- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ന്യൂസ് ഫ്ളോറിൽ കയറി വന്ന് ചീഫ് എഡിറ്റർ ശ്രീകണ്ഠൻ നായരെ കാണണമെന്നും അയാൾക്ക് രണ്ടെണ്ണം കൊടുക്കാനാണ് വന്നതെന്നും പറഞ്ഞു; പിന്നെ കേട്ടാൽ അറയ്ക്കുന്ന തെറിയും ശ്രീകണ്ഠൻ നായരെ വിളിച്ചെന്ന് സുജയ്യാ പാർവ്വതിയുടെ മൊഴി; 24 ന്യൂസിൽ നടന്നത് 'ബോയിങ് ബോയിങ്'! തൃക്കാക്കര സ്റ്റേഷനിലെ പരാതി മലയാള ചാനൽ ചരിത്രത്തിൽ ആദ്യം
കൊച്ചി: തൃക്കാക്കര പൊലീസ് സ്റ്റേഷനിൽ വാർത്താ അവതാരകയായ സുജയ്യ പാർവ്വതി കൊടുത്ത പരാതിയുടെ വിശദാംശങ്ങൾ പുറത്ത്. ചാനൽ ചീഫ് എഡിറ്ററായ ശ്രീകണ്ഠൻ നായരെ സിജി പി ചന്ദ്രൻ കേട്ടൽ അറയ്ക്കുന്ന തെറിവിളിച്ചെന്നാണ് പരാതി. സുജയ്യയുടെ മൊഴി പ്രകാരമാണ് പൊലീസ് കേസെടുത്തത്. ബോയിങ് ബോയിങ് എന്ന സിനിമയിൽ ചീഫ് എഡിറ്ററായ ശങ്കരാടിയെ എട്ടുവീട്ടിൽ രാഘവൻ പിള്ള തല്ലിയതിന് സമാനമായ സംഭവങ്ങളാണ് 24 ന്യൂസിൽ ഈ മാസം ഒൻപതിന് രാത്രി ഏഴിന് സംഭവിച്ചതെന്നാണ് വിലയിരുത്തേണ്ടത്. പൊലീസ് ജാമ്യം കൊടുക്കാവുന്ന വകുപ്പുകൾ മാത്രമേ സിജിയ്ക്കെതിരെ ചുമത്തിയിട്ടുള്ളൂ..
സിജി പി ചന്ദ്രനും മാധ്യമ പ്രവർത്തകയാണ്. 24 ന്യൂസ് ചീഫ് കൂടിയായ ഉണ്ണികൃഷ്ണന്റെ ഭാര്യ. ഉണ്ണികൃഷ്ണനെതിരെ ഇവർ ഗാർഹിക പീഡന പരാതി കൊടുത്തിരുന്നു. അതുകൊണ്ട് തന്നെ തൃ്ക്കാക്കര പൊലീസിന് നൽകിയ പരാതിയിൽ സംശയവും ഏറെയാണ്. ഈ മാസം ഒൻപതിന് നടന്ന സംഭവം സുജയ്യാ പാർവ്വതി പൊലീസിനെ അറിയിച്ചത് 19-ാം തീയതിയാണ്. 19-ാം തീയതി രാത്രി ആറു പത്തിനാണ് സംഭവം പൊലീസ് അറിഞ്ഞതെന്ന് എഫ് ഐ ആറിൽ വ്യക്തമാണ്. അതുകൊണ്ട് തന്നെ സിജി പി ചന്ദ്രനെ കുടുക്കാനുള്ള കൗണ്ടർ കേസാണ് ഇതെന്ന സംശയമാണ് ഉയരുന്നത്.
ഗുരുതര ആരോപണമാണ് സഹപ്രവർത്തകനായ ഉണ്ണികൃഷ്ണന്റെ ഭാര്യയ്ക്കെതിരെ സുജയ്യാ പാർവ്വതി ഉന്നയിക്കുന്നത്. ഈ വാർത്ത പോലും 24 ന്യൂസ് കൊടുത്തില്ലെന്നതും ഗൗരവമാണ്. ചാനലിന്റെ വൈസ് പ്രസിഡന്റായ സി ഉണ്ണികൃഷ്ണന്റെ ഭാര്യയാണ് സിജിയെന്നും പൊലീസിന് നൽകിയ മൊഴിയിൽ സുജയ്യ പറയുന്നു. പൊലീസ് സ്റ്റേഷനിൽ നിന്ന് രണ്ട് കിലോമീറ്റർ ചുറ്റളവിലുള്ള ചാനൽ സ്റ്റുഡിയോവിലെ അതിക്രമം പത്ത് ദിവസം വൈകി പൊലീസിന് മുമ്പിലെത്തിയതിൽ പലരും ഗൂഢാലോചന സംശയിക്കുന്നുണ്ട്. എസ് വി പ്രദീപിന്റെ മരണത്തിന് ശ്രീകണ്ഠൻ നായരെ സംശയത്തിൽ നിർത്തി സിജി നേരത്തെ പോസ്റ്റ് ഇട്ടിരുന്നുവെന്നതും വസ്തുതയാണ്.
