'ഇവർ ശരിക്കും പൊട്ടന്മാരാണോ അതൊ പൊട്ടന്മാരായി അഭിനയിക്കയണോ', എന്ന പ്രശസ്തമായ സിനിമാ ഡയലോഗാണ് നമ്മുടെ സൂപ്പർ താര ചിത്രങ്ങളെക്കുറിച്ച് പ്രത്യേകിച്ച് മമ്മൂട്ടി ചിത്രങ്ങളെ കുറിച്ച് ഓർക്കുമ്പോൾ തോന്നുന്ന ആദ്യവാചകം. മലപോലെ വന്ന് എലിപോലെയായി നിർമ്മതാവിനെ പഞ്ഞിക്കിട്ട ഈ വർഷത്തെ പത്തു ചിത്രങ്ങളുടെ ലിസ്റ്റ് എടുത്താൽ മൂന്നും മമ്മൂട്ടി ചിത്രങ്ങളാണ്. സ്ട്രീറ്റ് ലൈറ്റ്സ്, പരോൾ, കൂട്ടനാടൻ ബ്ലോഗ്. കാൽക്കീഴിലിലെ മണ്ണ് ഒലിച്ചുപോകുന്നത് മമ്മൂട്ടി അറിയുന്നില്ല. ദിലീപിന്റെ ഈ വർഷത്തെ എക ചിത്രമായ കമ്മാരസംഭവമാണ് എട്ടുനിലയിൽ പൊട്ടി ഫ്ളോപ്പ് ചാർട്ടിൽ ഒന്നാമതായത്. കൊട്ടിഘോഷിച്ചു വന്ന ആമിയും, പൂമരവും, രണവും തീയേറ്ററുകളിൽ ആവിയായി. മോഹൻലാലിന്റെ നീരാളിയും നഷ്ടമായി.പലപ്പോഴും പല മോശം ചിത്രങ്ങളെയും മാർക്കറ്റിങ്ങ് രക്ഷിക്കുന്നുണ്ട്. ഫാൻസിനുപോലും മോശം അഭിപ്രായം വന്നിട്ടും മാസ് റിലീസും ശ്രീകുമാരമേനോന്റെ മാർക്കറ്റിങ്ങ് തന്ത്രങ്ങളുമാണ് ഒടിയനെ രക്ഷിച്ചത്. കായംകുളം കൊച്ചുണ്ണിയുടെ കാര്യവും ഇങ്ങനെ തന്നെയായിരുന്നു.

പക്ഷേ ഒന്നോർത്തുനോക്കൂ, തുടർച്ചയായി പടങ്ങൾ പൊട്ടിയിട്ടും മമ്മൂട്ടി ഈ 67ാം വയസ്സിലും ഒട്ടും സെലക്്റ്റീവാകുന്നുപോലുമില്ല. ചവറുപോലെ പടങ്ങൾ കമ്മറ്റ് ചെയ്യുകയാണ് അദ്ദേഹം. ആയിരംപൂർണ ചന്ദ്രന്മാരെ കാണുന്ന കാലത്തുപോലും മലയാള സിനിമയിലെ നായക പദവി വിട്ടുകൊടുക്കിലെന്ന വാശിയോടെ യുവാക്കളോട് പൊരുതുന്ന അദ്ദേഹത്തിന്റെ ഫൈറ്റിങ്ങ് സ്പിരിറ്റ് പക്ഷേ സമ്മതിക്കണം. പക്ഷേ ഒരു കഥയുമില്ലാത്ത പരോളിനും, കുട്ടനാടൻ ബ്ലോഗിനുമൊക്കെ തലവെച്ച് കൊടുക്കുന്നത് എന്തിനാണ്. ഇനി ഇത് തിരക്കഥാകൃത്തിന്റെയും സംവിധായകന്റെയും കഴുപ്പമാണെന്ന് പറഞ്ഞ് അവരുടെ പിരിടക്കിടാൻ വരട്ടെ. സൂപ്പർതാര ചിത്രങ്ങളിൽ ലൈറ്റ്ബോയിയെ തൊട്ട് തീയേറ്റർ വരെ തീരുമാനിക്കുന്നത് താരംതന്നെയാണെന്ന് അർക്കാണ് അറിയാത്തത്. താരങ്ങൾ കൂളിങ്ങ് ഗ്ലാസ് മാറ്റുന്നതും ബൈക്കോടിക്കുന്നതും കാണാൻ പഴയതുപോലെ ആളെകിട്ടില്ലെന്ന കൃത്യമായ സന്ദേശവും കടന്നുപോകുന്ന വർഷം നൽകുന്നുണ്ട്.

2018ൽ മലപോലെ വന്ന എലിപോലെ പോയ പത്ത് സിനിമകൾ ഇവയാണ്.

