മനാമ: സിത്ര ജെട്ടിയിൽ നിന്ന് പെട്രോൾ നിറക്കുന്നതിനിടെ ബോട്ടിന്റെ ടാങ്ക് പൊട്ടിത്തെറിച്ച് ബോട്ടിലെ രണ്ട് ഇന്ത്യക്കാരായ ജീവനക്കാർക്ക് ഗുരുതര പരിക്കേറ്റു. ക്യാപ്റ്റൻ മുനിയസാമി മുത്തുസാമി (55), സഹ ക്യാപ്റ്റൻ സതീഷ് കുമാർ ദാസ് കുമാർ (34) എന്നിവർക്കാണ് പരിക്കേറ്റത്.

ദാനത് അൽ ഖലീഫ് ടൂറിസം ആൻഡ് ട്രാവൽ സർവീസസിനുവേണ്ടി വേണ്ടി ജോലി ചെയ്യുന്നവരാണ് ഇവർ. ന്യൂ ഈസ്റ്റ് സിത്ര ടൗണിൽ കടൽ നികത്തൽ പ്രവൃത്തി നടത്തുന്ന കമ്പനിയുടെ ജോലിയുമായി ബന്ധപ്പെട്ടാണ് ഇവർ പ്രവർത്തിക്കുന്നത്.

പരിക്കേറ്റ രണ്ടുപേരെയും സൽമാനിയ മെഡിക്കൽ കോംപ്‌ളക്‌സിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. കടൽ നികത്തൽ ജോലി ചെയ്യുന്ന കമ്പനി ജീവനക്കാരെ ഇറക്കിയശേഷം സിത്ര ജെട്ടിയിൽ ഇന്ധനം നിറക്കാൻ എത്തിയതായിരുന്നു ഇവർ. കനത്ത ചൂടുമൂലമാണ് ടാങ്കിന് തീപിടിച്ചതെന്ന് കരുതുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങി. പൊട്ടിത്തെറിയിൽ ബോട്ട് ഭാഗികമായി നശിച്ചു.