ഉണ്ണിക്കൃഷ്ണനും അമ്മയ്ക്കും സഹോദരിക്കുമെതിരെ സിജി നൽകിയ ഗാർഹിക പീഡന കേസ് പിൻവലിപ്പിക്കാനുള്ള സമ്മർദ്ദതന്ത്രമായാണ് കേസ് എന്നാണ് വിലയിരുത്തൽ. കുടുംബ പ്രശ്നങ്ങൾക്കിടെ കുട്ടിയെ വിട്ടു കിട്ടുന്നതിനായി ഭർത്താവിനെ ഓഫിസിൽ കാണാൻ പോയതിനെയാണു കേസാക്കുന്നത് എന്ന് സിജി പറയുന്നു. സെപ്റ്റംബർ 13നു അരൂരിലെ വീട്ടിൽ സിജിയെ ഉണ്ണിക്കൃഷ്ണനും അമ്മയും സഹോദരിയും ചേർന്നു ക്രൂരമായി മർദ്ദിച്ചതിന്റെ പേരിൽ അരൂർ പൊലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവ ദിവസം തന്നെ സിജി പരാതി നൽകിയിട്ടും ഒരു മാസം കഴിഞ്ഞ് ഒക്ടോബർ 14നാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. മർദ്ദനത്തിൽ പരുക്കേറ്റ സിജിക്ക് ആശുപത്രിയിൽ ചികിൽസ വേണ്ടി വന്നു.
കേസിൽ തെളിവെടുപ്പിനായി കഴിഞ്ഞ ദിവസം ആലപ്പുഴ സിഐ ശ്രീദേവിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സിജിയെയും കൂട്ടി തൃശൂരിലെ ബന്ധുവീട്ടിലേക്കു പുറപ്പെട്ടിരുന്നു. യാത്രാ മധ്യേ ആലുവയിലെത്തിയപ്പോൾ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഫോണിൽ സിഐ ശ്രീദേവിയെ വിളിച്ച് തെളിവെടുപ്പു മുടക്കി തിരിച്ചയക്കുകയായിരുന്നു. തൃശൂരിലെ ബന്ധുവിൽ നിന്നു തനിക്കു വധഭീഷണിയുണ്ടെന്നു സിജി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്ന തെളിവെടുപ്പിനു പോയത്. സിജിയെ മർദ്ദിച്ച് അവശയാക്കിയ ശേഷം വീട്ടിൽ നിന്നിറക്കി വിടുകയായിരുന്നു. ഇളയ കുട്ടിയെ ഒപ്പം വിട്ടു കിട്ടാനായി സിജി ഭർത്താവിനോടും ഭർതൃവീട്ടുകാരോടും കേണപേക്ഷിച്ചിട്ടും അനുവദിച്ചില്ല. സിജി മാനസിക രോഗിയാണെന്നു ബന്ധുക്കൾക്കിടയിലും നാട്ടുകാർക്കിടയിലും പ്രചരിപ്പിച്ച് അകറ്റി നിർത്തിക്കാനും ശ്രമിക്കുന്നുണ്ടെന്ന് സിജി പറയുന്നു.
പതിനേഴു വർഷമായി മാധ്യമ പ്രവർത്തകയാണു സിജി. ഏഷ്യാനെറ്റ്, കൈരളി, ജീവൻ ടിവി, ദൂരദർശൻ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചിരുന്നു. ഏഷ്യാനെറ്റ് ചാനലിൽ അഞ്ചു വർഷത്തോളം സുപ്രഭാതം പരിപാടിയുടെ അവതാരകയായിരുന്നു. അക്കാലത്താണ് ഉണ്ണിക്കൃഷ്ണനുമായി പ്രണയത്തിലായി വിവാഹിതയായത്. വിവാഹകാലത്ത് ലോ കോളജിൽ നിയമ വിദ്യാർത്ഥിയായിരുന്ന സിജിയെ ഭർത്താവ് നിർബന്ധിച്ചു പഠനം നിർത്തിച്ചു. പിന്നീട് ലോ അക്കാഡമിയിൽ ചേർന്നു നിയമ പഠനം പൂർത്തിയാക്കിയിരുന്നു. ഇത്തരത്തിൽ നിയമം അറിയാവുന്ന വ്യക്തിക്കെതിരെയാണ് സുജയ്യാ പാർവ്വതിയുടെ പരാതി.