1. കമ്മാര സംഭവം
ഫ്ളോപ്പുകളുടെ ചാർട്ട് പരിശോധിക്കുമ്പോൾ ഒന്നാമതെത്തുക ദലീപിന്റെ 'കമ്മാര സംഭവ'മാണ്. രാമലീലയുടെ വൻ വിജയത്തിനുശേഷം വരുന്ന ചിത്രത്തിൽ ദിലീപ് മൂന്നാല് ഗെറ്റപ്പുകളിൽ വരുന്നതും, നിർമ്മാതാവ് ഗോകുലൻ ഗോപാലൻ കോടികൾ ചെലവിട്ടതുമൊക്കെയായ വൻ ഹൈപ്പാണ് ചിത്രത്തിന് കിട്ടിയത്. പക്ഷേ പടം ഇറങ്ങിയപ്പോൾ 'നിർബന്ധമായും കൂവിത്തോൽപ്പിക്കേണ്ട ഒരു ചലച്ചിത്ര ആഭാസം' എന്ന രീതിയാണ് നിരൂപണങ്ങൾ വന്നത്. ജനപ്രിയ നായകനിൽനിന്ന് ജയിൽപുള്ളിയായി മാറിയ നമ്മുടെ ദിലീപേട്ടന്റെ പ്രതിഛായക്ക് വേണ്ടിയുണ്ടാക്കിയ ഒരു തട്ടിക്കൂട്ട് ബോറൻ പടത്തെ ജനം തള്ളിക്കളയുകയായിരുന്നു. മുരളിഗോപിയുടെ തിരക്കഥയിൽ പുതുമുഖ സംവിധായകൻ രതീഷ് അമ്പാട്ടാണ് കമ്മാരസംഭവം ഒരുക്കിയത്. ഭരണ രാഷ്ട്രീയ നേതൃത്വങ്ങളും ജനാധിപത്യ സംവിധാനങ്ങളും അടിമുടി അഴിമതിയിൽ മുങ്ങിക്കുളിച്ചിരിക്കയാണ്. ചരിത്രമാവട്ടെ മൊത്തത്തിൽ കെട്ടുകഥയും. അതുകൊണ്ടുതന്നെ പത്ര-ദൃശ്യ മാധ്യമങ്ങൾ പറയുന്നതൊന്നുമല്ല സത്യം. അതിന്റെ മറുവശമാണ്. ഇതാണ് ഈ സിനിമകൊണ്ട് പറയാൻ കവി ഉദ്ദേശിച്ചത്. വ്യക്തമാണ് കാര്യങ്ങൾ. ഒരു വ്യക്തിയുടെ താളത്തിനൊത്ത് സിനിമ പിടിക്കാൻ മുരളിഗോപിയെപ്പോലുള്ള ഒരു എഴുത്തുകാരനും, ഗോകുലം ഗോപാലനെപ്പോലുള്ള അറിയപ്പെടുന്ന നിർമ്മാതാവും നിന്നുകൊടുത്തതാണ് അദ്ഭുതം. സാധാരണ സ്വന്തം ഇമേജ് ഉയർത്തിക്കാട്ടുകയാണ് ചെയ്യാറുള്ളതെങ്കിൽ ഇവിടെ എല്ലാവരും കള്ളന്മാരാണെന്ന അപകടകരമായ രാഷ്ട്രീയം ഒളിച്ചുകടത്തുകയാണ്.എല്ലാവരെയും വെടക്കാക്കി തന്നെപ്പോലെയാക്കുകയെന്നതന്ത്രം. ഈ സാംസ്‌ക്കാരി മാലിന്യത്തെ ജനം അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളഞ്ഞുവെന്നതും ആശ്വാസമാണ്.

