- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാദങ്ങൾ മാറ്റിവയ്ക്കാം; കണ്ണുകളെല്ലാം ഇനി 35-ാം ദേശീയ ഗെയിംസിലേക്ക്; ദീപനാളം പകർന്ന് ക്രിക്കറ്റ് ദൈവവും; കേരളം കണ്ട ഏറ്റവും വലിയ കലാവിരുന്നിന്റെ മാസ്മരിക പ്രഭയിൽ തലസ്ഥാനം; സച്ചിനും മോഹൻലാലും ഒരേ വേദിയിൽ അണിനിരന്നപ്പോൾ താരസമ്പുഷ്ടമായി കാര്യവട്ടത്തെ ഗ്രീൻ ഫീൽഡ് സ്റ്റേഡിയം
തിരുവനന്തപുരം: വിവാദങ്ങൾക്കെല്ലാം താൽക്കാലിക വിരാമമിട്ട് മുപ്പത്തിയഞ്ചാമത് ദേശീയ ഗെയിംസിന് കഴക്കൂട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ തിരിതെളിഞ്ഞു. ക്രിക്കറ്റ് ദൈവം സച്ചിൻ ടെൻഡുൽക്കർ കൈമാറിയ ദീപശിഖ ഒളിമ്പ്യന്മാരായ പി ടി ഉഷയും അഞ്ജു ബോബി ജോർജും ഗ്രീൻ ഫീൽഡിൽ തയ്യാറാക്കിയ കൂറ്റൻ ആട്ടവിളക്കിന്റെ തിരിയിൽ തെളിച്ചതോടെ ഗെയിംസിലേക്കു ക
തിരുവനന്തപുരം: വിവാദങ്ങൾക്കെല്ലാം താൽക്കാലിക വിരാമമിട്ട് മുപ്പത്തിയഞ്ചാമത് ദേശീയ ഗെയിംസിന് കഴക്കൂട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ തിരിതെളിഞ്ഞു. ക്രിക്കറ്റ് ദൈവം സച്ചിൻ ടെൻഡുൽക്കർ കൈമാറിയ ദീപശിഖ ഒളിമ്പ്യന്മാരായ പി ടി ഉഷയും അഞ്ജു ബോബി ജോർജും ഗ്രീൻ ഫീൽഡിൽ തയ്യാറാക്കിയ കൂറ്റൻ ആട്ടവിളക്കിന്റെ തിരിയിൽ തെളിച്ചതോടെ ഗെയിംസിലേക്കു കേരളം മിഴിതുറന്നു.
ചടങ്ങുകൾക്കു സാക്ഷ്യം വഹിക്കാൻ സ്റ്റേഡിയം നിറഞ്ഞു കവിഞ്ഞ പുരുഷാരമാണ് എത്തിയത്. ചടങ്ങുകൾ ആരംഭിക്കുന്നതിനു മണിക്കൂറുകൾ മുമ്പുതന്നെ കാര്യവട്ടം സ്റ്റേഡിയം നിറഞ്ഞിരുന്നു. ഒളിമ്പിക്‌സിൽ പങ്കെടുത്ത മലയാളി താരങ്ങളാണ് ദീപശിഖ സ്റ്റേഡിയത്തിൽ സജ്ജമാക്കിയ വേദിയിൽ സച്ചിൻ ടെൻഡുൽക്കറിനു കൈമാറിയത്. ഇത് സച്ചിൻ പി ടി ഉഷയ്ക്കും അഞ്ജു ബോബി ജോർജിനും കൈമാറി. ഇവർ ചേർന്നാണ് ദീപം തെളിച്ചത്.
