ദോഹ: ബസ് യാത്രക്കാരുടെ എണ്ണത്തിൽ 20 ശതമാനം വർധന ഉണ്ടായിട്ടുള്ളതായി മിനിസ്ട്രി ഓഫ് ട്രാൻസ്‌പോർട്ട് ആൻഡ് കമ്യൂണിക്കേഷൻ. പൊതുഗതാഗത മേഖലയിൽ നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങളുടെ ഫലമായാണ് ബസ് യാത്രക്കാരുടെ എണ്ണത്തിൽ വർധനയുണ്ടായിട്ടുള്ളതെന്നും ഇനിയും കൂടുതൽ പദ്ധതികളുമായി മന്ത്രാലയും മുന്നോട്ടു വരുമെന്നും അധികൃതർ വെളിപ്പെടുത്തി. പൊതുഗതാഗത കമ്പനിയായ മൊവാസലത്തുമായി ചേർന്നു നടത്തിയ പ്രവർത്തനങ്ങളുടെ ഫലമായാണ് ബസ് യാത്രക്കാരുടെ എണ്ണത്തിൽ ഇത്രയേറെ വർധന ഉണ്ടായിട്ടുള്ളത്.


2017ലും പൊതു ഗതാഗത മേഖലയിൽ കൂടുതൽ വികസന പ്രവർത്തനങ്ങൾ തുടരുമെന്നും ഹമദ് അന്താരഷ്ട്ര വിമാനത്താവളത്തിൽ നിന്നും വിമാനത്താവളത്തിലേക്കും കൂടുതൽ സർവീസ് ഏർപ്പെടുത്തുക, വെസ്റ്റ്‌ബേ ഷട്ടിൽ ബസുകളുടെ മാറ്റം, ഇൻഡസ്ട്രിയൽ ഏരിയ-അൽ ഗാനിം സ്റ്റേഷൻ റൂട്ടിൽ കൂടുതൽ നവീകരിച്ച സർവീസുകൾ, പേളിലേക്കും ലഗൂണയിലേക്കുമുള്ള പുതിയ സർവീസുകൾ എന്നിവ അതിലുൾപ്പെടുമെന്നും മന്ത്രാലയം ഇറക്കിയ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ പൊതു ഗതാഗത രംഗത്ത് കാതലായ മാറ്റങ്ങൾ വരുത്തുന്നതിനും മേഖലയുടെ വളർച്ച സാധ്യമാക്കുന്നതിനുമായി നിരവധി പഠനങ്ങൾക്കാണ് മന്ത്രാലയം തുടക്കമിട്ടിരിക്കുന്നത്. പുതിയ സിറ്റി സർവീസുകളും റൂട്ടുകളും, ദോഹ േെമട്രാ കൂടി ഉൾപ്പെടുത്തിയുള്ള പുതിയ ഫീഡർ റൂട്ടുകൾ, 18 പുതിയ ബസ്റ്റേഷനുകൾ, പുതിയ ഡിപ്പോകൾ, പാർക്ക് ആൻഡ് റൈഡ് സൈറ്റുകൾ, പുതിയ ഇന്റർനെറ്റ് പോർട്ടലിന്റെയും യാത്ര ആസൂത്രണം ചെയ്യുന്നതിനും മറ്റുമുള്ള പുതിയ മൊബൈൽ ആപ്ലിക്കേഷൻ എന്നിവയുടെ ലോഞ്ചിങ് തുടങ്ങിയവ മന്ത്രാലയത്തിന്റെ പദ്ധതികളിലുൾപ്പെടുന്നു.

ബസുകളിൽ കൂടുതൽ സൗകര്യം ഏർപ്പെടുത്തിയും തിരക്കുള്ള റൂട്ടുകളിൽ കൂടുതൽ സർവീസുകൾ നടത്തിയുമാണ് കൂടുതൽ യാത്രക്കാരെ ബസിലേക്ക് ആകർഷിക്കാൻ സാധിച്ചതെന്നും മന്ത്രാലയം വക്താവ് ചൂണ്ടിക്കാട്ടി.