- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗോവയിൽ പത്ത് മണിയോടെ ചിത്രം വ്യക്തമാകും; പിന്നാലെ മണിപ്പൂരിലെയും ഉത്തരാഖണ്ഡിലേയും; പഞ്ചാബിലെ ഭരണം ആർക്കെന്നും ഉച്ചയ്ക്ക് മുമ്പ് തെളിയും; യുപിയിൽ യോഗിയോ അഖിലേഷോ എന്ന് അറിയാൻ പിന്നേയും മണിക്കൂറുകൾ വേണ്ടി വരും; അഞ്ച് സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ തുടങ്ങി; ആദ്യ ഫലസൂചനകളിൽ യുപിയിൽ ബിജെപിയും പഞ്ചാബിൽ കോൺഗ്രസും മുന്നിൽ
ന്യൂഡൽഹി: ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പുർ, ഗോവ എന്നീ അഞ്ചുസംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ തുടങ്ങി. തപാൽവോട്ടുകളാണ് ആദ്യമെണ്ണുന്നത്. പത്തുമണിയോടെ ആദ്യഫലങ്ങൾ പുറത്തുവരും. ഗോവയിലെ മുഴുവൻ ചിത്രവും പത്ത് മണിയോടെ തെളിയും. തൊട്ടു പിന്നാലെ മണ്ണിപ്പൂരിലും പഞ്ചാബിലും ചിത്രം വ്യക്തമാകും. യുപിയിലെ അന്തിമ ഫലം ഉച്ചകഴിയുമെന്നാണ് വിലയിരുത്തൽ.
കഴിഞ്ഞദിവസം പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങൾ യു.പി., ഉത്തരാഖണ്ഡ്, മണിപ്പുർ എന്നീ സംസ്ഥാനങ്ങളിൽ ബിജെപി.ക്ക് മേൽക്കൈ പ്രവചിക്കുന്നു. ഗോവയിൽ കോൺഗ്രസും ബിജെപി.യും ഒപ്പത്തിനൊപ്പമെന്നാണ് സൂചന. പഞ്ചാബിൽ എക്സിറ്റ്‌പോളുകളെല്ലാം ആം ആദ്മി പാർട്ടിക്ക് ഭരണമുറപ്പിക്കുന്നു. ഉത്തർപ്രദേശിൽ 403 സീറ്റുകളിലേക്കും പഞ്ചാബിൽ 117 സീറ്റുകളിലേക്കും ഉത്തരാഖണ്ഡിൽ 70 സീറ്റുകളിലേക്കും മണിപ്പുരിൽ 60 സീറ്റുകളിലേക്കും ഗോവയിൽ 40 സീറ്റുകളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടന്നത്.
403 സീറ്റുകളുള്ള യു.പിയിൽ ലീഡ് നില ഉച്ചയോടെ വ്യക്തമാകുമെങ്കിലും എല്ലാ മണ്ഡലങ്ങളിലെയും ഫലങ്ങൾ എത്താൻ വൈകുമെന്നാണ് കരുതുന്നത്. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുൻപുള്ള സെമിഫൈനൽ എന്നു വിശേഷിപ്പിച്ച ഈ തിരഞ്ഞെടുപ്പിൽ രാജ്യം ഉറ്റുനോക്കുന്നത് ഉത്തർപ്രദേശിലേക്കാണ്. യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ ബിജെപിക്ക് ഭരണത്തുടർച്ച ലഭിക്കുമെന്നാണ് എക്‌സിറ്റ് പോൾ സർവെ ഫലങ്ങൾ. സർവേ ഫലങ്ങൾ സത ്യമാവുമെങ്കിൽ കോൺഗ്രസിനാണ് അത് ഏറെ ദോഷം ചെയ്യുക.
പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തിൽ ഏറെ പ്രതീക്ഷയോടെയാണ് അവർ തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഇന്ധന വില വർദ്ധനവ്, കർഷക സമരം എന്നിവ പോലുള്ള അനുകൂല ഘടകങ്ങൾ ഒട്ടനവധിയായിരുന്നു. അധികാരത്തിലെത്തില്ലെങ്കിലും കഴിഞ്ഞ തവണത്തെക്കാൾ സ്ഥിതി മെച്ചപ്പെടുത്താനാവുമെന്നാണ് പാർട്ടിയുടെ പ്രതീക്ഷ. ബിജെപി, കോൺഗ്രസ്, സമാജ്വാദി, ആം ആദ്മി, ബിഎസ്‌പി, അകാലിദൾ തുടങ്ങിയ പാർട്ടികളുടെ ഭാവിയെ സാരമായി ബാധിക്കുന്നതാകും ജനവിധി.
രാവിലെ എട്ടിനു വോട്ടെണ്ണൽ തുടങ്ങി. കോവിഡിന്റെ പശ്ചാത്തലത്തിൽ വേണ്ട മുൻകരുതലുകളോടെയാണു വോട്ടെണ്ണൽ. കേന്ദ്രസേന അടക്കം കർക്കശ സുരക്ഷാ സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ലീഡ് നില മുതൽ ആദ്യ ഫല സൂചനകൾ വരെ തെരഞ്ഞെടുപ്പു കമ്മീഷൻ വെബ്സൈറ്റിൽ ലഭ്യമാകും. ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിട്ടുള്ള സ്ട്രോംഗ് റൂമുകൾ രാവിലെ ഏഴിനു ശേഷം തുറന്നു. മൊത്തം 1,200 വോട്ടെണ്ണൽ കേന്ദ്രങ്ങളുണ്ട്. 403 നിയമസഭാ മണ്ഡലങ്ങളുള്ള യുപിയിൽ 750ലേറെ കേന്ദ്രങ്ങളാണുള്ളത്.
യുപിയിൽ സീറ്റു കുറയുമെങ്കിലും ബിജെപിക്കു കേവല ഭൂരിപക്ഷം കിട്ടുമെന്നാണ് എക്സിറ്റ് പോൾ സർവേ ഫലങ്ങൾ. സമാജ്വാദി പാർട്ടി പ്രതീക്ഷ കൈവിട്ടിട്ടില്ല. പഞ്ചാബിൽ ആം ആദ്മി പാർട്ടിക്കും മണിപ്പൂരിൽ ബിജെപിക്കും ഭൂരിപക്ഷം പ്രവചിച്ചിട്ടുണ്ട്. ഗോവയിലും ഉത്തരാഖണ്ഡിലും ഭൂരിപക്ഷം കിട്ടുമോ, തൂക്കൂസഭയാകുമോയെന്നറിയാൻ ബിജെപിയും കോൺഗ്രസും ആശങ്കയോടെയും സർവസന്നാഹങ്ങളോടെയും കാത്തിരിക്കുകയാണ്.
മറുനാടന് ഡെസ്ക്