ദുബായ്: ദുബായിയുടെ വിവിധ ഭാഗങ്ങൾ മൂടൽ മഞ്ഞിൽ മുങ്ങിയപ്പോൾ അപകട പരമ്പര. കനത്ത മൂടൽ മഞ്ഞിൽ കാഴ്ച മങ്ങിയതിനെത്തുടർന്നാണ് അപകട പരമ്പരകൾ അരങ്ങേറുന്നത്. വിവിധ സ്ഥലങ്ങളിലായി നടന്ന അപകടങ്ങളിൽ ഇരുപതിലേറേ പേർക്ക് പരിക്കേറ്റിട്ടുണ്ട്. മൂടൽ മഞ്ഞ് വിമാന സർവീസുകളേയും ബാധിച്ചിട്ടുണ്ട്.

ശക്തമായ മൂടൽ മഞ്ഞിൽ വിവിധ ഭാഗങ്ങളിലായി നാല്പതോളം അപകടങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. അബുദാബി- ദുബായ് റോഡിലാണ് ഏറ്റവും കൂടുതൽ അപകടങ്ങൾ അരങ്ങേറിയത്. ചിലയിടങ്ങളിൽ നടന്ന അപകടങ്ങളിൽ നാലും അഞ്ചും വാഹനങ്ങളാണ് ഉൾപ്പെട്ടത്. ഒന്നിനു പിന്നാലെ മറ്റൊന്നായി വാഹനങ്ങൾ കൂട്ടിയിടിച്ചാണ് മിക്ക അപകടങ്ങളും നടന്നിരിക്കുന്നത്.

അപകടം നടന്ന സ്ഥലങ്ങളിൽ ട്രാഫിക് പൊലീസ് പെട്ടെന്ന് എത്തി സഹായം നൽകിയെന്ന് ട്രാഫിക് ആൻഡ് പട്രോൾസ് ഡയറക്ടറേറ്റ് വ്യക്തമാക്കി. അപകടം നടന്നയുടൻ തന്നെ പരിക്കേറ്റവരെ ആശുപത്രിയിലാക്കുകയും മണിക്കൂറുകൾക്കുള്ളിൽ ഗതാഗതം പുനഃസ്ഥാപിക്കാൻ സാധിച്ചുവെന്നും കേണൽ ഹമദ് നാസർ അൽ ബ്ലൗഷി അറിയിച്ചു. കനത്ത മൂടൽ മഞ്ഞിൽ അപകടങ്ങൾ ഒഴിവാക്കാൻ സിവിൽ ഡിഫൻസ്, അംബുലൻസ്, റെസ്‌ക്യൂ ടീമുകളുമായി ട്രാഫിക് ആൻഡ് പട്രോൾസ് അടിയന്തിര പദ്ധതികൾ തയാറാക്കിയിട്ടുണ്ടെന്നും ഹമദ് നാസർ ചൂണ്ടിക്കാട്ടി.

അപകടം നടക്കാൻ ഏറെ സാധ്യതയുള്ള മേഖലകളിൽ ഗതാഗതം നിയന്ത്രിക്കുക, പകരം സമാന്തര വഴികൾ നൽകുക എന്നിവയാണവ. മൂടൽ മഞ്ഞ് ഉള്ള ദിവസങ്ങളിൽ പ്രധാന റോഡുകളിലൂടെയും ഉൾ റോഡുകളിലൂടെയും  വാഹനങ്ങൾ ഓടിക്കുമ്പോൾ അതീവ ശ്രദ്ധ പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഒരുപരിധിക്കപ്പുറം വേഗത പാടില്ലെന്നും മുന്നിലുള്ള വാഹനങ്ങളുമായി കൃത്യമായ ദൂരം പാലിക്കണമെന്നും നിർദേശമുണ്ട്.

വിവിധ രാജ്യങ്ങളിൽ നിന്നും എത്തേണ്ട വിമാനങ്ങളും ഇവിടെ നിന്നും വിവിധ ഭാഗങ്ങളിലേക്കു പോകേണ്ടതുമായി മിക്ക വിമാനങ്ങളും വൈകി. മൂടൽ മഞ്ഞിൽ വിമാനങ്ങൾ ആകാശത്ത് ഏറെ നേരം വട്ടമിട്ടു പറക്കേണ്ട അവസ്ഥയും ഉടലെടുത്തുവെന്ന് എയർപോർട്ട് അധികൃതർ പറയുന്നു.