- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആറ്റിങ്ങലിൽ പിടികൂടിയത് ഏകദേശം 20 കോടി രൂപയുടെ കഞ്ചാവ്; ലഹരി മരുന്നുകൾ കേരളത്തിൽ എത്തിക്കാൻ ചരക്ക് ലോറികളെ ആശ്രയിക്കുന്നത് തീവണ്ടി ഗതാഗതം നിലച്ചതോടെ; കോരാണിയിൽ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് നടത്തിയത് സംസ്ഥാനത്തെ ഏറ്റവും വലിയ കഞ്ചാവ് വേട്ട
തിരുവനന്തപുരം: ആറ്റിങ്ങലിൽ ഇന്ന് നടന്നത് സംസ്ഥാനത്തെ ഏറ്റവും വലിയ കഞ്ചാവ് വേട്ട. എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ അനികുമാറിന്റെയും ഇൻസ്പെക്ടർ മുകേഷിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് ചില്ലറ വിപണിയിൽ ഏകദേശം 20 കോടി രൂപ വില മതിക്കുന്ന കഞ്ചാവ് പിടികൂടിയത്. ആറ്റിങ്ങലിന് സമീപം കോരാണിയിലാണ് ഞായറാഴ്ച പുലർച്ചെ സ്റ്റേറ്റ് എക്സസൈസ് എൻഫോഴ്സ്മെന്റ് കണ്ടെയ്നർ ലോറിയിൽ നിന്നും 600 കിലോ കഞ്ചാവ് പിടിച്ചെടുത്തത്.
2010ൽ കഴക്കൂട്ടത്ത് 416 കിലോ പിടികൂടിയതായിരുന്നു സംസ്ഥാനത്തെ ഇതുവരെയുള്ള ഏറ്റവും വലിയ കഞ്ചാവ് വേട്ട. അതും പിടികൂടിയത് സർക്കിൾ ഇൻസ്പെക്ടർ അനികുമാറിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു. ഝാർഖണ്ഡ് സ്വദേശിയും ലോറി ഡ്രൈവറുമായ കൃഷ്ണ, പഞ്ചാബ് സ്വദേശി ഗുൽദീപ് സിങ് എന്നിവരാണ് പിടിയിലായത്. വർഷങ്ങളായി ഇരുവരും ആന്ധ്രാപ്രദേശിൽ താമസക്കാരാണെന്ന് എക്സൈസ് അധികൃതർ പറഞ്ഞു.
ഇവർക്ക് കഞ്ചാവ് എത്തിക്കുന്ന പഞ്ചാബ് സ്വദേശി രാജു ഭായി എന്ന പേരിൽ അറിയപ്പെടുന്ന ഡീലറെ കുറിച്ച് സുപ്രധാന വിവരങ്ങൾ ലഭിച്ചു. കൂടാതെ കേരളത്തിലെ നാല് വൻ ഇടപാടുകാരെ കുറിച്ചും എക്സൈസിന് വിവരം ലഭിച്ചിട്ടുണ്ട്. രണ്ട് കണ്ണൂർ സ്വദേശികളും തൃശൂർ, ചിറയൻകീഴ് സ്വദേശികളെ കുറിച്ചുമാണ് വ്യക്തമായ സൂചന എക്സൈസിന് ലഭിച്ചത്. രണ്ടു മാസം മുമ്പും നാഷണൽ പെർമിറ്റ് ലോറിയിൽ കടത്തിയ ഒരു കോടി രൂപ വിലമതിക്കുന്ന ഹാഷിഷ് ഓയിലും കഞ്ചാവും എക്സൈസ് സംഘം പിടികൂടിയിരുന്നു. തീവണ്ടി ഗതാഗതം നിലച്ചതോടെ ചരക്കു ലോറികളിലാണ് കഞ്ചാവ് കടത്തുന്നത്.
മൈസൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മലയാളികളുടെ സംഘമാണ് കേരളത്തിലേക്ക് കഞ്ചാവ് എത്തിച്ചതെന്നാണ് അധികൃതർ പറയുന്നത്.കർണാടകയിൽ മയക്കുമരുന്ന് വേട്ട സജീവമായ സാഹചര്യത്തിൽ അവിടെ കഞ്ചാവ് സൂക്ഷിക്കുന്നത് സുരക്ഷിതമല്ല എന്നതിനാലാണ് കഞ്ചാവ് കേരളത്തിലെത്തിച്ചത്. കേരളത്തിലെത്തിച്ച കഞ്ചാവ് കോരാണി ഭാഗത്തുള്ള ഗോഡൗണിൽ സൂക്ഷിച്ചശേഷം തിരുവനന്തപുരം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിൽ വിതരണം നടത്തുകയായിരുന്നു ലക്ഷ്യം. എക്സൈസ് മന്ത്രിയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച എൻഫോഴ്സ്മെന്റ് സ്ക്വാഡ് സംസ്ഥാനവ്യാപകമായി നടത്തിവന്നിരുന്ന പരിശോധനയുടെ ഭാഗമായാണ് സംഘം പിടിയിലായത്.
മറുനാടന് ഡെസ്ക്