ന്യൂഡൽഹി: ഏറെ പ്രതീക്ഷ പകർന്ന് അധികാരമേറ്റ നരേന്ദ്ര മോദി സർക്കാരിന്റെ ഒന്നാം വാർഷികാഘോഷങ്ങൾക്ക് തുടക്കമാവുകയാണ്. സർക്കാരിന്റെ ഒന്നാം പിറന്നാൾ ആഘോഷിക്കുന്നതിന് ഇന്നുമുതൽ ഒരാഴ്ചക്കാലത്തേയ്ക്ക് 200 റാലികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതിന്റെ തുടക്കമെന്നോണം, മധുരയിൽ നടക്കുന്ന റാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് പങ്കെടുക്കും.

ജനക്ഷേമ ഉത്സവം എന്നാണ് ഒന്നാം വാർഷികാഘോഷങ്ങൾക്ക് ബിജെപി നൽകിയിരിക്കുന്ന പേര്. സർക്കാർ കോർപറേറ്റുകളെ തുണയ്ക്കുന്നതും പാവങ്ങൾക്ക് എതിരുമാണെന്ന ആരോപണം കോൺഗ്രസ്സുൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ ഉയർത്തുമ്പോൾ, അതിനെ ജനക്ഷേമ ഉത്സവത്തിലൂടെ നേരിടാനാണ് ബിജെപിയുടെ ശ്രമം.

ദീൻ ദയാൽ ഉപാദ്ധ്യായയുടെ ജന്മസ്ഥലമായ മധുരയ്ക്കടുത്തുള്ള നാഗ്‌ല ചന്ദ്രഭാനിലാണ് സർക്കാരിന്റെ ഒന്നാം വാർഷികത്തിന് തുടക്കം കുറിക്കുന്ന ആദ്യ റാലി നടക്കുക.ഇവിടെ പ്രധാനമന്ത്രിക്ക് പുറമെ, പാർട്ടിയുടെ ഉന്നത നേതാക്കളും പങ്കെടുക്കും. രാജ്യമെമ്പാടുമായി നടക്കുന്ന മറ്റ് റാലികളിൽ സർക്കാരിന്റെ ജനക്ഷേപ പദ്ധികൾ വിശദീകരിക്കേണ്ട ചുമതല മറ്റ് കേന്ദ്ര മന്ത്രിമാർക്കാണ്. ബിജെപി എംപിമാർ, എംഎൽഎമാർ, മുഖ്യമന്ത്രിമാർ,പാർട്ടി നേതാക്കൾ എന്നിവരും റാലികളിൽ പങ്കെടുക്കും.

പാർട്ടിയിലെ സീനിയോറിറ്റി അനുസരിച്ചാണ് ഈ ചുമതലകൾ വേർതിരിച്ച് നൽകിയിട്ടുള്ളത്. നാളെനടക്കുന്ന റാലികളിൽ ഓരോ നഗരവും കേന്ദ്രീകരിച്ച് നേതൃത്വം നൽകാൻ മന്ത്രിമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. പാർട്ടി എംപിമാർ അവരവരുടെ മണ്ഡലങ്ങളിൽ ഒരാഴ്ച തങ്ങി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകണം. എല്ലാ സർക്കാർ വകുപ്പുകളോടും അതാത് വകുപ്പിന്റെ ഭരണനേട്ടങ്ങൾ വിശദമാക്കുന്ന ലഘുലേഖകൾ ഇറക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

200 റാലികൾക്ക് പുറമെ, രാജ്യമെമ്പാടുമായി 200 പത്രസമ്മേളനങ്ങളും വിളിക്കും. സർക്കാരിന്റെ വിവിധ പദ്ധതികൾ വിശദീകരിക്കുന്നതിനാണ് ഈ പത്രസമ്മേളനങ്ങൾ. ഇതിന്റെ തുടക്കമെന്നോണം, നാളെ ഡൽഹിയിൽ ബിജെപി പ്രസിഡന്റ് അമിത് ഷാ പത്രസമ്മേളനം വിളിച്ചുചേർത്തിട്ടുണ്ട്. നാളെ കർണാലിൽ നടക്കുന്ന റാലിയിലും അദ്ദേഹം പങ്കെടുക്കും. അടുത്ത ദിവസം സൂററ്റിലും പിറ്റേന്ന് പനാജിയിലുമാണ് അമിത് ഷായുടെ റാലികൾ.