ഡബ്ലിൻ: ത്രീ മൊബൈൽ കമ്പനി നിരക്ക് വർധിപ്പിക്കുന്നതോടെ ആയിരക്കണക്കിന് ഉപയോക്താക്കൾക്ക് വൻ നഷ്ടത്തിന് ഇടയാക്കും. ജൂൺ മുതൽ ക്ലാസിക് ഫ്‌ലെക്‌സ് മാക്‌സ് സിം ഓൺലി പ്ലാനിന് മാസം 5 യൂറോ അധികം ഈടാക്കുമെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്.
പുതിയ പരിഷ്‌ക്കാരം കമ്പനിക്ക് വർഷം 1.2 മില്യൺ യൂറോയുടെ അധികവരുമാനം നേടിക്കൊടുക്കുമെങ്കിലും 20,000-ത്തോളം ഉപയോക്താക്കളെ ഇത് ബാധിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. ത്രീക്ക് ഉള്ള രണ്ടു മില്യൺ കസ്റ്റമേഴ്‌സിൽ ഒരു ശതമാനം പേരെയാണ് ഈ നിരക്ക് വർധന ബാധിക്കുക.

ഇത്തരത്തിൽ ത്രീ നിരക്ക് വർധന നടപ്പാക്കുന്നുണ്ടെങ്കിലും നിലവിൽ ലഭ്യമായ മെച്ചപ്പെട്ട പ്ലാനുകളിൽ ഒന്നാണ് ഇതെന്ന് കമ്പനി വക്താവ് ചൂണ്ടിക്കാട്ടുന്നു. അടുത്തകാലത്ത് ത്രീ മറ്റൊരു മൊബൈൽ നെറ്റ് വർക്കായ ഒ2 ഏറ്റെടുത്തതോടെ രാജ്യത്ത് മൊബൈൽ ബില്ലുകൾ വർധിക്കുന്ന അവസ്ഥയാണ് നേരിടുന്നതെന്ന് കൺസ്യൂമേഴ്‌സ് അസോസിയേഷൻ ഓഫ് അയർലണ്ട് പോളിസി ആൻഡ് കൗൺസിൽ അഡൈ്വസർ ഡെർമോട്ട് ജൂവൽ ചൂണ്ടിക്കാട്ടി.

850 മില്യൺ യൂറോ വില നൽകിയാണ് ത്രീ ഒ2 വാങ്ങിയത്. വോഡഫോൺ കഴിഞ്ഞാൽ രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ മൊബൈൽ  ഓപ്പറേറ്ററാണ് ത്രീ ഇപ്പോൾ. ഒ2വിന്റെ നിലവിലുണ്ടായിരുന്ന 1.5 മില്യൺ ഉപയോക്താക്കളും ത്രീക്ക് സ്വന്തമായിരിക്കുകയാണിപ്പോൾ.