ജയ്പുർ: ഫേസ്‌ബുക്കിന്റെ പ്രധാന മാർക്കറ്റുകളിൽ ഒന്നാണ് ഇന്ത്യ. ലോകത്ത് ഫേസ്‌ബുക്ക് ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ മുമ്പിലാണ് ഇന്ത്യ എന്നതുകൊണ്ട് തന്നെ ഇന്ത്യക്കാരെ കാര്യമായി പരിഗണിക്കാനാണ് ഫേസ്‌ബുക്ക് ഉടമ സുക്കർബർഗിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി കോടികൾ ശമ്പളം നൽകിയാണ് ഇന്ത്യൻ യുവാക്കളെ ഫേസ്‌ബുക്ക് ജോലിക്കെടുക്കുന്നത്. ഒന്നര കോടി രൂപ നൽകി ഖരഗ്പൂരിലെ ഐഐടി വിദ്യാർത്ഥിയെ സ്വന്തമാക്കിയ ഫേസ്‌ബുക്ക് മറ്റൊരു മിടുക്കിയെ കൂടി ജോലിക്കെടുത്തു. ഇരുപതു വയസുകാരിയായ പെൺകുട്ടിക്ക് ഫേസ്‌ബുക്ക് വാഗ്ദാനം ചെയ്ത ശമ്പളം കേട്ടാൽ എല്ലവരും ഞെട്ടും! 2.1 കോടി രൂപ വാർഷിക ശമ്പളത്തിലാണ് ബോംബൈ ഐഐടി വിദ്യാർത്ഥിനിയായ ആസ്ത അഗർവാളിനെ ഫേസ്‌ബുക്ക് സ്വന്തമാക്കിയത്.

കഴിഞ്ഞ ജൂണിലാണ് ആസ്തയ്ക്ക് ഇത്രയും തുക വാഗ്ദാനം ചെയ്തുകൊണ്ട് ഫേസ്‌ബുക്കിൽ നിന്നും ക്ഷണം ലഭിച്ചത്. ഇത് കാര്യമായ വാർത്തകളിൽ ഇടംപിടിച്ചിരുന്നില്ല. ഇതിനിടെയാണ് കഴിഞ്ഞദിവസം ഡിൽഹി ഐഐടിയിലെ രണ്ട് വിദ്യാർത്ഥികളെ ഒന്നരകോടി ശമ്പളം നൽകി ജോലിക്കെടുത്ത വാർത്ത പുറത്തുവന്നത്. ഇതോടെയാണ് തനിക്ക് ലഭിച്ചത് ഇതിനേക്കാൽ കൂടുതൽ തുകയാണെന്ന കാര്യം ആസ്തയുടെ ശ്രദ്ധയിൽപ്പെട്ടത്. ഒരു ഇന്ത്യൻ വിദ്യാർത്ഥിക്ക് ലഭിക്കുന്ന ഏറ്റവും വലിയ തുകയാണ് ആസ്ത അഗർവാളിന് കമ്പനി വാഗ്ദാനം ചെയ്തത്.

രാജസ്ഥാൻ വൈദ്യുതി പ്രസാരൺ നിഗമിൽ എക്‌സിക്യൂട്ടീവ് എൻജിനീയറായ അശോക് അഗർവാളിന്റെ മകളാണ് ആസ്ത. ഐ.ഐ.ടി.യിൽ നാലാംവർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിനിയായ 20കാരി അടുത്ത ഒക്ടോബറിലാണ് ഫേസ്‌ബുക്കിൽ ജോലിയിൽ പ്രവേശിക്കുക. കാലിഫോർണിയയിലെ ഫേസ്‌ബുക്ക് ആസ്ഥാനത്തായിരുന്നു ഇക്കഴിഞ്ഞ മെയ്ജൂൺ മാസത്തിൽ ആസ്തയുടെ മൂന്നാം വർഷത്തെ ഇന്റേൺഷിപ്പ്. ഈ കാലത്തെ പ്രവർത്തനമികവ് പരിഗണിച്ചാണ് ഉയർന്ന തുക കമ്പനി വാഗ്ദാനം ചെയ്തത്.

നേരത്തേ ആസ്തയെ തേടി ഗൂഗിളിൽനിന്നും തൊഴിൽ വാഗ്ദാനമുണ്ടായിരുന്നു. എന്നാൽ, ഫേസ്‌ബുക്കിൽ ജോലി ചെയ്യാൻ ആഗ്രഹമുള്ളതുകൊണ്ടാണ് ഫേസ്‌ബുക്കിനെ തന്നെ തൊഴിലിടമായി തിരഞ്ഞെടുത്തത്. ഗൂഗിളിനേക്കാൾ ഫേസ്‌ബുക്കിൽ ജീവനക്കാർ കുറവാണ്. അതുകൊണ്ടാണ് ഇന്ത്യക്കാരിയെന്ന നിലയിൽ തന്നെ തേടിവന്ന അവസരം തിരഞ്ഞെടുത്തതെന്നും ആസ്ത പറയുന്നു. സ്‌കൂൾ പഠനകാലത്ത് ദേശീയ പ്രതിഭാനിർണയ പരീക്ഷയിൽ ഏഴാം സ്ഥാനത്തെത്തിയിരുന്നു. 2009ലെ അന്താരാഷ്ട്ര ജൂനിയർ സയൻസ് ഒളിമ്പ്യാഡിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്ത ആസ്തയ്ക്ക് വെള്ളിമെഡൽ ലഭിക്കുകയുമുണ്ടായി.

രണ്ട് ദിവസം മുമ്പാണ് ഡൽഹി ഐഐടിയിലെ രണ്ട് കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥികളായ രണ്ട് പേരെ 1.42 കോടി രൂപ ഫേസ്‌ബുക്ക് വാഗ്ദാനം ചെയ്തത്. ഡൽഹി ഐഐടിയിൽ നടന്ന പ്ലേസ്‌മെന്റ് ഡ്രൈവിൽ നിരവധി പേർ ഉയർന്ന ശമ്പളത്തിന് അന്താരാഷ്ട്ര കമ്പനികളിൽ ജോയിന്റ് ചെയ്തിരുന്നു. ലോകത്തെ പ്രമുഖ കമ്പനികൾ ഇന്ത്യയിലെ ഉദ്യോഗാർത്ഥികളെ തേടിയെത്തുന്നു എന്നതിന്റെ തെളിവ് കൂടിയാണ് ആസ്ത അടക്കമുള്ളവർക്ക് ലഭിച്ച മികച്ച പ്ലേസ്‌മെന്റ്.