കൊച്ചി : ശബരിമല വ്യാജ ചെമ്പോല വാർത്തയുടെ പേരിൽ 24 ന്യൂസ് ചാനൽ മേധാവി ശ്രീകണ്ഠൻ നായർക്ക് ഓഹരിയുടമകളുടെ ശാസനയെന്ന് സംഘപരിവാർ പത്രമായ ജന്മഭൂമി വാർത്ത നൽകിയിരുന്നു. 24 ന്യൂസ് ചാനലിന്റെ ഓഹരിയുടമകളായ ഗോകുലം ഗോപാലനും ഭീമ ഗോവിന്ദനുമാണ് ശ്രീകണ്ഠൻ നായരെ എടുത്തിട്ടു കുടഞ്ഞത്. ഇതേ തുടർന്നാണ് വ്യാജ ചെമ്പോല വാർത്ത നൽകിയ റിപ്പോർട്ടർ സഹിൻ ആന്റണിയെ സസ്പെൻഡു ചെയ്യാൻ ശ്രീകണ്ഠൻ നായർ നിർബന്ധിതനായതെന്നായിരുന്നു ജന്മഭൂമി വാർത്ത. എന്നാൽ ചെമ്പോലയിൽ പരാതി നൽകിയ ബിജെപി നേതാവ് കൂടിയായ ശങ്കു ടി ദാസിന് വക്കീൽ നോട്ടീസ് അയയ്ക്കുകയാണ് ശ്രീകണ്ഠൻ നായർ ചെയ്തത്. ഇതോടെ പരിവാർ ദേഷ്യം ഭീമാ ഗോവിന്ദനിലേക്കും മാറുകയാണ്.

ഭീമയ്‌ക്കെതിരേയും സോഷ്യൽ മീഡിയാ കാമ്പൈൻ ശക്തമാക്കുകയാണ് പരിവാറുകാർ. ചെമ്പോലയിൽ ഭീമാ ജ്യൂലറി ഉടമ വിശദീകരണം നൽകണമെന്നാണ് ആവശ്യം. ഭീമയിലേത് അയ്യപ്പശാപമുള്ള ആഭരണമാണോ എന്ന് തിരിച്ചറിയേണ്ടതുണ്ടെന്നാണ് പരിവാറുകാരുടെ നിലപാട് വിശദീകരണം. യുവരാജ് ഗോകുലിന്റെ ഇതുമായി ബന്ധപ്പെട്ട പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. 24 ചാനലിന്റെ മുഖ്യ ഷെയർ ഹോൾഡർ ഭീമ ഗോവിന്ദൻ .... ശ്രീകണ്ഠൻ നായരെ പുറത്താക്കുന്നതു വരെ ഭീമ ബഹിഷ്‌കരിക്കുക-ഇതാണ് യുവരാജിന്റെ പോസ്റ്റിന് താഴെ എത്തുന്ന കമന്റുകൾ. മീശ നോവൽ വിവാദത്തിൽ മാതൃഭൂമിയ്‌ക്കെതിരെ ശക്തമായ നിലപാട് എടുത്ത വ്യാപാര സ്ഥാപനമാണ് ഭീമ ജ്യൂലറി. മാതൃഭൂമിക്ക് പരസ്യം നൽകില്ലെന്ന് പോസ്റ്റിലൂടെ അറിയിക്കുകയും ചെയ്തു. എന്നാൽ 24 ന്യൂസ് വിഷയത്തിൽ ഇതുവരെ ഭീമ നിലപാട് അറിയിട്ടില്ല. മീശ നോവൽ വിഷയത്തേക്കാൾ വലുതാണിതെന്ന് പരിവാറുകാർ പറയുന്നു. ഇതാണ് യുവരാജ് ഗോകുലിന്റേയും പോസ്റ്റിലെ കാതൽ.

Insight media പ്രമോട്ട് ചെയ്യുന്ന 24 news ശങ്കുവിന് എതിരെ വക്കീൽ നോട്ടീസ് അയച്ചിരിക്കുകയാണ്.... ശബരിമലയ്ക്ക് എതിരെ വ്യാജ ചെമ്പോല അവതരിപ്പിച്ചത് എതിർത്തതിനാണ് ശങ്കുവിന് നോട്ടീസ് അയച്ചത്. മാനം പോയത്രേ... ഈ വിഷയത്തിൽ insight media ടീമിലെ ഒരാളായ ശ്രീ ഭീമാ ഗോവിന്ദന്റെ നിലപാട് അറിഞ്ഞാൽ നല്ലതായിരുന്നു.. 24 news അവതരിപ്പിച്ച വ്യാജ ചെമ്പോലയ്ക്ക് ഒപ്പമാണോ അല്ലയോ എന്ന് അദ്ദേഹം വ്യക്തത വരുത്തിയാൽ നല്ലതായിരുന്നു. ഒപ്പം ഈ വക്കീൽ നോട്ടീസിനെ പിന്തുണയ്ക്കുന്നുണ്ടോ എന്നും..... അയ്യപ്പ ശാപമുള്ള ആഭരണങ്ങൾ വാങ്ങണോ വേണ്ടയോ എന്ന് ഒരു തീരുമാനത്തിൽ എത്താനാണ്... Insight media ടീം അംഗങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ചുവടെ.. http://www.insightmediacity.com/team.html.. സ്വാമി ശരണം.....-ഇതാണ് യുവരാജിന്റെ പോസ്റ്റ്. ഇതിന് താഴെയാണ് ഭീമയെ ബഹിഷ്‌കരിക്കണമെന്ന നിലപാടുമായി പരിവാറുകാരെത്തുന്നത്.