2.ആമി
മയിൽപ്പീലി ചൂടിയെന്ന് കരുതി കോഴി മയിലാവില്ല എന്ന് പറഞ്ഞപോലെയാണ് എത്ര മേക്കപ്പിട്ടാലും മഞ്ജുവാര്യർക്ക് മാധവിക്കുട്ടിയാവാനും കഴിഞ്ഞില്ല. പ്രശസ്ത സാഹിത്യകാരി മാധവിക്കുട്ടിയുടെ ജീവിതകഥയെന്ന് പറഞ്ഞ് കമൽ ഒരുക്കിയ ആമി ഈ വർഷത്തെ ദേശീയ ദുരന്തമായാണ് മാറിയത്. സത്യത്തിൽ എങ്ങനെ ഒരു ബയോപിക്ക് എടുക്കരുതെന്ന് കുട്ടികളെ പഠിപ്പിക്കാൻ സൂക്ഷിക്കാവുന്നത്ര വികലവും അരോചകവും, വ്യക്തിഹത്യ നിറഞ്ഞതുമായ, വ്യാജമതേതര സന്ദേശം കൊടുക്കുന്ന അറുബോറൻ ചിത്രമായിപ്പോയി ഇത്. സെല്ലുലോയ്ഡ് എന്ന ബയോപിക്കിലൊക്കെ കമൽ ചെയ്ത മാസ്റ്റർ ക്രാഫ്റ്റ് എവിടെപ്പോയി എന്ന് ചോദിച്ചുപോവും. ബോറടിയില്ലാതെ ഈ ചിത്രം കണ്ടിരിക്കാൻപോലും കഴിയില്ല. ആർക്കോവേണ്ടിയെന്നോണം യാതൊരു ഫോക്കസുമില്ലാതെ, നാടക ഡയലോഗിൽ പടം അങ്ങനെ പമ്മിപ്പമ്മി പോവുന്നു. രണ്ടാം പകുതിയുടെ മധ്യത്തിലത്തെുമ്പോഴേക്കും, നീട്ടിവലിച്ചിൽ കാരണം ഈ പടപ്പ് എങ്ങനെയെങ്കിലും ഒന്ന് തീർന്ന് കിട്ടിയാൽ മതിയെന്ന് കരുതിപ്പോവും.ആമിയായി മഞ്ജു വാര്യരും സൂപ്പർ ബോറായി. ആകെ കൃത്രിമത്വം മുഴച്ചു നിൽക്കുന്നു. പക്ഷേ മഞ്ജുവല്ല, ഇത്രയും സംഭവ ബഹുലമായ ഒരു ജീവിതം കിട്ടിയിട്ടും അത് കുളം തോണ്ടിച്ച കമൽ തന്നെയാണ് ഈ ദുരന്തത്തിൽ ഒന്നാം പ്രതി. ജീവിച്ചിരുന്ന പ്രശസ്ത വ്യക്തിത്വത്തെകുറിച്ചുള്ള ബയോപിക്ക് എടുക്കുമ്പോൾ പാലിക്കേണ്ട, അടിസ്ഥാനകാര്യങ്ങളായ വ്യക്തിഹത്യ നിരാസം, വസ്തുതാപരമായ സത്യസന്ധത എന്നിവപോലും കമൽ പാലിച്ചിട്ടില്ല. ആത്മകഥാനുഷ്ഠിയായ ഒരുപാട് ക്ളാസിക്ക് സിനിമകൾ ചലച്ചിത്രോൽസവങ്ങളിലും മറ്റും കണ്ടവരാണ് നാം. മേരികോമിനെ കുറിച്ചും എന്തിന് നമ്മുടെ സച്ചിനെകുറിച്ചുമൊക്കെയിറങ്ങിയ ബയോപിക്കുകൾ കണ്ടുനോക്കുക.

3.കുട്ടനാടൻ ബ്ലോഗ്
പ്രളയത്തിനശേഷം വീണ്ടുമൊരു ദുരന്തമെന്നാണ് ഈ മമ്മൂട്ടി പടം വിലയിരുത്തപ്പെട്ടത്. നിരവധി ഹിറ്റ് സിനിമകൾക്ക് തിരക്കഥയൊരുക്കിയ സച്ചി-സേതു ജോടിയിലെ സേതു ആദ്യമായി സംവിധാനം ചെയ്ത ഒരു കുട്ടനാടൻ ബ്ലോഗിന് വൻ പ്രീ പബ്ലിസിറ്റിയാണ് കിട്ടിയത്.സീരിയലിനെ അമ്പരപ്പിക്കുന്ന, കേട്ടു തേഞ്ഞ അറുപഴഞ്ചൻ പൊട്ടക്കഥ, കോമഡിയെന്ന പേരിലുള്ള ചില കോപ്രായങ്ങൾ, എന്തിനോവേണ്ടിയെന്നോണമുള്ള ചില ഗാനങ്ങൾ, അതിനിടയിൽ മമ്മൂട്ടിയുടെ ഫാൻസി ഡ്രസ്സും. അതാണ് ഈ പടത്തിന്റെ ചുരുക്കം. ആരാധകരെ ത്രസിപ്പിക്കാനായി മമ്മൂട്ടി പുത്തൻ മുണ്ടും, ഷർട്ടും, ജീൻസുമൊക്കെ മാറിമാറി പരീക്ഷിച്ചും, ആഡംബര ബൈക്കോടിച്ചുമൊക്കെ പ്രഛന്നവേഷം കളിക്കുന്നുണ്ട്. ഒരു ഷോട്ടുപോലും വൃത്തിക്ക് എടുക്കാൻ സംവിധായകന് ആയിട്ടില്ല. നൂറ്റൊന്ന് ആവർത്തിച്ച ഒരു നാട്ടിൻപുറത്തിന്റെ കഥ, അവിഹിതവും ഗർഭവുമൊക്കെയായി ഈ കാലത്തും അവതരിപ്പിച്ചിരുക്കുന്നു. സേതുവിന് ഇതിലും നല്ലത് പരസ്പരത്തിനോ ചന്ദനമഴക്കോ തിരക്കഥ തയാറാക്കുകയായിരുന്നു.അവിടെയൊക്കെയാണ് 'ഈ ഗർഭത്തിന് ഉത്തരവാദി ആര്' എന്ന അന്വേഷണം ഇപ്പോഴും നടക്കുന്നത്. ദയനീയമാണ്, മലയാള സിനിമയുടെ പ്രമുഖ തിരക്കഥാകൃത്തുക്കൾക്കുപോലും മസ്തിഷ്‌ക്കമരണം സംഭവിച്ചരിക്കുന്നു.പക്ഷേ ഈ പടം ഇതുപോലെ കോഞ്ഞാട്ടയായിപ്പോയതിന് ഒന്നാം പ്രതി സാക്ഷാൽ മമ്മൂട്ടിയാണ്. ഒരു സൂപ്പർ സ്റ്റാർ ചിത്രത്തിൽ കഥക്കും സംവിധായകനുമൊക്കെ എന്ത് പ്രസക്തി. ന്രാലുപതിറ്റാണ്ട് നീണ്ട മമ്മൂട്ടിയുടെ സിനിമാ ജീവിതത്തിന്റ അനുഭവംവെച്ച് ഇതുപോലൊരു പൊട്ടക്കഥക്ക് ഡേറ്റ് കൊടുക്കുന്നതിനുപകരം, പുതിയ ജനുവിനായ ഒരു കഥയുമായി വരാൻ പറഞ്ഞിരുന്നെങ്കിൽ, ഒരു നിർമ്മാതാവിനെകൂടി പഞ്ഞിക്കിടേണ്ട ഗതികേട് ഉണ്ടാവില്ലായിരുന്നു.

