മുംബൈ: ഇന്ത്യൻ സിനിമയിലെ പ്രണയ ജോഡികൾ എന്ന് പെട്ടന്ന് പറഞ്ഞാൽ ഏവർക്കും ഒരുപോലെ മനസിൽ ഓടിയെത്തുന്നത് ബോളിവുഡ് താരങ്ങളായ ഷാറുഖ് ഖാന്റെയും കജോളിന്റെയും മുഖമാണ്. ഇവർ ഒന്നിച്ചഭിനയിച്ച ഹിറ്റ് ചിത്രം ദിൽവാലേ ദുൽഹനിയ ലേ ജായേംഗെ ഇന്നും പ്രണയം ഉള്ളിൽ കൊണ്ടു നടക്കുന്ന ഏവർക്കും മായാത്ത ഓർമ്മയാണ്. ബിഗ് സ്‌ക്രീനിൽ ചിത്രം കാണാത്ത ആരും തന്നെ അധികമുണ്ടാകില്ലെന്ന് ഉറപ്പിച്ച് പറയാം.

മുംബൈയിലെ മറാഠാ മന്ദിർ തിയേറ്ററിൽ ചിത്രം 1200 ആഴ്‌ച്ച പിന്നിട്ടു എന്ന റെക്കോർഡും ഇപ്പോൾ ചിത്രത്തിന് സ്വന്തമാവുകയാണ്. ഷാറുഖും കജോളും അവതരിപ്പിച്ച രാജും സിമ്രനും എന്ന പ്രണയ ജോഡികൾ നിർത്താതെ ' പ്രണയിച്ചു' കൊണ്ടിരിക്കുകയാണ്. വെള്ളിത്തിരയിലെ പ്രണയത്തിന്റെ വിസ്മയം അവിരാമം തുടരുന്നതിന്റെ ആഹ്ലാദം ഷാറുഖും കജോളും ട്വിറ്ററിൽ പങ്കിട്ടു.

 23 വർഷം മുൻപ് ആരംഭിച്ച്, ഇപ്പോഴും തുടരുന്ന അവിസ്മരണീയ യാത്രയാണിതെന്ന് ഷാറുഖ് കുറിച്ചു. ആദിത്യ ചോപ്ര സംവിധാനം ചെയ്ത സിനിമ 1995 ഒക്ടോബർ 20നാണു റിലീസ് ചെയ്തത്. മുംബൈ സെൻട്രൽ സ്റ്റേഷനു സമീപമുള്ള മറാഠ മന്ദിറിൽ രാവിലെ 11.30നുള്ള ഷോയാണു തുടരുന്നത്.

ബാൽക്കണി നിരക്ക് 25 രൂപ. വിദേശ മാധ്യമങ്ങളിലും ഇപ്പോൾ ചർച്ച ദിൽവാലേയുടെ ചരിത്ര ഓട്ടമാണ്. ദിവസവും ചിത്രം കാണാൻ എത്തുന്ന സഞ്ചാരികൾ അടക്കമുള്ളവരുടെ എണ്ണവും വർധിച്ച് വരികയാണ്.