും സംഭവത്തിൽ നേരിട്ട് പങ്കുണ്ടെന്നാണ് പൊലീസ് വിലയിരുത്തൽ. പ്രാദേശിക ഐഎൻടിയുസി പ്രവർത്തകനായ ഉണ്ണിയെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഉണ്ണിയും അറസ്റ്റിലായിട്ടുണ്ട്. പ്രതികളെ രക്ഷപ്പെടാനും കൊലപാതകത്തിന്റെ ആസൂത്രണത്തിലും ഉണ്ണിക്കും സഹോദരൻ സനലിനും പങ്കുണ്ടെന്ന വിലയിരുത്തലിലാണ് പൊലീസ്.
മറുനാടന് മലയാളി ബ്യൂറോ