മുംബൈ: കുട്ടിക്കുരങ്ങിനെ കൊലപ്പെടുത്തിയതിന് പ്രതികാരമായി 250-ഓളം നായ്ക്കുട്ടികളെ എറിഞ്ഞു കൊലപ്പെടുത്തിയ 'പരമ്പര കൊലയാളി'കളായ രണ്ടു കുരങ്ങന്മാർ പിടിയിലായതായി മഹാരാഷ്ട്ര വനംവകുപ്പ്. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ ലാവൂൾ എന്ന ഗ്രാമത്തിലാണ് സംഭവം.

നായ്ക്കുട്ടികളെ കുരങ്ങന്മാർ എറിഞ്ഞ് കൊന്നതായുള്ള വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ആശ്ചര്യമുളവാക്കുന്ന ഈ സംഭവത്തിലെ 'പരമ്പര കൊലയാളി'കളായ രണ്ടു കുരങ്ങന്മാരെയാണ് വനംവകുപ്പ് പിടികൂടി 'നാടുകടത്തി'യത്.

നായകളെ എറിഞ്ഞു കൊന്ന സംഭവത്തിൽ ഉൾപ്പെട്ട രണ്ട് കുരങ്ങന്മാരെ പിടികൂടിയതായി ബീഡ് ജില്ലയിലെ വനംവകുപ്പ് ഉദ്യോഗസ്ഥൻ സച്ചിൻ ഖന്ദ് പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. കുരങ്ങന്മാരെ വനത്തിൽ കൊണ്ടുപോയി വിടുന്നതിനായി നാഗ്പൂരിലേക്ക് മാറ്റിയതായാണ് റിപ്പോർട്ടിൽ പറയുന്നത്.

കുരങ്ങിന്റെ കുഞ്ഞിനെ നായകൾ കൂട്ടംചേർന്ന് കൊലപ്പെടുത്തിയതിന് പിന്നാലെയാണ് കുരങ്ങന്മാരുടെ പ്രതികാരക്കൊലകൾ ആരംഭിച്ചതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. നായക്കുട്ടികളെയും നായകളെയും ഉൾപ്പെടെ 250 എണ്ണത്തെയാണ് ഇങ്ങനെ കൊന്നൊടുക്കിയത്. ലാവൽ, മജൽഗാവ് ഗ്രാമങ്ങളിലാണ് ഈ വിചിത്ര സംഭവം ഉണ്ടായത്.

കുട്ടിക്കുരങ്ങിനെ കൊലപ്പെടുത്തിയ അന്നുമുതൽ കുരങ്ങന്മാർ നായകളെ നോട്ടമിട്ടു. നായകളെ പിടികൂടി വലിച്ചിഴച്ച് വലിയ കെട്ടിടങ്ങളുടെ മുകളിലേക്ക് കൊണ്ടുപോയി അവിടെനിന്ന് താഴേക്ക് വലിച്ചെറിയുകയാണ് ചെയ്തിരുന്നത്. ഒരുകൂട്ടം കുരങ്ങുകളാണ് ഈ പ്രതികാരനടപടിക്ക് പിന്നിൽ.

പ്രദേശത്ത് ഒരു നായപോലും ബാക്കിയില്ലാതായപ്പോൾ നാട്ടുകാർ വനംവകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. നായകളും കുട്ടികളുമടക്കം ഇരുനൂറ്റമ്പതോളം എണ്ണത്തിനെ ഒരു മാസത്തിനിടെ കുരങ്ങന്മാർ എറിഞ്ഞുകൊന്നുവെന്നാണ് ഗ്രാമീണർ പറയുന്നത്.

നായ്ക്കുട്ടികളെ ആക്രമിച്ചതിന് പിന്നാലെ സ്‌കൂളിൽ പോകുന്ന കുട്ടികൾക്ക് നേരെയും കുരങ്ങന്മാർ ആക്രമണം തുടങ്ങിയതോടെയാണ് ഗ്രാമീണർ അധികൃതരെ വിവരമറിയിച്ചത്. ഗ്രാമീണർ കുരങ്ങന്മാരുടെ ആക്രമണത്തിൽ നിന്ന് നായകളെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. നായ്ക്കളുടെയും കുരങ്ങന്മാരുടെയും പ്രതികാര സംഭവം സോഷ്യൽമീഡിയയിൽ വൈറലാണ്.