ന്യൂഡൽഹി: ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിക്കേസുകളിൽ ഒന്നായ ടു ജി സ്പെക്ട്രം കേസിൽ മുൻ കേന്ദ്രമന്ത്രിമാരും ഡിഎംകെ നേതാക്കളുമായ എ രാജയും കനിമൊഴിയും ഉൾപ്പെടെയുള്ളവരെ വെറുതെവിട്ടു. തെളിവുകൾ മുന്നോട്ട വെയ്ക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് കോടതി കണ്ടെത്തി. ഡൽഹിയിലെ സിബിഐ പ്രത്യേക കോടതി ജഡ്ജി ഒ.പി. സെയ്നിയാണ് വിധി പുറപ്പെടുവിച്ചത്. രാവിലെ പത്തുമണിയോടെ നടന്ന കോടതി നടപടികളിൽ ഒറ്റവരി പ്രസ്താവ്യം മാത്രമാണ് കോടതി നടത്തിയത്.

എ.രാജ, ഡിഎംകെ എംപി. കനിമൊഴി തുടങ്ങിയവരും റിലയൻസ് ഉൾപ്പെടെയുള്ള വൻകിട സ്വകാര്യ ടെലികോം കമ്പനികളും ഉൾപ്പെടെ 14 പേരായിരുന്നു പ്രതിപ്പട്ടികയിൽ ഉണ്ടായിരുന്നത്. ഇവർ കുറ്റക്കാരാണെന്ന് കണ്ടെത്തുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടതായി കോടതി കണ്ടെത്തി. വിധി പുറത്തു വന്നതോടെ ഡിഎംകെ ആഹ്ലാദ പ്രകടനം തുടങ്ങി. ഡൽഹിയിലെ കോടതിക്ക് പുറത്തും ആഘോഷങ്ങൾ നടന്നു. തമിഴ്‌നാട്ടിൽ എങ്ങും ആഗോഷമാണ്.

യുഎസിലെ വാട്ടർഗേറ്റിന് ശേഷം ലോകം കണ്ട ഏറ്റവും വലിയ അഴിമതിക്കേസെന്ന് ടൈം മാഗസിൻ വിശേഷിപ്പിച്ച കേസിൽ ഡൽഹിയിലെ സിബിഐ പ്രത്യേക കോടതി ജഡ്ജി ഒ.പി. സെയ്നിയാണ് വിധി പറഞ്ഞത്. മുൻ കേന്ദ്ര വാർത്താവിതരണമന്ത്രി എ.രാജ, ഡിഎംകെ എംപി. കനിമൊഴി തുടങ്ങിയവരും റിലയൻസ് ഉൾപ്പെടെയുള്ള വൻകിട സ്വകാര്യ ടെലികോം കമ്പനികളുമായിരുന്നു പ്രതിപ്പട്ടികയിൽ. ഇവരെ എല്ലാം പുറത്തുവിട്ടു. മുൻ കേന്ദ്രമന്ത്രി എ.രാജ, ഡിഎംകെ അദ്ധ്യക്ഷൻ എം കരുണാനിധിയുടെ ഭാര്യ ദയാലു അമ്മാൾ, മകൾ കനിമൊഴി എന്നിവരാണ് വിചാരണ നേരിട്ടത്. ഇവരെയെല്ലാം കോടതി കുറ്റ വിമുക്തരാക്കുമ്പോൾ ഡിഎംകെയ്ക്ക് പുതിയ ഊർജ്ജമാകും.

മന്മോഹൻസിങ് പ്രധാനമന്ത്രിയായിരുന്ന 2011 ൽ പുറത്തുവന്ന അഴിമതിക്കേസാണ് യുപിഎയ്ക്ക് ഭരണം പോലും നഷ്ടമാക്കിയത്. തമിഴ്‌നാട്ടിൽ ഡിഎംകെയ്ക്കും വമ്പൻ പ്രതിസന്ധിയായി. കൂട്ടുകക്ഷി ഭരണത്തിന്റെ സമ്മർദ്ദം എന്നാണ് 2011-ൽ പ്രധാനമന്ത്രി മന്മോഹൻസിങ് അഴിമതി തടയാനാകാത്ത സ്ഥിതിയെ ന്യായീകരിച്ചത്. സംയുക്തപാർലമെന്ററി സമിതി രൂപീകരിച്ച് അന്വേഷിക്കുകയും ചെയ്തു. ഡിഎംകെ നേതാക്കളാണ് പ്രതികളെങ്കിലും ഇന്നും കോൺഗ്രസിനെതിരെയുള്ള ബിജെപിയുടെ ഏറ്റവും വലിയ ആയുധമാണ് ഈ അഴിമതികേസ്.

2009-ൽ വീണ്ടും അധികാരത്തിലെത്തിയ മന്മോഹൻസിങ് സർക്കാർ രണ്ടുവർഷത്തിനുള്ളിൽ വൻജനരോഷം നേരിട്ടു. പാർലമെന്റ് തുടർച്ചയായി തടസ്സപ്പെടുന്ന സാഹചര്യവും ഉണ്ടായി. നരേന്ദ്ര മോദിക്ക് 2014-ൽ അധികാരത്തിലെത്താനുള്ള വഴിയാണ് സ്‌പെക്ട്രം അഴിമതി പകർന്നത്. അണ്ണാ ഹസാരെയും അരവിന്ദ് കെജ്രിവാളും നയിച്ച അഴിമതി വിരുദ്ധ പ്രക്ഷോഭത്തിന് വൻ ജനപിന്തുണ കിട്ടി. ആം ആദ്മി പാർട്ടിയുടെ പിറവിക്കും ഈ പ്രക്ഷോഭം വഴിവച്ചു.

2011 നവംബർ 11 ന് ആരംഭിച്ച വിചാരണ 2017 ഏപ്രിൽ 19 നായിരുന്നു പൂർത്തിയായത്. 1.76 കോടിയുടെ ക്രമക്കേടാണ് സിഎജി കണ്ടെത്തിയത്. 122 2 ജി സ്പെക്ട്രം ലൈസൻസുകൾ അനുവദിച്ചതിൽ 30,988 കോടി രൂപയുടെ നഷ്ടം ഖജനാവിനുണ്ടാക്കിയെന്നാണ് സിബിഐ കേസ്. ഈ കേസിലാണ് സിബിഐയ്ക്ക് തിരിച്ചടി നൽകി കോടതിയുടെ വിധിയെത്തിയത്.