തിരുവനന്തപുരം: എം എ ബേബി വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്ത് പാഠപുസ്തകവുമായി ബന്ധപ്പെട്ട വിവാദം മതമില്ലാത്ത ജീവനുകളെ കുറിച്ചായിരുന്നു. അന്ന് ലീഗുകാർ അടക്കം വിദ്യാഭ്യാസ മന്ത്രി കൊടിയ പാപം ചെയ്തു എന്ന വിധത്തിലായിരുന്നു പെരുമാറിയതും തെരുവിൽ ഇറങ്ങിയതും. കാലം മാറിവന്നപ്പോൾ സോഷ്യൽ മീഡിയയിൽ അടക്കം സെക്യൂലർ ചർച്ചകൾ പലവിധത്തിൽ നടന്നതോടെ സ്‌കൂൾ പ്രവേശന സമയത്ത് വിദ്യാർത്ഥികൾക്ക് മതവിശ്വാസം ഇല്ലെന്ന് രേഖപ്പെടുത്താനുള്ള കോളം വേണമെന്ന ആവശ്യവും ശക്തമായി. ഒടുവിൽ ഈ ആവശ്യം അംഗീകരിക്കുകയും ചെയ്തു. എങ്കിലും കുട്ടികളുടെ വിശ്വാസ കാര്യത്തിൽ ഇപ്പോഴും കേരളത്തിന്റെ മനസ് അത്രയ്ക്ക് പുരോഗമിച്ചിട്ടില്ല എന്നാണ് അറിയുന്നത്.

ഇക്കാര്യം വ്യക്തമാക്കുന്നതാണ് പുറത്തുവരുന്ന വിവരങ്ങൾ. മൂന്നര ലക്ഷത്തോളം കുട്ടികളാണ് ഈ വർഷം സംസ്ഥാനത്ത് ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയത്. ഇത്രയും കുട്ടികൾ പ്രവേശിച്ചപ്പോളും കമ്മ്യൂണിസ്റ്റുകൾ കേരളം ഭരിക്കുമ്പോഴും 236 കുട്ടികൾ മാത്രമാണ് മതമില്ലാത്തവരെന്ന കോളം ഫിൽ ചെയ്തത്. 11 കുട്ടികൾ സെക്യുലർ (മതേതരത്വം) എന്നാണ് പറഞ്ഞത്. വിവരാവകാശ പ്രവർത്തകനായ ധൻരാജ് സുഭാഷ് ചന്ദ്രനാണ് വ്യക്തമായ കണക്കുകൾ ആവശ്യപ്പെട്ടുകൊണ്ട് വിവരാവകാശ ഡിപ്പാർട്ട്മെന്റിനെ സമീപിച്ചത്. ഇങ്ങനെ ലഭിച്ച രേഖകളിലാണ് കേരളത്തിൽ നല്ലൊരു ശതമാനവും ഇപ്പോഴും ജാതിചിന്തയിൽ അഭിരമിക്കുന്നു എന്ന് വ്യക്തമായത്.

ജാതിമത വിവേചനവും റിസർവേഷനും രാജ്യത്ത് ചർച്ചയായിക്കൊണ്ടിരിക്കുന്ന കാലത്ത് മതേതരത്വത്തിൽ വിശ്വസിക്കുന്നവരും അത് തുറന്ന് പറയാനും ജീവിതത്തിൽ പ്രാവർത്തികമാക്കാനും എത്രപേർ തയ്യാറാണെന്നറിയാനാണ് വിവരാവകാശം ആവശ്യപ്പെട്ടുകൊണ്ട് അപേക്ഷ നൽകിയത്. പല വർഷങ്ങളിൽ ഇതേ ആവശ്യം ഉന്നയിച്ച പലതവണ അപേക്ഷ നൽകിയെങ്കിലും ഒരു മറുപടിയും ലഭിച്ചിരുന്നില്ല. ഈ വർഷം മാത്രമാണ് വ്യക്തമായ കണക്ക് ലഭിച്ചതെന്നും ധൻരാജ് വ്യക്തമാക്കുന്നു. സോഷ്യൽ മീഡിയകളിലെ ചർച്ചകളും വാഗ്വാദങ്ങളും തർക്കങ്ങളുമെല്ലാം കണക്കുകൾ പുറത്തുകൊണ്ടുവരാൻ പ്രേരിപ്പെച്ചെന്നും ധൻരാജ് പറയുന്നു.

ഒരു വേളയിൽ സോഷ്യൽ മീഡിയയിൽ അടക്കം ജാതിവാൽ ഒഴിവാക്കുക എന്ന ആവശ്യവുമായി വലിയ കാമ്പയിൻ തന്നെ നടന്നിരുന്നു. എന്നാൽ, ഈ കാമ്പയിൻ കൊണ്ടൊന്നും കേരളത്തിലെ ജാതിചിന്തയെ കുറയ്ക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് വ്യക്തമാകുന്നത്. അതേസമയം ജാതിചിന്തയില്ലാതെ തന്നെ കുട്ടികളെ വളർത്തേണ്ട കാര്യമില്ലെന്നാണ് പൊതു അഭിപ്രായം. ഇക്കാര്യത്തെ എം ബി രാജേഷ് എംപിയും രേഖപ്പെടുത്തുന്നു.

മതം രേഖപ്പെടുത്തുക എന്നത് ഒരാളുടെ വ്യക്തിപരമായ അഭിപ്രായമാണ്. ഒരു വ്യക്തിക്ക് ഒരു മതം സ്വീകരിക്കാനും സ്വീകരിക്കാതിരിക്കാനും ഭരണഘടന സ്വാതന്ത്ര്യം നൽകുന്നുണ്ടെന്നും എംപി പറഞ്ഞു. ജാതി മതം രേഖപ്പെടുത്തുന്നതിനായി ചോദിച്ചിരിക്കുന്ന കോളത്തിൽ നോട്ട് ആപ്ലിക്കബിൾ എന്ന് രേഖപ്പെടുത്തിയാൽ മതിയാകും. ഈ തീരുമാനമെടുക്കാൻ ഓരോ വ്യക്തിക്കും വ്യക്തിപരമായ അഭിപ്രായമുണ്ടെന്നും രാജേഷ് എംപി കൂട്ടിച്ചേർത്തു.