ബഹ്‌റിനെ മലയാളി സമൂഹത്തെ തേടി ഇന്നലെ രണ്ട് വാർത്തകളാണ് എത്തിയത്. താമസ സ്ഥാലത്ത് അബോധാവസ്ഥയിൽ കണ്ടതിനെ തുടർന്നു ചികിൽസയിലായിരുന്ന അടൂർ സ്വദേശി റഹ്മത്തുല്ല ഖാന്റെ മരണവും പുനലൂർ സ്വദേശി വി കെ ഹാഷിം ഹൃദയാഘതം മൂലം മരിച്ച വാർത്തയുമാണിത്. രണ്ട് മലയാളികളുടെയും മരണവാർത്തയുടെ നടുക്കത്തിലാണ് മലയാളി സമൂഹം.

അടൂർ കണ്ണങ്കോട്ട് തുണ്ടത്തിൽ പരേതനായ സെയ്ദ് മുഹമ്മദ് ബാവ റാവുത്തർ റുഖുമ്മ ദമ്പതികളുടെ മകൻ റഹ്മത്തുല്ല ഖാൻ(51) ആണു ചികിത്സയിലിരിക്കെ മരിച്ചത്.

ലിമോസിന എന്ന ടൂറിസ്റ്റ് സർവീസ് കമ്പനിയിൽ മൂന്നു വർഷമായി ഡ്രൈവറായിരുന്നു റഹ്മത്തുല്ല. ലീവ് കഴിഞ്ഞ് ജനുവരി 14 നാണു ഇദ്ദേഹം നാട്ടിൽ നിന്ന് എത്തിയത്. കമ്പനി താമസസ്ഥലത്ത് ബോധ രഹിതനായി കിടക്കുന്ന നിലയിൽ കണ്ടതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മസ്തിഷ്‌കാഘാതമാണെന്നാണ് നിഗമനം.

കെ.എം.സി.സി ബഹ്‌റിൻ സൗത്ത് സോൺ വൈസ് പ്രസിഡന്റ് ഫിറോസ് പന്തളത്തിന്റെ സഹോദരി ഭർത്താവാണ്. തനൂജയാണു ഭാര്യ. രേഷ്മാഖാൻ, റിയാസ് ഖാൻ, റമീസ് ഖാൻ എന്നിവർ മക്കളാണ്.മൃതദേഹം നാട്ടിലേക്കു കൊണ്ടു പോകുന്നതിന് കമ്പനി അധികൃതരും കെ.എം.സി.സി പ്രവർത്തരും ശ്രമം നടത്തുന്നു.

പുനലൂർ സ്വദേശി വാഴമൺ പുത്തൻ വീട് കുഞ്ഞുമുഹമ്മദിന്റെ മകൻ വി കെ ഹാഷിം (47) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. സിത്രയിലെ താമസ സ്ഥലത്ത് ഇന്നലെ രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്ന ഹാഷിമിന് കലശലായ നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ബന്ധുക്കൾ ഉടൻ തന്നെആംബുലൻസ് വിളിച്ചു വരുത്തുകയും, ഡോക്ടർമാർ എത്തി ഇഞ്ചക്ഷൻ എടുക്കുകയും ചെയ്‌തെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

അൽ മാനായി ഇന്റർനാഷണൽ കമ്പനിയിൽ വർക്ക് സൂപ്പർ വൈസറായി ജോലി നോക്കുകയായിരുന്നു ഹാഷിം. ഇന്ത്യൻ സ്‌കൂൾ റിഫ ക്യാമ്പസ് അദ്ധ്യാപികയായ സംസം ടീച്ചറാണ് ഭാര്യ. ഹയാസ് (15),ഹിജാസ് (13) ഹസിക്ക (6) എന്നിവർ മക്കളാണ്. മൂത്ത രണ്ട് കുട്ടികളും നാട്ടിലാണുള്ളത്. ഇളയ കുട്ടി ഇന്ത്യൻ സ്‌കൂളിൽ ഒന്നാം ക്ലാസിൽ പഠിക്കുന്നു.