ചെറുകുന്ന്: അയൽ വീട്ടിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തക്കം കിട്ടുമ്പോഴൊക്കെ പീഡിപ്പിച്ച 21കാരൻ പൊലീസ് കസ്റ്റഡിയിൽ പെൺകുട്ടി ഒരു കുഞ്ഞിന് ജന്മം നൽകിയതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞതും യുവാവ് പൊലീസ് കസ്റ്റഡിയിൽ ആകുകയും ചെയ്തത്. പതിനാറുകാരിയായ സ്‌കൂൾ വിദ്യാർത്ഥിനിയാണ് പ്രസവിച്ചത്.

കണ്ണൂരിലെ കണ്ണപുരം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. കോളേജ് വിദ്യാർത്ഥിയാണ് ഇയാൾ. പെൺകുട്ടിയെ വിവാഹം ചെയ്‌തോളാമെന്ന് പറഞ്ഞ് ആറുമില്ലാത്ത സമയത്ത് വീട്ടിൽ വെച്ചും മറ്റും പീഡിപ്പിക്കുകയായിരുന്നു യുവാവ്. എന്നാൽ വീട്ടുകാർ ഇതൊന്നും അറിഞ്ഞിരുന്നില്ല. ബുധനാഴ്ച പുലർച്ചെ വയറുവേദനയെത്തുടർന്ന് പെൺകുട്ടിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ആൺ കുഞ്ഞിന് ജന്മം നൽകുകയുമായിരുന്നു.

അപ്പോഴാണ് പെൺകുട്ടി ഗർഭിണിയാണെന്ന വിവരം പോലും പുറം ലോകം അറിയുന്നത്. സംഭവത്തെ തുടർന്ന് പൊലീസ് എത്തി 21കാരനായ അയൽവാസിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. വിവാഹം കഴിക്കാമെന്നു പറഞ്ഞ് വീട്ടിൽവച്ചും മറ്റും പീഡിപ്പിക്കുകയായിരുന്നു എന്ന് പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

പെൺകുട്ടിയുടെ പരാതിയെത്തുടർന്ന് കീഴറ വള്ളുവൻകടവ് സ്വദേശി പുതുക്കേൻ ഹൗസിൽ പി. രാഹുലിന്റെ പേരിൽ കണ്ണപുരം പൊലീസ് പോക്സോ നിയമപ്രകാരമാണ് കേസെടുത്തത്. രാഹുലിനെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.