റാറ്റിൽവെ ലോംഗ്വാനെ എന്ന രണ്ടു വയസ്സുകാരൻ ദക്ഷിണാഫ്രിക്കൻ ബാലൻ വാക്കുകൾ കൂട്ടിപ്പറയാൻ പഠിച്ചു വരുന്നതെ ഉള്ളൂ. എങ്കിലും ഒരു മ്യൂസിക് ഡെക്ക് കൈകാര്യം ചെയ്യാനും ലാപ്‌ടോപ് തുറന്ന് അതിൽ നിന്നും പാട്ടുകൾ തെരഞ്ഞെടുക്കാനും കഴിവുള്ള ഈ ബാലൻ ഇപ്പോൾ ദക്ഷിണാഫ്രിക്കയിൽ വലിയ സംഭവമായിരിക്കുകയാണ്. ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ഡീജെ ആയി എജെ എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങിയ ഒറാറ്റിൽവെയ്ക്ക് ആയിരക്കണക്കിന് ഫാൻസും ഉണ്ട്. ഈ അപൂർവ്വ കഴിവുകൾ പ്രകടിപ്പിക്കുന്ന ബാലന് ഇപ്പോൾ മ്യൂസിക് പരിപാടികൾ കൊണ്ടും സ്‌പോൺസർഷിപ്പ് ഡീലുകൾ കൊണ്ടും തിരക്കോട് തിരക്കാണ്.

സ്വന്തം നാടായ ജോഹന്നസ്ബർഗിലെ ഒരു ഷോപ്പിങ് മാളിൽ ഈയിടെ സംഘടിപ്പിച്ച ഡീജെ പാർട്ടിക്ക് ആയിരക്കണക്കിനാളുകളാണ് എത്തിയത്. ജനിക്കുന്നതിനു മുമ്പു തന്നെ അച്ഛൻ ഒരു ഐപാഡ് വാങ്ങാനെടുത്ത തീരുമാനമാണ് ഒറാറ്റിൽവെയുടെ അനുഗ്രഹമായി മാറിയതെന്ന് അമ്മ റഫേലിയോ മറുമോ പറയുന്നു. ജിംനാസ്റ്റിക്‌സ് കോച്ചായ അച്ഛൻ ഗ്ലെൻ ലോംഗ്വാനെ ഡീജെ ആകാൻ കൊതിച്ചു നടക്കുന്നയാളാണ്. മകനു വേണ്ടി വാങ്ങിയ ഐപാഡിൽ എഡ്യുക്കേഷണൽ ആപ്പുകൾ ഡൗൺലോഡ് ചെയ്ത് മകന് പഠന സഹായി ആയി ഉപയോഗിക്കാമെന്ന കണക്കു കൂട്ടലിലായിരുന്നു ഗ്ലെൻ. എന്നാൽ കൂട്ടത്തിൽ തനിക്കായി ഒരു ഡീജെ ആപ്പും ഡൗലോഡ് ചെയ്തു. ഇതാണ് പിന്നീട് ഒറാറ്റിൽവെയുടെ തലവര മാറ്റിയത്.

ഒന്നാം വയസ്സിൽ തന്നെ ഐപാഡ് ഉപയോഗിക്കുന്നത് ബാലൻ പഠിച്ചെടുത്തു. അച്ഛന്റെ ഡീജെ ആപ്പ് തുറന്നു കളിക്കാനും തുടങ്ങി. ഈ ആപ്പ് സ്ഥിരമായി ബാലൻ കളിച്ചിരുന്നെങ്കിലും യഥാർത്ഥ ഡിജെ ഉപകരണം കയ്യിൽ കിട്ടിയപ്പോഴാണ് ഏവരേയും ബാലൻ അമ്പരിപ്പിച്ചത്. സൗണ്ട് എഫക്ടുകൾ ശരിയായി കൈകാര്യം ചെയ്തും പാട്ടുകൾ മാറ്റിയും ബാലൻ യഥാർത്ഥ ഡീജെ സെറ്റപ്പിൽ മികച്ച പ്രകടനം നടത്തി. ഈ പ്രകടനത്തിന്റെ ഒരു മൊബൈൽ വീഡിയോ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തതോടെയാണ് ബാലൻ താരമായി മാറിയത്. ഇന്ന് എജെ എന്നറിയപ്പെടുന്ന കൊച്ചു ഡീജെ ആയ ഒറാറ്റിൽവെയ്ക്ക് കാൽ ലക്ഷം ഫാൻസാണ് ഫേസ്‌ബുക്കിലുള്ളത്.

അതിനിടെ കൊച്ചു ബാലനെ ചൂഷണം ചെയ്യുകയാണെന്ന തരത്തിലുള്ള ആരോപണവും മാതാപിതാക്കൾക്കെതിരെ വിവിധ കോണുകളിൽ നിന്ന് ഉയർന്നു കഴിഞ്ഞു. എന്നാൽ മകനെ ഒരിക്കലും ചൂണഷം ചെയ്യില്ലെന്നാണ് പിതാവ് ഗ്ലെൻ പറയുന്നത്. ക്ലബുകളിലോ പാർട്ടികളിലോ മകനെ കൊണ്ട് പരിപാടി നടത്തില്ലെന്നും അദ്ദേഹം പറഞ്ഞു. ഭാവിയിൽ മകനെ ഒരു ഡീജെ ആക്കി മാറ്റുമെന്ന നിർബന്ധവും മാതാപിതാക്കൾക്കില്ലെങ്കിലും സംഗീതോപകരണങ്ങളോടുള്ള അവന്റെ ഇഷ്ടം അവന് സ്വയം വഴി കണ്ടെത്താൻ സഹായകമാകുമെന്നാണ് അവരുടെ കണക്കുകൂട്ടൽ.