ഓക്ക്‌ലാൻഡ്: ഇരുപത്തൊന്നുകാരനെ കാറിനുള്ളിൽ കെട്ടിയിട്ട് ജീവനോടെ കത്തിച്ച സംഭവത്തിൽ ഇന്ത്യൻ വംശജരായ രണ്ടുപേർ കുറ്റക്കാരാണെന്ന് ന്യൂസിലാൻഡ് കോടതി കണ്ടെത്തി. 2013 ജനുവരി 31ന് സൗത്ത് ഓക്ക്‌ലാൻഡ് റോഡിലെ വിജനപ്രദേശത്ത് ഷാൽവിൻ പ്രസാദ് എന്ന യുവാവിന്റെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയ കേസിലാണ്  ഷിവ്‌നീൽ കുമാർ (20), ബ്രൈൻ പെരുമാൾ (22) എന്നിവർ കുറ്റക്കാരാണെന്ന് കോടതി വിധിച്ചത്.

ജനുവരി 30ന് മനുക്കോ ബാങ്കിൽ നിന്ന് 30,050 ന്യൂസിലാൻഡ് ഡോളർ പിൻവലിച്ച ഷാൽവിൻ അടുത്ത ദിവസം ഷിവ്‌നീൽ കുമാറിനെയും ബ്രൈൻ പെരുമാളിനെയും സൗത്ത് ഓക്ക്‌ലാൻഡിൽ വച്ച് കണ്ടുമുട്ടുകയും ചെയ്തുവെന്നാണ് കോടതി വ്യക്തമാക്കുന്നത്. പിന്നീട് മൂവരും ചേർന്ന് കുമാർ ഓടിച്ച കാറിൽ വിജനമായ പ്രദേശത്തേക്ക് പോകുകയും അവിടെ വച്ച് ഷാൽവിൻ പ്രസാദിനെ കാറിൽ ബന്ധിച്ച് ജീവനോടെ കത്തിക്കുകയുമായിരുന്നുവെന്നാണ് പറയുന്നത്. ഷാൽവിൻ പ്രസാദിൽ നിന്നു കൈക്കലാക്കിയ പണം ഉപയോഗിച്ച് കുമാർ ഏറെ കടങ്ങൾ വീട്ടുകയും ഫെബ്രുവരി രണ്ടിന് ഇരുവരും ചേർന്ന് ഷോപ്പിങ് നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്.

യുവാവിനെ കത്തിച്ചതിന്റെ പിറ്റേന്ന് അതുവഴി നായയുമായി നടക്കാനിറങ്ങിയ ഒരു സ്ത്രീയാണ് കത്തിക്കരിഞ്ഞ മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തുന്നത്. പിന്നീട് നടത്തിയ അന്വേഷണത്തിൽ കുമാറിനെയും പെരുമാളേയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. കേസിൽ കുറ്റക്കാരാണെന്ന് തെളിഞ്ഞതിനെ തുടർന്ന് ഇരുവർക്കും ജീവപര്യന്തം തടവ് ലഭിക്കാനാണ് സാധ്യത. പത്തുവർഷത്തേക്ക് പരോൾ അനുവദിക്കാത്ത തരത്തിലായിരിക്കും ജീവപര്യന്തം ശിക്ഷ വിധിക്കുകയെന്നും വിലയിരുത്തുന്നു. വരും ദിവസങ്ങളിൽ ശിക്ഷ വിധിക്കുമെന്നാണ് കരുതുന്നത്.