ശബരിമല: ഭക്തജനത്തിരക്ക് ക്രമാതീതമായതോടെ ശബരിമലയിൽ തിക്കിലും തിരക്കിലും പെട്ട് 20 പേർക്കു പരിക്ക്. രണ്ടു കുട്ടികളടക്കം 20 തീർത്ഥാടകർക്കാണു പരിക്കേറ്റത്.

ചൊവ്വാഴ്ച രാവിലെ വലിയ നടപന്തലിന് സമീപമാണ് തിക്കും തിരക്കും ഉണ്ടായത്. സാരമായി പരിക്കേറ്റ ഒരു കുട്ടിയടക്കം മൂന്ന് പേരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൊല്ലം പട്ടാഴി സ്വദേശി തുളസീധരൻപിള്ള (42), അനാമിക (എട്ട്), ആന്ധ്രപ്രദേശ് സ്വദേശി ശ്രീനിവാസൻ എന്നിവരെയാണ് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. അനാമികയുടെ കാലിൽ കമ്പികുത്തിക്കയറിയ നിലയിലാണ്. നിസാര പരിക്കേറ്റവർ പമ്പ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.

കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ശബരിമമലയിൽ അഭൂതപൂർവമായ തിരക്കാണ് അനുഭവപെടുന്നത്. 18 മണിക്കൂറോളം ക്യൂ നിന്നാണ് തീർത്ഥാടകർ ദർശനം നടത്തുന്നത്. തിരക്ക് കൂടിയതിനാൽ ദർശനത്തിന് നിയന്ത്രണങ്ങൾ ഏർപെടുത്തുന്നുണ്ട്.

മണ്ഡലകാലം അവസാനിക്കാറായതോടെയാണു ശബരിമല സന്നിധാനത്ത് വൻ ഭക്തജനതിരക്ക് അനുഭവപ്പെടുന്നത്. തിരക്കിനിടെ നിലത്തുവീണുപോയവരുടെ മേൽ മറ്റ് ഭക്തർ കയറി ചവിട്ടുകയായിരുന്നു. തിരക്കിൽപെട്ട് ഏതാനും പേർ കുഴഞ്ഞുവീണതായും റിപ്പോർട്ടുണ്ട്.
തിരക്ക് നിയന്ത്രിക്കുന്നതിൽ സുരക്ഷ അധികൃതർക്ക് വീഴ്ച സംഭവിക്കുന്നതായും ആക്ഷേപം ഉയർന്നിട്ടുണ്ട്. പ്രളയഭീതി ഒഴിഞ്ഞതോടെ തമിഴ്‌നാട്ടിൽ നിന്നു വൻ തോതിൽ ഭക്തജനങ്ങളാണ് ശബരിമലയിൽ എത്തുന്നത്.