ന്യൂഡൽഹി: വിവിധ കോവിഡ് വാക്സിനുകളുടെ 216 കോടി ഡോസുകൾ ഓഗസ്റ്റിനും ഡിസംബറിനുമിടെ ഇന്ത്യയിൽ നിർമ്മിക്കുമെന്ന് നീതി ആയോഗ് അംഗം ഡോ. വി.കെ പോൾ. സീറം ഇൻസ്റ്റിറ്റ്യൂട്ട് ഉൽപാദിപ്പിക്കുന്ന 75 കോടി ഡോസ് വാക്‌സീനും ഭാരത് ബയോടെക് ഉൽപാദിപ്പിക്കുന്ന 55 കോടി ഡോസ് കോവാസ്‌കീനുമുൾപ്പെടെയാണ് 200 കോടി ഡോസ് ലഭ്യമാകുക. 5 മാസത്തിനുള്ളിൽ രാജ്യത്തെ ജനങ്ങൾക്കായി 216 കോടി ഡോസ് നിർമ്മിക്കാനാണ് ലക്ഷ്യമിടുന്നത്. അടുത്ത വർഷം ആദ്യത്തോടെ 300 കോടി ഡോസ് ഉൽപാദിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

റഷ്യയിലെ ഗമേലയ നാഷണൽ സെന്റർ വികസിപ്പിച്ച സ്പുട്നിക് 5കോവിഡ് വാക്സിൻ അടുത്തയാഴ്ച ആദ്യം മുതൽ രാജ്യത്തുടനീളം പൊതുവിപണിയിൽ ലഭ്യമാകുമെന്നും അദ്ദേഹം അറിയിച്ചു. ലോകത്ത് വികസിപ്പിക്കപ്പെട്ട ആദ്യ കോവിഡ് വാക്സിനെന്ന് അറിയപ്പെടുന്ന സ്പുട്നിക് പ്രാദേശിക നിർമ്മാണം ജൂലായിൽ ഇന്ത്യയിൽ തുടങ്ങും. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന റെഡ്ഡീസ് ലബോറട്ടറിയാവും സ്പുട്നിക് വാക്സിൻ ഇന്ത്യയിൽ നിർമ്മിക്കുക. ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) ഏപ്രിലിൽ ഈ വാക്സിന് അടിയന്തര ഉപയോഗത്തിനുള്ള അനുമതി നൽകിയിരുന്നു. രാജ്യത്ത് കോവിഡ് കേസുകൾ വൻതോതിൽ വർധിച്ച സാഹചര്യത്തിൽ ആയിരുന്നു ഇത്.

കോവിഷീൽഡ്, കോവാക്സിൻ എന്നിവയ്ക്ക് പുറമെ രാജ്യത്ത് ലഭ്യമാക്കുന്ന മൂന്നാമത്തെ വാക്സിനാണ് സ്പുട്നിക് . പുണെ ആസ്ഥാനമായ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്ഐഐ) ആണ് ഓക്സ്ഫഡ് യൂണിവേഴ്സിറ്റി - ആസ്ട്രസെനക്ക എന്നിവ വികസിപ്പിച്ച വാക്സിൻ കോവിഷീൽഡ് എന്നപേരിൽ നിർമ്മിക്കുന്നത്. ഭാരത് ബയോടെക്കാണ് കോവാക്സിൻ വികസിപ്പിച്ചത്.

കഴിഞ്ഞ വർഷം ഓഗസ്റ്റ് 11-നാണ് സ്പുട്നിക് വി കോവിഡ് വാക്സിന് റഷ്യ ആദ്യമായി അനുമതി നൽകുന്നത്. കോവിഡ് 19 നെതിരെ വാക്സിൻ 91.6 ശതമാനം ഫലപ്രദമാണെന്നാണ് ലാൻസെറ്റ് മെഡിക്കൽ ജേർണലിൽ വ്യക്തമാക്കിയിരുന്നത്. 50 ലധികം രാജ്യങ്ങളിൽ ഈ വാക്സിൻ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. സ്പുട്നിക് വിയുടെ 750 മില്യൺ (75 കോടി) ഡോസുകൾ ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്നതിനുള്ള കരാറിൽ റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് ഫണ്ട് ഒപ്പുവച്ചിട്ടുണ്ട്.

ഫൈസർ, മോഡേണ, ജോൺസൺ ആൻഡ് ജോൺസൺ എന്നീ വാക്സിൻ നിർമ്മാതാക്കളുമായും ഇന്ത്യ നിരന്തരം ബന്ധപ്പെടുന്നുണ്ട്. ഇന്ത്യയിൽ വാക്സിൻ ലഭ്യമാക്കാൻ താത്പര്യമുണ്ടോ എന്ന് അവരോട് ആരായുന്നുണ്ട്. എന്നാൽ വാക്സിൻ ലഭ്യത വിലയിരുത്തിയശേഷം പ്രതികരിക്കാം എന്നാണ് അവർ വ്യക്തമാക്കിയിട്ടുള്ളത്. അവരുമായി ചർച്ചകൾ തുടരുകയാണ്. അവർ ഇന്ത്യയിൽ വാക്സിൻ ഉത്പാദിപ്പിച്ച് വിതരണം ചെയ്യുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി. കോവാക്സിൻ നിർമ്മാണത്തിൽ മറ്റുകമ്പനികളെയും പങ്കാളികളാക്കാൻ കേന്ദ്ര സർക്കാർ തയ്യാറാണെന്നും വി.കെ പോൾ പറഞ്ഞു.

ജനുവരി 16നാണ് ഇന്ത്യയിൽ കോവിഡ് മഹാമാരിക്കെതിരായ വാക്സിൻ കുത്തിവെപ്പ് തുടങ്ങിയത്. കോവിഷീൽഡ്, കോവാക്സിൻ എന്നിവയ്ക്ക് ഡിസിജിഐ അനുമതി നൽകി രണ്ടാഴ്ചകൾക്ക് ശേഷമായിരുന്നു ഇത്. നിലവിൽ വാക്സിനേഷന്റെ മൂന്നാംഘട്ടമാണ് രാജ്യത്ത് പുരോഗമിക്കുന്നത്. 18 വയസിന് മുകളിലുള്ളവർക്ക് മെയ് 1 മുതൽ വാക്സിൻ നൽകുമെന്നാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുള്ളത്. വ്യാഴാഴ്ച രാവിലെവരെ രാജ്യത്ത് 177,214,256 വാക്സിൻ ഡോസുകൾ കുത്തിവച്ചുവെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഡാഷ് ബോർഡ് വ്യക്തമാക്കുന്നത്. 1,894,991 ഡോസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കുത്തിവച്ചത്.