കുവൈത്തിൽ ആശ്രിത വിസയിൽ കഴിയുന്നവരുടെ താമസരേഖ പുതുക്കുന്നതിനും വിസ അനുവദിക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്താൻ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു.മാതാവ് ,സഹോദരങ്ങൾ, തുടങ്ങി 22-ാം നമ്പർ വിസ വിഭാഗത്തിൽ ഉൾപ്പെടുന്ന ആശ്രിത വിസയിൽ കഴിയുന്നവർക്കാണ് ഇനി മുതൽ വിസ പുതുക്കി നൽകാത്തത്.

നിലവിൽ വിസ പുതുക്കാൻ അപേക്ഷ സമർപ്പിച്ചവർക്ക് 3 മാസക്കാലത്തെ താൽക്കാലിക വിസ അനുവദിക്കാനും ഈ കാലാവധി കഴിയുന്നതോടെ ഇവരെ നാട്ടിലേക്ക് തിരിച്ചയക്കാനും ഉത്തരവിൽ പറയുന്നു.ഇത് സംബന്ധിച്ച് രാജ്യത്തെ എല്ലാ പാസ്പോർട്ട് ഓഫീസുകളിലും നിർദ്ദേശം നൽകിയതായി പാസ്സ്പോർട്ട് പൗരത്വ വിഭാഗം അണ്ടർ സെക്രട്ടറി മേജർ ജനറൽ ഷൈഖ് മേസിൻ അൽ ജറാഹ് അൽ സബാഹ് വ്യക്തമാക്കി.

ഇത് അനുസരിച്ച് 15 വയസ്സ് പൂർത്തിയായ ആൺ കുട്ടികൾക്കും 18 വയസ്സായ പെൺ കുട്ടികൾക്കും പുതുതായി ആശൃത വിസ നൽകുന്നതല്ല.നേരത്തെ ആൺ കുട്ടികൾക്ക് 18 വയസും പെൺ കുട്ടികൾക്ക് 21 വയസ്സുമായിരുന്നു ഇതിനായുള്ള പ്രായ പരിധി.നിലവിൽ രാജ്യത്ത് ആശൃത വിസയിൽ കഴിയുന്ന മക്കൾക്ക് താമസരേഖ പുതുക്കി നൽകുന്നതിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് പ്രകാരം 18 വയസ്സ് പൂർത്തിയായ ആൺ കുട്ടികൾക്കും 21 വയസ്സ് പൂർത്തിയായ പെൺകുട്ടികൾക്കും ഇഖാമ പുതുക്കി നൽകുന്നതിനു താമസ കുടിയേറ്റ വിഭാഗം ഡയരക്റ്റർ ജനറലിന്റെ പ്രത്യേക അനുമതി ആവശ്യമാണു.

മാതാപിതാക്കൾ സഹോദരങ്ങൾ ഭാര്യയൂടെ മാതാ പിതാക്കൾ എന്നിവർക്ക് ആശ്രിത വിസ അനുവദിക്കുന്നത് നേരത്തെ നിർത്തിവെച്ചിരുന്നു. ഇതിനു പുറമെ ഈ വിഭാഗത്തിൽപെട്ടവരെ സന്ദർശ്ശക വിസയിൽ കൊണ്ടു വരുന്നതിനും കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണു ഈ വിഭാഗത്തിൽ പെട്ടവർക്ക് ഇഖാമ പുതുക്കുന്നതിനു നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.

രാജ്യത്ത് ഈ വിഭാഗത്തിൽ പെട്ട 11500 പേർ കഴിയുന്നുവെന്നാണു കണക്ക്. ഇത്തരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക വഴി വിദേശികളുടെ എണ്ണം ഗണ്യമായി കുറക്കാൻ സാധിക്കുമെന്നാണു മന്ത്രാലയത്തിന്റെ കണക്ക് കൂട്ടൽ.