മലയാള ടെലിവിഷൻ ചാനൽ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു കേസ് ഏതെങ്കിലും ചാനലിന്റെ എഡിറ്റോറിയൽ വിഭാഗം നേരിട്ട് നൽകുന്നത്.
സുജയ്യാ പാർവ്വതിയുടെ മൊഴി ഇങ്ങനെ
ന്യൂസ് ഫ്ളോറിൽ കയറി വന്ന സിജി പി ചന്ദ്രൻ ഞങ്ങളുടെ ചീഫ് എഡിറ്റർ ശ്രീകണ്ഠൻ നായരെ കാണണമെന്നും അയാൾക്ക് രണ്ടെണ്ണം കൊടുക്കാനാണ് വന്നതെന്നും പറഞ്ഞു. തുടർന്ന് സ്റ്റുഡിയോയിൽ ഇരുന്ന ജീവനക്കാരെല്ലാം കേൾക്കെ അവർ ശ്രീകണ്ഠൻ നായരെ കേട്ടാൽ അറയ്ക്കുന്ന അസഭ്യങ്ങൾ പറഞ്ഞു. ശ്രീകണ്ഠൻ നായരെ തീർത്തു കളയുമെന്നും അവസാനിപ്പിക്കുമെന്നും മറ്റും ഭീഷണിപ്പെടുത്തി. സ്റ്റുഡിയോയുടെ പുറത്തേക്ക് ഇറങ്ങണമെന്ന് പറഞ്ഞ് എന്നേയും ഗോപീകൃഷ്ണനേയും മറ്റു ജീവനക്കാരേയും ഇതിന് നിങ്ങൾ കൂട്ടുനിന്നാൽ അനുഭവിക്കേണ്ടി വരുമെന്നും അവസാനിപ്പിക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി. പിന്നീട് അവർ കുറച്ചു നേരം കൂടി അവിടെ നിന്ന് ഭീഷണിമുഴക്കിയ ശേഷമാണ അവിടെ നിന്ന് പുറത്തേക്ക് ഇറങ്ങി പോയത്.
24 ചാനലിൽ മാധ്യമ പ്രവർത്തകയായ സിജി പി ചന്ദ്രൻ അവതാരകയായി കയറാൻ ശ്രമിച്ചെങ്കിലും ചാനലിന്റെ ചീഫ് എഡിറ്ററായ ആർ ശ്രീകണ്ഠൻ നായർ കൂടുതൽ യോഗ്യതയുള്ളവരെയാണ് തിരഞ്ഞെടുത്തത്. അതിന് ശേഷം അവർ ഫെയ്സ് ബുക്കിലൂടേയും അല്ലാതേയും ചാനലിനെതിരേയും ആർ ശ്രീകണ്ഠൻ നായർക്കെതിരേയും അപവാദ പ്രചരണം നടത്തിയിരുന്നു. തുടർന്നാണ് ഞങ്ങളുടെ ചാനൽ സ്റ്റുഡിയോയിൽ അതിക്രമിച്ചു കയറി ഞങ്ങളെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും വാർത്താ സംപ്രേഷണം തടസ്സപ്പെടുത്തുകയും ചെയ്തത്.
സിജി പി ചന്ദ്രനെ എനിക്ക് നേരത്തെ അറിയാവുന്ന വ്യക്തിയാണ്. സംഭവം സ്റ്റുഡിയോയിൽ ഉണ്ടായിരുന്ന ഗോപീകൃഷ്ണനും അരുൺ വി നായരും അരവിന്ദ് വി എന്നിവരും മറ്റ് ജീവനക്കാരും കണ്ടിട്ടുണ്ട്. സംഭവം ഇവിടെ നിന്നും രണ്ട് കിലോ മീറ്റർ വടക്ക് പടിഞ്ഞാറു മാറിയാണ്.സിജി പി ചന്ദ്രൻ താമസിക്കുന്നത് അരൂരിൽ കോട്ടപ്പുറത്ത് കുഞ്ഞുണ്ണിയുടെ വീട് മേൽവിലാസത്തിലും. ഈ മൊഴി കേട്ട് തൃപ്തിപ്പെട്ട് സുജയ്യാ പാർവ്വതി അതിൽ ഒപ്പിട്ടും നൽകിയിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