ചെമ്പോലയിൽ അതിശക്തമായ നിലപാട് ഗോകുലം ഗോപാലനും ഭീമാ ഗോവിന്ദനും എടുത്തുവെന്നായിരുന്നു ഇന്നലെ ജന്മഭൂമി റിപ്പോർട്ട് ചെയ്യുന്നത്. 24 ന്യൂസിലെ മറ്റൊരു ഓഹരിയുടമയായ എൻആർഐ വ്യവസായി ആലുങ്കൽ മുഹമ്മദിന്റെ നോമിനിയായാണ് സഹിൻ ആന്റണി ചാനലിൽ എത്തിയത്. വിവാദമുണ്ടായപ്പോൾ സഹിൻ ആന്റണിയെ സംരക്ഷിക്കുന്ന നിലപാടാണ് ആലുങ്കൽ മുഹമ്മദ് സ്വീകരിച്ചിരുന്നത്. ഗോകുലം ഗോപാലനും ഭീമ ഗോവിന്ദനും ഈ നിലപാടിനെതിരെ രംഗത്തെത്തി. മുട്ടിൽ മരംമുറി വിവാദത്തിൽ ഉൾപ്പെട്ട ദീപക് ധർമ്മടത്തെ സസ്പെൻഡ് ചെയ്ത ശ്രീകണ്ഠൻ നായർ എന്തു കൊണ്ടാണ് സഹിൻ ആന്റണിയെ സംരക്ഷിക്കുന്നതെന്നു ഗോകുലം ഗോപാലൻ ചോദിച്ചു. ചാനലിൽ ഗോകുലം ഗോപാലന്റെ നോമിനിയായിരുന്നു ദീപക് ധർമ്മടം.

24 ചാനലിന്റെ ഹിന്ദു വിരുദ്ധ അജൻഡ വെളിപ്പെടുത്തിയ ശബരിമല വ്യാജ ചെമ്പോല വിവാദത്തിൽ ഭീമ ഗോവിന്ദനും രോഷാകുലനാണ്. തങ്ങളുടെ പണമുപയോഗിച്ചു ഹിന്ദു വിരുദ്ധത പ്രചരിപ്പിക്കാൻ ശ്രമിക്കരുതെന്നു ഗോകുലം ഗോപാലനും ഭീമ ഗോവിന്ദനും ശ്രീകണ്ഠൻ നായരോടു കർക്കശ നിർദ്ദേശം നൽകി. മാതൃഭൂമി വാരികയിലെ 'മീശ' നോവൽ വിവാദത്തിന്റെ പേരിൽ ഭീമ ജൂവലറി മാതൃഭൂമിക്കു പരസ്യം നൽകുന്നതു നിർത്തിയിരുന്നു. ഇക്കാര്യം ഭീമ ഉടമ ഗോവിന്ദൻ പരസ്യമാക്കുകയും ചെയ്തു. ഹിന്ദു വികാരത്തിന്റെ വ്രണപ്പെടുത്തുന്ന നോവലിന്റെ പേരിൽ പരസ്യം നിഷേധിച്ച ഭീമ ഗ്രൂപ്പിന്റെ ഓഹരിയുടമസ്ഥതയിലുള്ള ചാനലിനെ ശബരിമലയ്ക്കും അയ്യപ്പനുമെതിരായ പ്രചരണത്തിനു ഉപയോഗിച്ചതിൽ ഗോവിന്ദൻ കടുത്ത അതൃപ്തി അറിയിച്ചിട്ടുണ്ടെന്നും ജന്മഭൂമി വിശദീകരിച്ചിരുന്നു.