4.പൂമരം
'ഞാനും ഞാനുമെന്റാളും ആ നാൽപ്പതുപോരും' എന്ന ഹിറ്റ് ഗാനം കേരളക്കരയാകെ അലയിടിച്ച് ഒരു വർഷത്തോളം വൻ തരംഗം ഉണ്ടാക്കിയശേഷമറിങ്ങിയ പൂമരം ബോക്സോഫീസിൽ പടുമരമായി. ഒറ്റക്ക് ഒറ്റക്ക് എടുത്ത് ഓരോ ചെറുരംഗങ്ങളും നോക്കുമ്പോൾ നല്ല രസമുണ്ട്.എന്നാൽ അത് മാലകോർത്ത് ചലച്ചിത്രമായി വരുമ്പോൾ ഒന്നുമില്ല. യുവതലമുറയിലെ പ്രതിഭാധനനായ എബ്രിഡ് ഷൈൻ രചനയും സംവിധാനവും നിർവഹിച്ച്,നമ്മുടെ ജയറാമിന്റെ മകൻ കാളിദാസനെ നായകനാക്കിയെടുത്ത 'പൂമരം' എന്ന ചിത്രത്തിന്റെ അവസ്ഥ ഇതായിരുന്നു. പൂമരപ്പാട്ടിന്റെ തരംഗത്തിനിടയിലും ചിത്രം എന്തിനാണ് ഒന്നരവർഷത്തോളം വൈകിപ്പിച്ചതെന്ന് ചോദിച്ചാൽ ഇപ്പോൾ ഒരു ഉത്തരമേ ഉണ്ടാവൂ.എങ്ങനെ പടം മുന്നോട്ടുകൊണ്ടുപോവണമെന്നോ ക്ലൈമാക്സ് എന്താകണമെന്നോ സംവിധായകനുപോലും ധാരണയില്ലായിരുന്നെന്ന്.

ഈ ചിത്രം സത്യത്തിൽ കാമ്പസ് കലോത്സവത്തെപ്പറ്റിയുള്ള നല്ലൊരു ഡോക്യുമെന്റിയാണ്.കൊതിപ്പിക്കുന്ന ഫ്രയിമുകളിലൂടെയും, ഇമ്പമാർന്ന ഗാനത്തിന്റെ അകമ്പടിയിലൂടെയും,കാമ്പസ് കലോത്സവത്തിനുള്ളിൽ പ്രേക്ഷകൻ പെട്ടുപോയ അവസ്ഥയുണ്ടാക്കാൻ സംവിധായകന് കഴിയുന്നുണ്ട്.ആ പ്രമേയത്തിലേക്ക് സിനിമാറ്റിക്ക് ആയ ഒരുകഥയെ കൊണ്ടുവരാനോ,ബോറടിയില്ലാതെയുള്ള ഒരു കാഴ്ചാനുഭവം നൽകാനോ ചിത്രത്തിന് കഴിഞ്ഞില്ല. കഥയിലെ നിലവാരത്തകർച്ചതന്നെയാണ് പൂമരത്തെ കാതലില്ലാത്ത പടുമരമാക്കുന്നത്.കാളിദാസ് ജയറാമിന്റെ അഭിനയവും 'വൗ',എന്നും 'ഔട്ടസ്റ്റാൻഡിങ്ങ്' എന്നുമെന്നും തള്ളാനുള്ള വകുപ്പിലുമല്ല.ശരാശരി മാത്രം.പക്ഷേ കാളിദാസനെ അപ്രസക്തനാക്കിക്കൊണ്ട് ഈ പടം കൊണ്ടുപോയത് നായിക നീത പിള്ളയാണ്.പൂമരം കൊണ്ട് ആകെ ഗുണമുണ്ടായത് ഈ നടിക്ക് മാത്രമാണ്.

