മുംബൈ: 2006ലെ മലേഗാവ് സ്‌ഫോടനക്കേസിൽ നിരപരാധികളെന്ന് എൻഐഎ കണ്ടെത്തിയ ഒമ്പത് മുസഌം യുവാക്കൾ അഴിക്കുള്ളിൽ കിടന്നത് അഞ്ച് കൊല്ലം. എല്ലാത്തിനും ഒടുവിൽ പ്രതികളെ എല്ലാം മുബൈ കോടതി വെറുതെ വിട്ടു. ഇരട്ട നീതി വിവാദത്തിനാണ് അതുകൊണ്ട് തന്നെ മലേഗാവ് സ്‌ഫോടനക്കേസ് തുടക്കമിടുന്നത്. തീവ്രവാദവുമായി ബന്ധപ്പെട്ട കേസുകൾ ചുമത്തി ആരെയും ജയിലിലടയ്ക്കുന്ന ഇരട്ട നീതിയുടെ മുഖമാണ് ഇത് തുറന്നുകാട്ടുന്നത്.

മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമപ്രകാരം വിചാരണ നടക്കുന്ന കേസിലാണ്് ജഡ്ജി വി വി പാട്ടീൽ വിധിപറഞ്ഞത്. സൽമാൻ ഫർസി, ഷബീർ അഹമ്മദ്, നൂറുൾഹുദ ഡോഹ, റെയിസ് അഹമ്മദ്, മുഹമ്മദ് അലി, അസിഫ് ഖാൻ ജാവേദ് ഷെയ്ഖ്, ഫാറൂഖ് അൻസാരി അബ്രാർ അഹമ്മദ്, എന്നിവരെയാണ് തെളിവില്ലെന്ന് കണ്ട് കോടതി കുറ്റവിമുക്തരാക്കിയത്. സിമി, ലഷ്‌കർ ബന്ധമാരോപിച്ചായിരുന്നു ഇവരെ അറസ്റ്റു ചെയ്തിരുന്നത്.ഇവരിൽ ഷബീർ അഹമ്മദ് കഴിഞ്ഞവർഷം വാഹനാപകടത്തിൽ മരണമടഞ്ഞിരുന്നു.

കേസിൽ നിരപരാധികളെന്ന് കണ്ടിട്ടും ഇവരെ വെറുതെവിടുന്നതിനെതിരേ ദേശീയ അന്വേഷണ ഏജൻസി രംഗത്തുവന്നിരുന്നു. 2008ൽ നടന്ന സ്‌ഫോടനത്തിൽ 35 പേരാണ് മരണമടഞ്ഞത്്. മുമ്പ് മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്‌ക്വാഡും സിബിഐയും അന്വേഷിച്ച കേസിൽ പ്രതികളെ കുറ്റക്കാരെന്നു കണ്ടെത്തിയിരുന്നു. എന്നാൽ, തങ്ങളുടെ കണ്ടെത്തൽ ഇതിനു വിരുദ്ധമാണെന്നായിരുന്നു എൻഐഎ അഭിഭാഷകൻ പ്രകാശ് ഷെട്ടി കോടതിയെ അറിയിച്ചിരുന്നത്. എന്നാൽ, ഒടുവിൽ ഈ നിലപാട് മാറ്റി, പ്രതികളെ വിട്ടയക്കുന്നതിനോടു യോജിപ്പില്ലെന്ന് എൻഐഎ വ്യക്തമാക്കുകയായിരുന്നു.

തങ്ങൾ നടത്തിയത് പുനരന്വേഷണമല്ലെന്നും തുടരന്വേഷണമാണെന്നുമായിരുന്നു ദേശീയ അന്വേഷണ ഏജൻസിയുടെ വാദം. എടിഎസും സിബിഐയും കുറ്റപത്രം സമർപ്പിച്ച കേസിലെ പ്രതികളെ വെറുതെവിടുന്ന കാര്യത്തിൽ തങ്ങൾക്ക് അഭിപ്രായം പറയാൻ കഴിയില്ലെന്നും ഇവർ ചൂണ്ടിക്കാട്ടി. വ്യത്യസ്ത ഏജൻസികൾ തയ്യാറാക്കിയ കുറ്റപത്രത്തിൽ രണ്ടുസംഘം പ്രതികളാണുള്ളതെന്നും ഇതിൽ ഏതുവിഭാഗമാണ് വിചാരണ നേരിടേണ്ടതെന്നും മറുവിഭാഗത്തെ വെറുതെവിടണമോയെന്നതും കോടതിയാണ് തീരുമാനിക്കേണ്ടതെന്നും ഒരു എൻഐഎ ഉദ്യോഗസ്ഥൻ പറഞ്ഞിരുന്നു. എന്നാൽ തെളിവില്ലാത്തതിനാൽ കോടതി പ്രതികളെ വെറുതെ വിട്ടു.

മലേഗാവ് സ്‌ഫോടനത്തിലടക്കം ഹിന്ദുത്വഭീകരർക്കുള്ള പങ്ക് വ്യക്തമാക്കുന്ന സ്വാമി അസീമാനന്ദയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ തെളിവുകൾ പുനപ്പരിശോധിക്കുമെന്ന് 2011ൽ അന്നത്തെ എൻഐഎ പ്രോസിക്യൂട്ടറായിരുന്ന രോഹിണി സാലിയൻ വിചാരണക്കോടതിയെ അറിയിച്ചിരുന്നു. പിന്നീട് മലക്കം മറിച്ചിലുമുണ്ടായി. അത് എന്തുകൊണ്ടെന്നതിന് മാത്രം ഉത്തരമില്ല. മലേഗാവ് സ്‌ഫോടനത്തിൽ 37 കൊല്ലപ്പെടുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.