വൈകുന്നേരം 5.30ന് സ്റ്റേഡിയത്തിൽ വ്യോമസേന പുഷ്പവൃഷ്ടി നടത്തി. ഇതെത്തുടർന്ന് ആർമിയുടെ ബാൻഡ് ഡിസ്‌പ്ലേ നടന്നു. ഇതിനു പിന്നാലെയാണ് വിശിഷ്ടാതിഥികളെ വേദിയിലേക്ക് ആനയിച്ചത്. നാല്പത് പേർ അണിനിരന്ന ശംഖനാദം, കരുണാമൂർത്തിയുടെ നേതൃത്വത്തിൽ 80 പേർ അണിനിരന്ന തകിൽവാദ്യം, മട്ടന്നൂർ ശങ്കരൻകുട്ടിയുടെ നേതൃത്വത്തിൽ 101 പേർ അണിനിരന്ന ചെണ്ടമേളം എന്നിവയും ആസ്വാദകർക്കു മറക്കാനാകാത്ത അനുഭവമായി.
വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ കായികതാരങ്ങളുടെ മാർച്ച് പാസ്റ്റും ഇതിനു പിന്നാലെ നടന്നു. കഴിഞ്ഞ ഗെയിംസിന്റെ ആതിഥേയരായ ജാർഖണ്ഡാണ് ആദ്യം അണിനിരന്നത്. തുടർന്ന് കഴിഞ്ഞ ചാമ്പ്യന്മാരായ സർവീസസ് അണിനിരന്നു. പിന്നാലെ ഇംഗ്ലീഷ് അക്ഷരമാല ക്രമത്തിൽ വിവിധ സംസ്ഥാനങ്ങളിലെ കായികതാരങ്ങൾ മാർച്ച് പാസ്റ്റിൽ പങ്കെടുത്തു. ഏറ്റവുമൊടുവിലാണ് ആതിഥേയരായ കേരളം എത്തിയത്. ഒളിമ്പ്യൻ പ്രീജ ശ്രീധരനാണ് കേരളത്തെ നയിച്ചത്. എല്ലാ സംസ്ഥാനത്തെയും കായികതാരങ്ങൾക്കു കൈവീശി അഭിവാദ്യമർപ്പിച്ച കാണികൾ കേരളം എത്തിയതോടെ നിലയ്ക്കാത്ത കരഘോഷമാണ് ഉയർത്തിയത്. കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവാണ് മാർച്ച് പാസ്റ്റിൽ അഭിവാദ്യം സ്വീകരിച്ചത്.
സ്റ്റേഡിയത്തിൽ സ്ഥാപിച്ച കൂറ്റൻ സ്‌ക്രീനിൽ ഇടയ്ക്കിടെ സച്ചിൻ ടെൻഡുൽക്കറുടെ മുഖം തെളിഞ്ഞപ്പോൾ ആവേശത്തിന്റെ തിരമാലകൾ എങ്ങും അലയടിച്ചു.
മാർച്ച പാസ്റ്റിനെ തുടർന്ന് ഭാഗ്യചിഹ്നമായ അമ്മുവിനെ വേദിയിലേക്ക് ആനയിച്ചു. തീം സോംഗ് അവതരണത്തിനുപിന്നാലെയാണ് ഉദ്ഘാടന യോഗം നടന്നത്. ഇവിടെ വച്ചാണ് മേളയുടെ ഗുഡ്‌വിൽ അംബാസഡറായ സച്ചിൻ ടെൻഡുൽക്കർ ദീപശിഖ കായികതാരങ്ങളായ പി ടി ഉഷ, അഞ്ജു ബോബി ജോർജ് എന്നിവർക്ക് കൈമാറിയത്. ഇവർ ചേർന്ന് ഗെയിംസിന് ആരംഭം കുറിച്ചുകൊണ്ട് വിളക്കുതെളിച്ചു.