5.രണം
മലയാളത്തിന്റെ മിനമം ഗ്യാരണ്ടിയായിരുന്നു നടൻ പ്രഥ്വീരാജ് സുകമാരൻ. അമേരിക്കയിലേക്ക് കുടിയേറിയ മലയാളികളുടെ അറിയപ്പെടാത്ത കഥയുമായി പ്രഥ്വിയെ നായകനാക്കി ഒരു ചിത്രം ഇറങ്ങുന്നുണ്ടെന്നത് ആരാധകരിൽ വൻ പ്രതീക്ഷയാണ് ഉയർത്തിയത്. ആദ്യദിനത്തിൽ തൃശൂർ പൂരത്തോട് കിടപിടിക്കുന്ന തിരക്കായിരുന്നു. പക്ഷേ തുടർന്നുള്ള ്ദിവസങ്ങളിൽ ആ നേട്ടം നിലനിർത്താനായില്ല.ചിലയിടത്ത് മാരണം ചിലയിടത്ത് മനോഹരം! ഒറ്റവാക്കിൽ ട്രോളിയാൽ 'രണം' അങ്ങനെയാണ്. ഒട്ടും സ്ഥിരതയില്ലാത്ത ചിത്രമാണ് ഛായാഗ്രാഹകൻ കൂടിയായ നിർമ്മൽ സഹദേവ് തന്റെ ആദ്യ സംവിധാന സംരംഭത്തിലൂടെ ഒരുക്കിയത്. ചില രംഗങ്ങൾ കാണുമ്പോൾ ഒരു ഹോളിവുഡ്ഡ് പടമോ, കിം കി ഡുക്കിന്റെ ഫെസ്റ്റിവൽ സിനിമയോ എന്ന് ഓർത്തുപോകും.മറ്റു ചില ഭാഗങ്ങൾ കണ്ടാൽ ഛർദി വരും.നാം എത്രയോ തവണ കണ്ട ജോഷി, ഐ വി ശശി പടങ്ങളിലെ സീനുകളും, ഗോഡൗൺ ക്ലൈമാകസുമൊക്കെ. പുതുമായർന്ന ഈ പ്രമേയംവെച്ച് തിരക്കഥയിൽ കാര്യമായ ഗൃഹപാഠം ചെയ്തിരുന്നെങ്കിൽ രണത്തിന്റെ വിധി മറ്റൊന്നാവുമായിരുന്നു.അമേരിക്കൻ മലയാളികളെകുറിച്ച് പല ഫാമിലി ഓറിയൻർഡ് സബ്ജക്റ്റകളും വന്നിട്ടുണ്ടെങ്കിലും ഈ ചിത്രത്തിന്റെ പ്രത്യേകത, അത് എലിക്കണിയിൽ അകപ്പെട്ടപോലെ ആ രാജ്യത്ത് കുടുങ്ങിയ മലയാളികളുടെ കഥയാണ്. അമേരിക്കൻ പ്രാഞ്ചികളെ ഒരുപാട് കേട്ട നമുക്ക്, എങ്ങുമെത്താത്തവും ഒന്നുമാവാത്തവരുമായ യു എസ് മലയാളികളുടെ കഥ അന്യമാണ്. പക്ഷേ അത് ഡെവലപ്പ് ചെയ്യാൻ സംവിധായകന് ആയില്ല.

6.നീരാളി
ഫാൻസിന്റെ അമിത പ്രതീക്ഷകൾമൂലം പൊളിഞ്ഞുപോയ ചിത്രമായിരുന്നു നീരാളി. സത്യത്തിൽ ഇത് വിജയം അർഹിച്ച് ചിത്രമായിരുന്നു. പക്ഷേ മോഹൻലാലിൽനിന്ന് ആരാധകർ പ്രതീക്ഷിച്ച വീരസാഹസികത കിട്ടിയില്ല. ലാലിൽനിന്ന് ആരാധകർ പ്രതീക്ഷിക്കുന്ന അതിമാനുഷിക കൂട്ടപ്പൊരിച്ചിലൊന്നും ഈ പടത്തിന്റെ കഥ ആവശ്യപ്പെടുന്നുമില്ല. പക്ഷേ അെതാന്നും ഫാൻസിന് പടിച്ചില്ല. അമിതമായി ഫാൻസിനെ പ്രോൽസാഹിപ്പിച്ചാലുണ്ടാവുന്ന ദുരന്തം കൂടിയാണ് ഇത്.ഒരു ഔട്ട്സ്റ്റാൻഡിങ്ങ് ത്രില്ലർ ആക്കാനുള്ള എല്ലാ വകുപ്പുകളും അജോയ് വർമ്മയെന്ന ബോളിവുഡ് സംവിധായകന്റെ കന്നി മലയാള ചിത്രത്തിൽ ഉണ്ടായിരുന്നു.ടോം ഹാങ്ക്സിന്റെ കാസ്റ്റ്എവേ, ഡാനിബോയലിന്റെ 127 അവേഴ്സ് തുടങ്ങിയ നിരവധി അതിജീവന ചിത്രങ്ങളുടെ ഗണത്തിൽപെടുത്താവുന്ന ഒന്നാന്തരം ചിത്രമൊരുക്കാനുള്ള അവസരമാണ്, ചില പതിവ് പൊട്ടത്തരങ്ങളിലും ഏച്ചുകെട്ടലുകളിലും പെട്ട് ലാലേട്ടനും കൂട്ടരും കളഞ്ഞു കുളിച്ചത്.
