ലയാളി സമൂഹത്തിന് നടുക്കം തീർത്ത് ഇന്നലെ രാജ്യത്തെ വ്യത്യസ്ത സ്ഥലങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ രണ്ട് മലയാളികൾ മരിച്ചു.ആദമിലും ഇബ്രിയി ലുമുണ്ടായ വാഹനാപകടങ്ങളിലായി കോഴിക്കോട് കാസർഗോഡ് സ്വദേശികളാണ് മരിച്ചത്.കോഴിക്കോട് നടുവണ്ണൂർ പുനത്തിൽ നൗഫൽ (31), കാസർകോട് നീലേശ്വരം സ്വദേശി ബാബുരാജ് (39) എന്നിവരാണ് മരിച്ചവർ.

ദാഖിലിയ പ്രവശ്യയിലെ ആദമിൽ ട്രക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് നൗഫൽ മരിച്ചത്. നൗഫൽ ഓടിച്ചിരുന്ന ട്രക്ക് കാറിലും പിന്നീട് മറ്റൊരു ട്രക്കിലും ഇടിച്ച് തീപിടിക്കുകയായിരുന്നു. രണ്ടുവരിപ്പാതയായ ഇവിടെ അപകടങ്ങൾ പതിവാണ്. സലാലയിൽ നിന്നു മസ്‌കറ്റിലേക്കു സാധനങ്ങൾ എത്തിക്കുന്ന ജോലിയാണ് നൗഫലിന്റേത്. മൃതദേഹം നാട്ടിൽകൊണ്ടുപോകാൻ നടപടികൾ പുരോഗമിക്കുകയാണെന്ന് സാമൂഹിക പ്രവർത്തകർ പറഞ്ഞു.

നാട്ടിൽ നിന്നു മടങ്ങി വരവെ ഇബ്രിയിലുമുണ്ടായ അപകടത്തിലാണ് ബാബുരാജ് മരിച്ചത്. ഇബ്രി കോളേജ് ഓഫ് ടെക്‌നോളജിക്കു സമീപമായിരുന്നു അപകടം. ഇബ്രി ബിദിയ ഘോഡിൽ ഇദ്രീസിൽ ലോൺട്രി കട നടത്തുന്ന ബാബുരാജ് ഒന്നരമാസം മുൻപാണു നാട്ടിൽ അവധിക്കുപോയത്. തിരികെയെത്തി താമസസ്ഥലത്തേക്കു പോകുമ്പോഴായിരുന്നു അപകടം.

ബാബുരാജ് സഞ്ചരിച്ചിരുന്ന ടാക്‌സി ഓടിച്ചിരുന്ന ഒമാൻ സ്വദേശിയും കൂടെയുണ്ടായിരുന്ന ബംഗ്ലാദേശ് സ്വദേശിയും അപകടത്തിൽ മരിച്ചു.