റിയോ ഡി ജനീറോ: റിയോ ഒളിംപിക്‌സിന്റെ ആദ്യദിവസമായ ഇന്ന് 21 ഇനങ്ങളിലാണു മൽസരങ്ങൾ. ഇതിൽ ഏഴു മെഡൽ പോരാട്ടങ്ങളുണ്ട്. 12 ഇനങ്ങളിലാണ് ഇന്ത്യൻ താരങ്ങൾ മൽസരിക്കുന്നത്. അമ്പെയ്ത്ത്, ഭാരോദ്വഹനം, ഷൂട്ടിങ്, നീന്തൽ, ജൂഡോ, ഫെൻസിങ്, സൈക്ലിങ് എന്നിവയിലാണ് ഇന്നത്തെ മെഡൽപോരാട്ടങ്ങൾ. ഷൂട്ടിങ്, ടെന്നിസ്, ഹോക്കി, ഭാരോദ്വഹനം എന്നിവയിൽ ഇന്ത്യൻ താരങ്ങൾ മൽസരത്തിനിറങ്ങും.

ആദ്യ ദിനം ഷൂട്ടിങ്ങിലാണ് ഇന്ത്യയുടെ മെഡൽ പ്രതീക്ഷ. പുരുഷവിഭാഗം 10 മീറ്റർ എയർ റൈഫിളിൽ ജീത്തുറായി ഇന്ത്യൻ പ്രതീക്ഷയുടെ കൊടിയേന്തും. ഗുർപ്രീത് സിങ്ങും മൽസരിക്കുന്നുണ്ട്. വനിതാവിഭാഗത്തിൽ അപൂർവി ചന്ദേലയും അയോണിക പോളും മൽസരിക്കും. പുരുഷ ടെന്നിസ് ഡബിൾസിൽ രോഹൻ ബൊപ്പണ്ണ ലിയാൻഡർ പേസ് സഖ്യവും വനിതാ ഡബിൾസിൽ സാനിയ മിർസ പ്രാർത്ഥനാ തോംബാർ സഖ്യവുമാണ് ഇന്ത്യയുടെ ഗ്ലാമർ ഹൈലൈറ്റ്‌സ്. ഭാരോദ്വഹനത്തിൽ മീരാഭായ് ചാനുവും വനിതകളുടെ ടേബിൾ ടെന്നിസിൽ മൗമ ദാസും മണിക് ബത്രയും മൽസരിക്കും. പുരുഷവിഭാഗം ടേബിൾ ടെന്നിസിൽ ശരത് കമലും സൗമ്യജിത് ഘോഷും മൽസരിക്കും. റോവിങ്ങിൽ ബാബൻ ദത്തുവും ഇന്ത്യയ്ക്കായി തുഴയെറിയും.