എത്ര തീവ്രമായ ഒരു ത്രഡ് കിട്ടിയാലും അതിനെ സിനിമാറ്റിക്കായി വികസിപ്പിക്കുന്നതിൽ മലയാള സിനിമ ഇനിയും വിജയിച്ചിട്ടില്ലെന്നാണ് നീരാളിയുടെ അനുഭവം വ്യക്തമാക്കുന്നത്.പക്ഷേ എന്നിരുന്നാലും വിജയം അർഹിച്ചിവുന്ന ഒരു സിനിമാണ് ഇതെന്ന് പറയായെ വയ്യ.

7.പരോൾ
ആകെയുള്ള കുറച്ച് നല്ല സീനുകൾ ചുരണ്ടിക്കെട്ടി മനോഹരമായ ഒരു ടീസറും ട്രെയിലറുമുണ്ടാക്കി പാവം പ്രേക്ഷകരെ പോക്കറ്റടിക്കുക. മമ്മൂട്ടി ചിത്രമായ പരോൾ അത്തരത്തിലുള്ളതായിരുന്നു. വീണ്ടും ഒരു മമ്മൂട്ടി ദുരന്തം കൂടിയെന്നേ പറയാനുള്ളൂ എഴുപതുകളുടെ തുടക്കത്തിലൊക്കെയുള്ള, നസീറും മധുവും സത്യനുമൊക്കെ കോമ്പോ വരുന്ന ചില കുടുംബചിത്രങ്ങളെ ഓർമ്മിപ്പിക്കുന്നത്ര വളിപ്പായിരുന്നു ഈ പടം.ചെയ്യാത്ത കുറ്റത്തിന് ജയിലിൽപോവുന്ന നായകൻ, മകനുവേണ്ടി കുറ്റം ഏറ്റെടുക്കുന്ന പിതാവ്, അവസാനം എല്ലാം 'കോംപ്ളിമെൻസാക്കി' ഇവരെല്ലാംകൂടി കെട്ടിപ്പിടിച്ചൊരു കരച്ചിലുണ്ട്.... എല്ലാം തെറ്റിദ്ധാരണയായിരുന്നുപോലും. ഈ അളിഞ്ഞതും അങ്ങേയറ്റം പൈങ്കിളിയുമായ സെന്റിമെൻസ് ഡ്രാമ പുതിയകാലത്തേക്ക് കൊണ്ടുവന്നാൽ എങ്ങനെയിരിക്കും.ഒറ്റവാക്കിൽ പറഞ്ഞാൽ ഒരു പൊട്ടപ്പടം.ശരത് സന്തിത്ത് എന്ന നവാഗത സംവിധായകൻ മെഗാ സ്റ്റാൻ മമ്മൂട്ടിയെ നായകനാക്കിയെടുത്ത പരോൾ എന്ന സിനിമക്ക് കയറിപ്പോവുന്നതിനേക്കാളും നല്ലത് ജീവപര്യന്ത്യം ശിക്ഷയോ തൂക്കുകയറോ ആയിരുന്നു.വൃത്തിയുള്ള ചില ക്യാമറാവർക്കുകൾ ഒഴിച്ചാൽ ആശയപരമായി ഉള്ളുപൊള്ളയാണ് ഈ ചിത്രം.യിൽവാർഡനായി ജോലിചെയ്തെന്ന് പറയുന്ന അജിത്ത് പൂജപ്പുരയൊരുക്കിയ തിരക്കഥക്ക് യാതൊരു അനുഭവ തീഷ്ണതയുമില്ല.പലപ്പോഴും സെറ്റിട്ട് എടുത്ത സ്‌കിറ്റിന്റെയും നാടകത്തിന്റെയും ഭാവമാണ് ഉള്ളത്.

