ബജറ്റ് ദിവസം കെ എം മാണിക്ക് കാവൽ നിന്നത് വ്യാജവേഷം ധരിച്ച പൊലീസെന്നറിഞ്ഞിട്ടും മിണ്ടാനാവാതെ പ്രതിപക്ഷം; പ്രവേശനാനുമതി ഇല്ലാത്ത നിയമസഭയിൽ നിയമവിരുദ്ധമായി നിരന്നത് 212 പൊലീസുകാർ
പാലക്കാട്: ബജറ്റ് അവതരണദിനത്തിൽ ധനകാര്യമന്ത്രി കെ എം മാണിക്കു കാവൽ നിന്നത് വേഷം മാറിയെത്തിയ പൊലീസാണെന്നു വ്യക്തമായിട്ടും ഇതിനെതിരെ ഒരു പരാതി നൽകാൻ പോലും കഴിയാതെ പ്രതിപക്ഷം. നിയമസഭയിൽ പ്രവേശനാനുമതി ഇല്ലാത്ത പൊലീസുകാരെ നിയമസഭയിലേക്ക് വേഷം മാറ്റിച്ചെത്തിച്ചത് മുഖ്യമന്ത്രിയുടേയും ആഭ്യന്തരമന്ത്രിയുടേയും സ്പീക്കറുടേയും പ്രത്യ
- Share
- Tweet
- Telegram
- LinkedIniiiii
പാലക്കാട്: ബജറ്റ് അവതരണദിനത്തിൽ ധനകാര്യമന്ത്രി കെ എം മാണിക്കു കാവൽ നിന്നത് വേഷം മാറിയെത്തിയ പൊലീസാണെന്നു വ്യക്തമായിട്ടും ഇതിനെതിരെ ഒരു പരാതി നൽകാൻ പോലും കഴിയാതെ പ്രതിപക്ഷം. നിയമസഭയിൽ പ്രവേശനാനുമതി ഇല്ലാത്ത പൊലീസുകാരെ നിയമസഭയിലേക്ക് വേഷം മാറ്റിച്ചെത്തിച്ചത് മുഖ്യമന്ത്രിയുടേയും ആഭ്യന്തരമന്ത്രിയുടേയും സ്പീക്കറുടേയും പ്രത്യേക നിർദ്ദേശപ്രകാരമാണ്. ഇതിനായി വാച്ച് ആൻഡ്് വാർഡിന്റെ യൂണിഫോമിൽ നിയമസഭയിലെത്തിയത് 212 പൊലീസുകാരാണ്.
നിയമസഭയിൽ യുദ്ധസമാനമായ അടിയന്തരസാഹചര്യമുണ്ടാകുമ്പോൾ മാത്രം മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും വേണമെങ്കിൽ പൊലീസിനെ നിയമസഭയിൽ വിന്യസിക്കാം. എന്നാൽ പൊലീസ് യൂണിഫോമിൽത്തന്നെയായിരിക്കണം അവർ സഭയിൽ കയറേണ്ടത്. ഇവിടെ പക്ഷേ, വാച്ച് ആൻഡ് വാർഡിന്റെ വേഷത്തിൽ വ്യാജന്മാരെപ്പോലെ ഡ്യൂട്ടി ചെയ്തത് നിയമവിരുദ്ധമാണെന്നു നിയമവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ഹൈക്കോടതിയിൽ പൊതുതാത്പര്യഹർജി കൊടുത്താൽ ഇന്ത്യൻ ഭരണഘടനയുടെ ഉചിതമായ വകുപ്പുകൾ പ്രകാരം മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, ചീഫ് സെക്രട്ടറി തുടങ്ങിയവർക്കെതിരേ നോട്ടീസയച്ചു കേസെടുക്കാവുന്നതാണ്. ഇതു പകൽ പോലെ വ്യക്തമാണെന്നിരിക്കെ, ബജറ്റവതരണവേളയിലും തുടർന്നുള്ള ദിനങ്ങളിലും കോലാഹലപ്പെരുമഴയുണ്ടാക്കിയ പ്രതിപക്ഷം നയതന്ത്രപരമായ മൗനത്തിലാണ്.
നിയമസഭയിൽ പ്രതിപക്ഷത്തെ നേരിടാൻ ഒരു അംഗത്തിന് അഞ്ചുപേർ എന്ന നിലയ്ക്കാണ് പൊലീസുകാരെ വിന്യസിച്ചത്. നൂറ് വാച്ച് ആൻഡ് വാർഡ് സഹിതം 312 പേരാണ് ബജറ്റ് അവതരണവേളയിൽ നിയമസഭയിൽ ഉണ്ടായിരുന്നത്. എന്നാൽ നിയമസഭയിൽ നടന്നത് പ്രതിപക്ഷത്തിന് ഇപ്പോൾ ഒരു വിഷയമേയല്ല. കൊച്ചുകുട്ടികൾ പരസ്പരം തല്ലു കൂടിയാൽ രണ്ടു ദിവസത്തിനകം മറക്കുന്നതു പോലെ അവർ ഇപ്പോൾ പുതിയ മേച്ചിൽപുറങ്ങളിലാണ്.