ആലുങ്കൽ മുഹമ്മദും പുരാവസ്തു തട്ടിപ്പുകാരൻ മോൻസനും രക്ഷാധികാരികളായ പ്രവാസി മലയാളി ഫെഡറേഷന്റെ മീഡിയ കോ ഓർഡിനേറ്ററാണ് സഹിൻ ആന്റണി. സംഘടനയുടെ കുടുംബയോഗത്തിൽ മോൻസന്റെ സാന്നിധ്യത്തിൽ സഹിൻ ആന്റണിയുടെ പിറന്നാൾ ആഘോഷിച്ച വീഡിയോ ഏറെ വിവാദമായിരുന്നു. ഓഹരിയുടമകൾ സഹിന്റെ കാര്യത്തിൽ രണ്ടു തട്ടിലായതു ശ്രീകണ്ഠൻ നായരെ വിഷമവൃത്തത്തിലാക്കിയിട്ടുണ്ടെന്നും ജന്മഭൂമി വാർത്ത നൽകി. ഇതിനിടെയാണ് ശങ്കു ടി ദാസിന് 24 ന്യൂസിന്റെ വക്കീൽ നോട്ടീസ് ലഭിച്ചത്. ഈ നോട്ടീസ് ശങ്കു ടി ദാസ് തന്നെ സോഷ്യൽ മീഡിയയിൽ പുറത്തുവിട്ടു. ഇതോടെയാണ് പരിവാറുകാരുടെ പ്രതിഷേധം ഭീമയിലേക്ക് വഴി മാറുന്നത്.

ശബരിമലയുടെ ചരിത്രം അട്ടിമറിക്കാൻ 24 ന്യൂസ് ചാനലിൽ കൊച്ചി ബ്യൂറോ സീനിയർ റിപ്പോർട്ടർ സഹിൻ ആന്റണി അവതരിപ്പിച്ച വ്യാജ വാർത്തയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് അഡ്വ. ശങ്കു ടി. ദാസ് ഫേസ്‌ബുക്കിലൂടെ നടത്തിയ പരാതി ക്യാംപെയ്ൻ വലിയ ചർച്ചയായിരുന്നു. ശബരിമലയിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കുന്നതിനായി ഹൈന്ദവ വിശ്വാസി സമൂഹം ഒറ്റക്കെട്ടായി മുന്നേറിയിരുന്ന കാലത്ത് ബോധപൂർവ്വം സമാജത്തിൽ ജാതിയുടെ പേരിലുള്ള ഭിന്നിപ്പും സ്പർദ്ധയും സൃഷ്ടിക്കാൻ ഉദ്ദേശിച്ചുള്ള ഗൂഢാലോചന ആയിരുന്നു എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരങ്ങൾ തെളിയിക്കുന്നത്. സഹിൻ ആന്റണിക്ക് മോൻസൺ മാവുങ്കലുമായുള്ള അടുപ്പം ഇതിനകം വാർത്തയായിട്ടുണ്ട്.

മോൻസണിന് പല ഉന്നതരെയും പരിചയപ്പെടുത്തി കൊടുത്തതും, അയാളുടെ പല ഇടപാടുകളുടെയും മധ്യസ്ഥൻനായതും, പല പരാതികളും സ്വാധീനം ഉപയോഗിച്ച് ഒതുക്കി തീർത്തു കൊടുക്കാൻ ഇടപെട്ടതുമെല്ലാം ഇതേ സഹിൻ ആന്റണി ആണെന്ന് പലരും വെളിപ്പെടുത്തൽ നടത്തിയിട്ടുണ്ട്. സഹിൻ ആന്റണിയുടെ അറിവോടും സഹായത്തോടും കൂടിയോ, സഹിൻ ആന്റണിയുടെ ആവശ്യപ്രകാരം തന്നെയോ ആണ് പ്രസ്തുത വ്യാജ രേഖ നിർമ്മിക്കപ്പെട്ടത് എന്ന ആരോപണം സമൂഹ മാധ്യമങ്ങളിൽ വ്യാപകമാണ്. കൃത്യമായ ഒരു അന്വേഷണത്തിലൂടെ മാത്രമേ ഇതിന്റെ യാഥാർഥ്യം പുറത്തു കൊണ്ടു വരാൻ സാധിക്കൂ, പരാതിയിൽ പറയുന്നു-ഇതായിരുന്നു ശങ്കു ടി ദാസിന്റെ പരാതി.

വക്കീൽ നോട്ടീസ് കിട്ടിയതുമായി ബന്ധപ്പെട്ട് ശങ്കു ടി ദാസ് ഇട്ട പോസ്റ്റിന്റെ പൂർണ്ണ രൂപം

24 ന്യൂസ് ചീഫ് എഡിറ്റർ ആർ. ശ്രീകണ്ഠൻ നായരുടെ നിർദ്ദേശ പ്രകാരം ഹൈക്കോടതി അഭിഭാഷകനായ അഡ്വ. സി. ഉണ്ണിക്കൃഷ്ണൻ എനിക്കെതിരെ അയച്ച വക്കീൽ നോട്ടീസ് ഇന്ന് ഉച്ചക്ക് ഇമെയിലിലായി കിട്ടി ബോധ്യപ്പെട്ടു.