8.സ്ട്രീറ്റ് ലൈറ്റ്സ്
പഴയവീഞ്ഞിനെ, കുപ്പിമാത്രം പുതിയതാക്കി മാർക്കറ്റ് ചെയ്യാൻ ഇറങ്ങിയ മമ്മൂട്ടിക്കും കൂട്ടർക്കും വീണ്ടും കൈപാള്ളിയ ചിത്രമായിരുന്നു സ്ട്രീറ്റ് ലൈറ്റ്സ് . ഏറ്റവും രസകരം മമ്മൂട്ടിയുടെതന്നെ സ്വന്തം കമ്പനിയായ പ്ളേഹൗസിന്റെ പടമാണ് ഇതെന്നതാണ്. അല്ലെങ്കിൽ മമ്മൂട്ടി ഉഴപ്പിയതാണെന്ന് ജനം പറഞ്ഞേനെ.വൻ പ്രതീക്ഷയുമായി എത്തിയ ചിത്രം പൊട്ടിയത് എട്ടുനിലയിലാണ്. പുതുമുഖമായ ഷാജിത്ത് ഒരുക്കിയ ചിത്രത്തിൻെക്ലൈമാക്സിലൊക്കെ ജനം കൂക്കുകയാണ്.ചിത്രം ഏത് രീതിയിൽ പോവും എങ്ങനെ അവസാനിക്കുമെന്നൊക്കെ, അവിദഗ്ധനായ ഒരു കാക്കാലനുപോലും പ്രവചിക്കാൻ കഴിയുന്ന അവസ്ഥ.മറ്റ് ഭാഷാ ചിത്രങ്ങളുടെ മുന്നേറ്റം കാണുമ്പോൾ ലജ്ജാകരമായ പ്രതിഭാരിദ്രമാണിത്.ഇന്നത്തെ കാലത്ത് അവതരണത്തിലും പ്രമേയത്തിലും എന്തെങ്കിലും പുതുമകൾ ഉണ്ടെങ്കിലേ ജനം ചിത്രം ഏറ്റടുക്കുവെന്ന് ആരെങ്കിലും മമ്മൂട്ടിയാട് പറഞ്ഞുതരണോ. അങ്ങ് കൂളിങ്ങള് ഗ്ലാസ്വെച്ച് ചുള്ളനായി ആഡംബരവാഹനങ്ങളിൽ ഇറങ്ങിയാൽ മാത്രം പടം വിജയിക്കുന്ന കാലം കഴിഞ്ഞുവെന്ന് ഇനിയെങ്കിലും ഓർക്കുക.മോഷണവും കൊലപാതകവും ഗുണ്ടാവേട്ടയുമൊക്കൊയായി നാം എത്രയോ തവണ കേട്ട കുറ്റാന്വേഷണ കഥയെ,മൾട്ടി ലീനിയർ ന്യൂജൻ സ്റ്റോറിയാക്കി പുതിയ കുപ്പിയിലാക്കാനുള്ള ശ്രമം തിരക്കഥാകൃത്ത് ഫവാസ് മുഹമ്മദ് നടത്തിയിട്ടുണ്ട്.ഒരു ബംഗ്ളാവിലെ വജ്രമാലാ മോഷണം, ഒരു ബ്യൂട്ടിപാർലർ നടത്തിപ്പുകാരന്റെ പ്രേമം,ഒരു ബാലന്റെ അതിജീവനം എന്നിങ്ങനെ മൂന്ന് വ്യത്യസ്തമായ കഥ പറഞ്ഞ് തുടങ്ങുമ്പോഴേ പ്രേക്ഷകരിലെ കിട്ടുണ്ണി ഇതെത്ര കണ്ടതാണെന്ന് പറയുന്നു.ഈ മൂന്നുകഥകളും ഒരു ബിന്ദുവിൽ സന്ധിക്കുമെന്ന് ആർക്കാണ് അറിയാത്തത്.ഇങ്ങനെ ഗിമ്മിക്ക് കാട്ടുന്നതിലും നല്ലത് നേരെചൊവ്വെ കഥപറയുന്നതായിരുന്നു.

