മെൽബൺ: മെൽബൺ സിബിഡിയിൽ ഇനി 24 മണിക്കൂർ സൗജന്യ വൈ ഫൈ സൗകര്യം ആസ്വദിക്കാം. സിറ്റി ലൂപ്പ് ട്രെയിൻ സ്റ്റേഷനുകളിൽ ഉൾപ്പെടെ സൗജന്യ ഇന്റർനെറ്റ് സേവനം ലഭ്യമാക്കുകയാണ് വിക്ടോറിയൻ സർക്കാർ. ഇതിന്റെ ആദ്യപടിയായി ചെറുകിട വ്യവസായ മന്ത്രി ഫിലിപ്പ് ഡാലിഡക്കിസ് സതേൺ ക്രോസ് സ്‌റ്റേഷനിൽ പദ്ധതി ലോഞ്ച് ചെയ്തു.

മെൽബൺ സിബിഡിയെ ഓസ്‌ട്രേലിയൻ ടെക് തലസ്ഥാനമായി ഉയർത്തുന്നതിന്റെ ഭാഗമായാണ് ഇരുപത്തിനാലു മണിക്കൂർ സൗജന്യ വൈ ഫൈ വാഗ്ദാനം ചെയ്യുന്നത്. രാജ്യത്തെ ഏറ്റവും വലുതും വേഗതയേറിയതുമായ വൈ ഫൈ നെറ്റ് വർക്കാണ് ഇവിടെ നടപ്പാക്കുന്നത്. മെൽബൺ സിബിഡി ട്രെയിൻ സ്റ്റേഷനുകൾ, ദ ബൂർക്ക് സെന്റ് മാൾ, ക്യൂൻ വിക്ടോറിയ മാർക്കറ്റ്, സൗത്ത് വാർഫ് പ്രൊമനേഡ്, സിറ്റി ലൂപ്പ് ട്രെയിൻ സ്റ്റേഷനുകൾ എന്നിവിടങ്ങളിലെത്തുന്നവർക്ക് സൗജന്യ വൈ ഫൈ സേവനം ലഭിക്കും. വരും മാസങ്ങളിൽ കൂടുതൽ കേന്ദ്രങ്ങളിൽ സൗജന്യ വൈ ഫൈ ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

2015 ഡിസംബർ മുതൽ ബെൻഡിഗോ, ബല്ലാരറ്റ് മേഖലകളിൽ ഫ്രീ ട്രയലുകൾ നടത്തി വരികയായിരുന്നു. മെൽബൺ നെറ്റ് വർക്ക് പൂർത്തിയായാൽ ഇത് രാജ്യത്തെ ഇത്തരത്തിലുള്ള ഏറ്റവും വലിയ പബ്ലിക് വൈ ഫൈ സർവീസ് ആയി മാറും. മൂന്നു സിറ്റികളിലായി ആറു ലക്ഷം സ്‌ക്വയർ മീറ്റർ ഏരിയയിൽ ഇതിന്റെ സേവനം ലഭ്യമാകും. സ്വകാര്യ ഐഡിയിൽ നിന്ന് സന്ദർശകർക്ക് ലോഗിൻ ചെയ്യേണ്ട ആവശ്യമില്ല. ഒരു ഉപകരണത്തിൽ ഒരു ദിവസം 250 മെഗാ ബൈറ്റ് വരെ ഉപയോഗിക്കാൻ സാധിക്കും.