കേന്ദ്ര നഗരവികസന മന്ത്രി എം വെങ്കയ്യനായിഡുവാണ് കായികമേള ഉദ്ഘാടനം ചെയ്തത്. കേരളീയർക്ക് ആവോളം പ്രശംസ ചൊരിഞ്ഞാണ് വെങ്കയ്യ നായിഡു ഉദ്ഘാടന പ്രസംഗം നടത്തിയത്. കേരളത്തിന്റെ അച്ചടക്കത്തെയും ആത്മസമർപ്പണത്തെയും പുകഴ്‌ത്തിയാണ് നായിഡു സംസാരിച്ചത്. കേരളത്തിന്റെ അഭിമാനമായി മാറാൻ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന് കഴിയുമെന്നും നായിഡു പറഞ്ഞു. മോദി സർക്കാർ ജനങ്ങളെ വികസനത്തിലേക്ക് നയിക്കുമെന്നും കേരളമുൾപ്പെടെയുള്ളവർ ടീം ഇന്ത്യയായി രാജ്യത്തിന് വേണ്ടി പ്രവർത്തിക്കണമെന്നു അദ്ദേഹം കൂട്ടിച്ചേർത്തു.
ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സ്വാഗതം പറഞ്ഞു. മേളയെ കായിക കേരളത്തിന്റെ വളർച്ചയ്ക്കായി ഉപയോഗിക്കണം എന്നാണ് സർക്കാർ കരുതുന്നതെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. പരിപാടിക്ക് എല്ലാവരുടെ ഭാഗത്തുനിന്നും വലിയ പിന്തുണ നൽകി. തുടർന്നുള്ള പ്രവർത്തനങ്ങൾക്കും സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നുവെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. ദേശീയ ഗെയിംസിന്റെ ഗുഡ്‌വിൽ അംബാസിഡർ സച്ചിന് കായിക കേരളത്തിന്റെ നന്ദിയും അദ്ദേഹം അറിയിച്ചു.
മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ ആമുഖപ്രഭാഷണം നടത്തി. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് എസ് രാമചന്ദ്രൻ അദ്ധ്യക്ഷനായി. കേന്ദ്ര കായികമന്ത്രി സർബാനന്ദ സോനോവാളും ചടങ്ങിൽ പങ്കെടുത്തു. ഉദ്ഘാടനച്ചടങ്ങിനു തൊട്ടുപിന്നാലെ ആകാശത്തു വർണങ്ങൾ വാരിവിതറി വെടിക്കെട്ടുമുണ്ടായി.
ഉദ്ഘാടനച്ചടങ്ങുകൾക്കും ദീപശിഖ തെളിച്ചതിനുംശേഷമാണ് മോഹൻലാലിന്റെ നേതൃത്വത്തിൽ കലാവിരുന്ന് ലാലിസം അരങ്ങേറിയത്. കേരളത്തിലെ പിന്നിട്ട യുദ്ധങ്ങളെ അനുസ്മരിക്കുന്ന വാർ ക്രൈ എന്ന ഷോയിൽ മോഹൻലാൽ കുഞ്ഞാലിമരയ്ക്കാറായി അവതരിച്ചു.
ലാലിസം ഇന്ത്യ സിംഗിഗ് എന്നു പേരിട്ടിരിക്കുന്ന മോഹൻലാൽ ഷോയിൽ 1931 മുതൽ 1980 വരെയുള്ള സിനിമാഗാനങ്ങൾ കോർത്തിണക്കിക്കൊണ്ടുള്ള സംഗീത വിരുന്നാണ് ഉള്ളത്. പ്രശസ്ത പിന്നണിഗായകരായ ഹരിഹരൻ, അൽക്ക യാഗ്‌നിക്, കാർത്തിക്, എം ജി ശ്രീകുമാർ, സുജാത എന്നിവരുടെ പാട്ടുകളും ഇതിലുൾപ്പെടുത്തിയിട്ടുണ്ട്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ബംഗാളി, ഹിന്ദി തുടങ്ങിയ വിവിധ ഭാഷകളിലെ പാട്ടുകൾ കോർത്തിണക്കിയാണ് ഷോ.