9.ദൈവമെ കൈതൊഴാം കെ കുമാറാക്കണം
ഒരു ജയാറം ചിത്രം എങ്ങനെയാവുമെന്ന് അറിയാമായിരുന്നെങ്കിലും സലിംകുമാർ സംവിധാനം ചെയ്യുന്നു എന്നതായിരുന്നു 'ദൈവമേ കൈതൊഴാ കെ കുമാറാക്കണം' ്എന്ന ചിത്രത്തിന്റെ ഹൈലൈറ്റ്. കറുത്ത യഹൂദൻ എന്ന സമീപകാല മലയാള സിനിമയിലെ, കരളുലക്കുന്ന അനുഭവമായ ചിത്രമെടുത്ത സലിംകുമാർ എന്ന ബഹുമുഖ പ്രതിഭയുടെ അടുത്ത പടം പക്ഷേ വെറുപ്പിക്കലിന്റെ ഭയകനക വേർഷനായിരുന്നു. കറുത്ത യഹൂദൻ എന്ന ക്ളാസിക്ക് പടത്തിന് പ്രേക്ഷകരിൽനിന്ന് കിട്ടാതെപോയ അംഗീകാരത്തിന്റെ സർഗാത്മക പ്രതികാരമാണോ ഈ പടം എന്ന് ന്യായമായും സംശയിച്ചുപോവും.നല്ല പടമെടുത്തിട്ട് ഇവനൊന്നും വേണ്ട.. എന്നാൽ കുറച്ച് കൂതറ ഇട്ടുകൊടുക്കാം എന്ന് കരുതിയാണെന്ന് അറിയില്ല, കറുത്ത യഹൂദന്റെ സംവിധായകന് തീർത്തും അപമാനകരമായിപ്പോയ വിലക്ഷണമായ ഒരു സൃഷ്ടിയാണ് കെ.കുമാർ. ചളമായിപ്പോയ ഒരു സോഷ്യൽ സറ്റയർ ആണ് ഈ പടം.എന്തൊക്കെയോ പറയണമെന്ന് രചനയും സംവിധാനവും നിർവഹിച്ച സലിംകുമാറിന്റെ ഉള്ളിലുണ്ട്.പക്ഷേ ആകെ മൊത്തം ടോട്ടലായി എടുക്കുമ്പോൾ,സലിംകുമാറിന്റെതന്നെ ഒരു കഥാപാത്രം 'കലാണരാമനിൽ' പറഞ്ഞപോലെ 'എന്തിനോവേണ്ടി തിളക്കുന്ന സാമ്പാറയിപ്പോയി'. പിന്നെ ആകെ ഒരു ഗുണമുള്ളത് മാധ്യമങ്ങളൊന്നും വിമർശിക്കാത്ത നമ്മുടെ സ്വർണക്കട മുതലാളി ബോബി ചെമ്മണ്ണൂരിനെ ചെറുതായൊന്നു ട്രോളി എന്നതുമാത്രമാണ്.

10.മൈ സ്റ്റോറി
വൈവിധ്യമായ സിനിമകൾ ചെയ്യണമെന്ന് വാശിയുള്ള മലയാളത്തിന്റെ പ്രിയ നായകൻ പ്രഥ്വീരാജും, യുവ നടി പാർവതിയും മുഖ്യവേഷങ്ങളിലെത്തിയ 'മൈ സ്റ്റോറി'യെന്നചിത്രത്തിലും പ്രതീക്ഷകൾ എറെ ആയിരുന്നൂ. പഴഞ്ചൻ കഥയും ഇഴഞ്ഞു നീങ്ങുന്ന ആഖ്യാനവുമായി ചിത്രം പ്രേക്ഷകരെ മടുപ്പിച്ചു. റിലീസിന് നാലുദിവസത്തിനുശേഷം പടത്തെ നയാകനുതന്ന തള്ളിപ്പറയേണ്ടി വന്നു. ചിത്രം തീർന്നപ്പോൾ ഷെയിം ഓൺ പ്രഥ്വീരാജ് എന്ന് അറിയാതെ പറഞ്ഞുപോയി.കാരണം കഥയിലടക്കമുള്ള ചില പുതുമകളുടെ അടിസ്ഥാനത്തിൽ കണിശമായ നിബന്ധനകളോടെ പടമെടുക്കുന്ന നടനാണ് പ്രഥ്വീരാജ് എന്ന കേൾവിയുടെ അടിസ്ഥാനത്തിലാണ് കാശുകൊടുത്ത് തീയേറ്ററിൽ കയറുന്ന പാവങ്ങൾ ഈ പീഡനം ഏറ്റുവാങ്ങേണ്ടി വരുന്നത്.

പുരുഷാധിപത്യം കൊടികുത്തിവാഴുന്ന മലയാള സിനിമയിലേക്ക് ഒരു വനിതാ സംവിധായിക കടന്നുവരുന്നതിലും സന്തോഷമുണ്ടായിരുന്നു. പക്ഷേ കോസ്്റ്റിയൂം ഡിസൈനർ എന്നനിലയിൽ പേരെടുത്ത രോഷ്്‌നി ദിനകർ ആദ്യമായി സംവിധാനം ചെയ്്ത ചിത്രം പക്ഷേ ഒരർഥത്തിലും പ്രോൽസാഹിപ്പിക്കപ്പെടണ്ടതല്ലാത്ത വികല സൃഷ്ടിയായിപ്പോയി.ഒപ്പം എഴുത്തുകാരനായി ശങ്കർ രാമകൃഷ്ണന്റെ പേര് കേട്ടതോടെ പ്രതീക്ഷകൾ ഇരട്ടിച്ചു.പക്ഷേ കാത്തത്തൊള്ളായിരം വട്ടം കേട്ട കഥ ഒരു വെറൈറ്റിക്കുവേണ്ടി യൂറോപ്യൻ രാജ്യത്തുപോയി ചിത്രീകരിച്ചാൽ പുതുമയാവുമോ? സന്തോഷ് ജോർജ് കുളങ്ങരയുടെ 'സഞ്ചാര'ത്തിലേക്ക് ഒരു കഥ കയറ്റിവിട്ടാൽ എങ്ങനെയുണ്ടാവും. അതുപോലെയായിപ്പോയി ഈ പടപ്പും.