'മൂന്ന് ദിവസത്തിനകം വ്യാജ ചെമ്പോല തിട്ടൂരത്തിന്റെ വിഷയത്തിൽ ഞാനിത് വരെ എഴുതിയ എല്ലാ ഫേസ്‌ബുക് പോസ്റ്റുകളും ഡിലീറ്റ് ചെയ്യുകയും, അതുമായി ബന്ധപ്പെട്ട ചർച്ചകളിലും പരാതികളിലും ഞാൻ ഉന്നയിച്ച വാദങ്ങളും നടത്തിയ പ്രസ്താവനകളും മുഴുവൻ പിൻവലിക്കുകയും, 24 ന്യൂസിന് എതിരെ കേന്ദ്ര സർക്കാരിന് ഓൺലൈനായി പരാതികൾ അയക്കാൻ ആരംഭിച്ച ക്യാമ്പയിൻ അടിയന്തിരമായി അവസാനിപ്പിക്കുകയും, ഈ വിഷയത്തിൽ സമർപ്പിച്ച പരാതികൾ എല്ലാം പിൻവലിക്കുകയും, അത് കൂടാതെ മറ്റൊരു ഫേസ്‌ബുക് പോസ്റ്റിലൂടെ ഇത് വരെ നടത്തിയ ഇടപെടലുകൾക്കെല്ലാം പരസ്യമായി നിരുപധികം മാപ്പ് പറയുകയും, ഇനി മേലിൽ ഈ വിഷയത്തിൽ 24 ന്യൂസിന് പൊതുസമൂഹത്തിന് മുന്നിൽ അവമതിപ്പ് ഉണ്ടാക്കുന്ന തരത്തിലുള്ള ഒരു നടപടിക്കും മുതിരില്ലെന്ന് ഉറപ്പ് കൊടുക്കുകയും ചെയ്യാത്ത പക്ഷം എനിക്കെതിരെ 1 കോടി രൂപക്ക് നിയമ നടപടി സ്വീകരിക്കും എന്നാണ് നോട്ടീസിലെ താക്കീത്.' നോട്ടീസിന് അടുത്ത ദിവസം തന്നെ വിശദമായ മറുപടി അയക്കുന്നുണ്ട്.

അതിൽ ഘണ്ടിക തിരിച്ച് തന്നെ തെറ്റായ ആരോപണങ്ങൾ നിഷേധിക്കുകയും ശരിയായ വസ്തുതകൾ വിശദീകരിക്കുകയും ചെയ്യുന്നതാണ്. ഇന്നിപ്പോൾ ചുരുക്കത്തിൽ ഇത്ര മാത്രം പറയാം. ഈ വിഷയത്തിൽ 24 ന്യൂസിന് എതിരെ എഴുതിയതോ പറഞ്ഞതോ ആയ ഒരു പോസ്റ്റോ വാചകമോ പോലും പിൻവലിക്കാൻ ഞാൻ തയ്യാറല്ല. ഞാൻ സമർപ്പിച്ച ഒരു പരാതിയും തിരിച്ചെടുക്കുകയോ അതുമായി ബന്ധപ്പെട്ട് ആരംഭിച്ച എന്തെങ്കിലും നടപടി അവസാനിപ്പിക്കുകയോ ചെയ്യില്ല. നിരുപാധികമായോ ഉപാധിയോടെയോ, പരസ്യമായോ സ്വകാര്യമായോ, ഫേസ്‌ബുക്കിലൂടെയോ നേരിട്ടോ ഒരു കാരണവശാലും ഞാൻ മാപ്പ് പറയുകയുമില്ല.

ഞാനീ വിഷയത്തിൽ ഇന്ന് വരെ എഴുതിയതോ പറഞ്ഞതോ ആയ ഓരോ വാക്കും വരിയും എന്റെ പൂർണ്ണ ബോധ്യത്തിലും ഉത്തമ വിശ്വാസത്തിലും ശരിയായ ധാരണയിലും ഞാൻ ഉന്നയിച്ചിട്ടുള്ളതാണ്. അതിൽ ഞാൻ ഉറച്ചു നിൽക്കുകയും ആ ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ ഇനിയും ഈ വിഷയത്തിൽ സാധ്യമായ എല്ലാ തരത്തിലുമുള്ള നടപടികളുമായി മുന്നോട്ട് തന്നെ പോവുകയും ചെയ്യും.

അതിന്റെ പേരിൽ നേരിടേണ്ടി വരുന്ന ഏത് സിവിൽ ക്രിമിനൽ വ്യവഹാരത്തെയും പൂർണ്ണ മനസ്സാലേ ഞാൻ ഇതിനാൽ സ്വാഗതം ചെയ്യുന്നു.
തരിമ്പും ഖേദരഹിതനായി,

ശങ്കു തുളസീദാസ്.