കലാപരിപാടികളുടെ റിഹേഴ്‌സൽ കഴിഞ്ഞ ദിവസം കാര്യവട്ടം സ്റ്റേഡിയത്തിൽ നടന്നു. മോഹൻലാലിന്റെ നേതൃത്വത്തിലുള്ള കലാകാരന്മാരും പൊലീസ് ഉദ്യോഗസ്ഥരും ഇന്ത്യൻ ആർമിയും ഉൾപ്പെടെയുള്ളവർ റിഹേഴ്‌സലിൽ പങ്കെടുത്തിരുന്നു. സംവിധായകൻ ടി കെ രാജീവ്കുമാറിന്റെ നേതൃത്വത്തിൽ ആറായിരത്തോളം കലാകാന്മാരാണ് ഉദ്ഘാടനത്തിനു ദൃശ്യവിസ്മയമൊരുക്കുന്നത്. കേരളത്തിന്റെ തനതു കലാരൂപങ്ങളും വാദ്യമേളങ്ങളും വേദിയിലെത്തും. ഒപ്പം ആർമി ബാൻഡ് ഉൾപ്പെടെയുള്ളവരും.
മത്സരങ്ങൾക്കു ഞായറാഴ്ച തുടക്കമാകും. ഏഴ് ജില്ലകളിലായി 29 വേദികളാണ് കായികമാമാങ്കത്തിന് ഒരുങ്ങിയിട്ടുള്ളത്. പതിനായിരത്തോളം താരങ്ങളാണ് ഇതുവരെ രജിസ്റ്റർ ചെയ്തത്. 3500ഓളം ഓഫീഷ്യൽസും എത്തുന്നുണ്ട്. ഗെയിംസ് നിയന്ത്രിക്കാൻ നാലായിരത്തോളം വളന്റിയർമാരുമുണ്ടാകും. 14 ദിവസംകൊണ്ട് 32 മത്സരയിനങ്ങളാണ് അരങ്ങേറുന്നത്.
നീന്തൽ, അത്‌ലറ്റിക്‌സ്, ബീച്ച് ഹാൻഡ്‌ബോൾ, സൈക്ക്‌ലൂങ്, ജിംനാസ്റ്റിക്‌സ്, ഹാൻഡ്‌ബോൾ, കബഡി, ഖോഖോ, നെറ്റ്‌ബോൾ, ഷൂട്ടിങ്, സ്‌ക്വാഷ്, തായ്‌ക്കൊണ്ടോ, വുഷു, ട്രയാത്തലൺ, ടെന്നീസ് ഇനങ്ങൾ തിരുവനന്തപുരം ജില്ലയിലാണ് നടക്കുക. ഗെയിംസ് വില്ലേജും തലസ്ഥാനത്താണ്. റഗ്‌ബി, ഹോക്കി എന്നിവ കൊല്ലത്തും യാട്ടിങ്, ടേബിൾ ടെന്നീസ്, ലോൺേബാൾ, ഫെൻസിങ്, ബാഡ്മിന്റൺ, അമ്പെയ്ത്ത് എന്നീ ഇനങ്ങൾ കൊച്ചിയിലുമാണ് നടക്കുന്നത്. റസലിങ്, ബാസ്‌കറ്റ്‌ബോൾ എന്നിവ കണ്ണൂരിലും ഷൂട്ടിങ്(ട്രാപ്പ് ആൻഡ് സ്‌കീറ്റ്), വെയ്റ്റ്‌ലിഫ്റ്റിങ്, ജൂഡോ, വനിതാ ഫുട്‌ബോൾ, ബോക്‌സിങ് എന്നിവ തൃശ്ശൂരിലും നടക്കും.
വോളിബോൾ, ഫുട്‌ബോൾ, ബീച്ച് വോളിബോൾ എന്നിവയാണ് കോഴിക്കോട്ട് അരങ്ങേറുന്നത്. റോവിങ്, കനോയിങ്, കയോക്കിങ് എന്നിവ ആലപ്പുഴയിൽ നടക്കും.ഫെബ്രുവരി 14ന് കാര്യവട്ടത്തു തന്നെയാണ് സമാപനസമ്മേളനവും.