കോൺഗ്രസ് അനുകൂല പൊലീസ് അസോസിയേഷനിൽപെട്ടവരെയാണ് ഇത്തരത്തിൽ ജോലിക്ക് നിയോഗിച്ചത്. കേരള ആംഡ് പൊലീസ് മൂന്നാം ബറ്റാലിയൻ, തിരുവനന്തപുരം സ്പെഷൽ ആംഡ് പൊലീസ്, തിരുവനന്തപുരം സിറ്റി വനിതാ പൊലീസ് എന്നിവിടങ്ങളിൽനിന്നുള്ളവരായിരുന്നു വേഷം മാറിയെത്തിയത്. നിയമസഭക്ക് അകത്തും പുറത്തുമായി ആകെ 130 പേർ മാത്രമേ വാച്ച് ആൻഡ് വാർഡായി സർക്കാർ കണക്കുപ്രകാരം ജോലി ചെയ്യുന്നുള്ളു. ഇതിൽ സെക്രട്ടറിയേറ്റിനുള്ളിൽ 104 പേരാണ് ഡപ്യൂട്ടേഷനിൽ നിലവിലുള്ളത്. ബാക്കിയുള്ളവർ സ്പീക്കറുടെ ഔദ്യോഗിക വസതിയുടെ സുരക്ഷയ്ക്കും മറ്റുമായാണ് നിയമിതരായിട്ടുള്ളത്. ഇവർക്കല്ലാതെ പൊലീസുകാർക്ക് നിയമസഭാമന്ദിരത്തിൽ പ്രവേശനമില്ല. ഇവിടേക്കാണ് നിയമങ്ങൾ കാറ്റിൽ പറത്തി ആഭ്യന്തരമന്ത്രിയുടെ നിർദ്ദേശപ്രകാരം പൊലീസ് കയറിയത്.
മാർച്ച് 13 ന് വനിതാ അംഗങ്ങളടക്കം നിരവധി സാമാജികർക്ക് പരിക്കേറ്റതും അക്രമങ്ങൾക്കും പിന്നിൽ പ്രവേശനാനുമതിയില്ലാത്ത പൊലീസുകാരുണ്ടെന്ന് അന്നേ പ്രതിപക്ഷം ആരോപിച്ചിരുന്നു. എന്നാൽ പൊലീസ് കാവലിലല്ല ബജറ്റ് അവതരണമെന്നും നിയമസഭക്കകത്തെ സംഘർഷങ്ങൾ വാച്ച് ആൻഡ്് വാർഡ് നേരിട്ടുവെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞിരുന്നത്.
നിയമസഭക്കകത്തു നടന്ന ലഡുതീറ്റ, കയ്യാങ്കളി, കെട്ടിപ്പിടുത്തം, കസേരകളി, ബോധംകെടൽ, കടി, ചവിട്ടിമറിക്കൽ, ആലിംഗനം തുടങ്ങിയ കാര്യങ്ങളൊന്നും സ്പീക്കർ കാണാതെ പോയതുകൊണ്ട് ഒരു നടപടിയുമുണ്ടായില്ല. സ്പീക്കർ കാണത്തതുകൊണ്ട് ഇതു മറ്റാരും കണ്ടിട്ടും കാര്യമില്ലെന്നുള്ള പുതിയ നിയമപരിജ്ഞാനം കൂടി കേരളത്തിനു കിട്ടി. എല്ലാം മറന്ന് ഇടതുമുന്നണി വിപുലീകരണം എന്ന ലക്ഷ്യം മുമ്പിൽ നിർത്തിയാണ് ഇപ്പോൾ പ്രതിപക്ഷപ്രവർത്തനം. അധികാരം പിടിച്ചെടുക്കാൻ ഇടതും നിലനിർത്താൻ യു.ഡി.എഫും ശ്രമിച്ചു വരുന്നതിനിടെ നിയമസഭയിലെ പച്ചയായ നിയമലംഘനം ഇരു കൂട്ടർക്കും വിഷയമല്ലാതായിക്കഴിഞ്ഞു.
നിയമസഭയിൽ വേഷം മാറിയെത്തിയ പൊലീസുകാർ ആരെന്നും, ആരുടെ നിർദ്ദേശപ്രകാരമാണ് ഇവരെത്തിയതെന്നും പ്രതിപക്ഷത്തിനുമറിയാം. നിയമസഭയിൽ ജോലിക്ക് ഉണ്ടായിരുന്ന വാച്ച് ആൻഡ് വാർഡുകളെ കുറിച്ച് വിവരാവാകാശ നിയമപ്രകാരം ലഭിക്കുന്ന രേഖകളിൽനിന്നുതന്നെ കാര്യങ്ങൾ വ്യക്തമാണ്. ഞാൻ ഒന്നും കണ്ടില്ലെന്ന് പറയാൻ സ്പീക്കർക്കാവില്ല. ഇതിനെപ്പറ്റി ചുരുങ്ങിയ പക്ഷം ഗവർണർക്ക് ഒരു പരാതി കൊടുക്കാനെങ്കിലും തയ്യാറായില്ലെങ്കിൽ പറഞ്ഞതെല്ലാം വിഴുങ്ങേണ്ട ഗതികേടിലാവും പ്രതിപക്ഷം.