മുംബൈ: ഇന്ത്യൻ സാമ്പത്തിക രംഗത്തെ ഗുരുതരമായി ബാധിച്ച ഓഹരി കുംഭകോണത്തിൽ 24 വർഷത്തിനുശേഷം മുഖ്യ സൂത്രധാരനായ ഹർഷദ് മേത്തയുടെ സഹോദരനുൾപ്പെടെ അഞ്ചുപേരെ പ്രത്യേക കോടതി ശിക്ഷിച്ചു. മുതിർന്ന ബാങ്ക് ഉദ്യോഗസ്ഥരും ഓഹരി ദല്ലാൾമാരും ഇക്കൂട്ടത്തിലുണ്ട്. 700 കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടത്തിയ ഓഹരി കുംഭകകോണത്തിലെ മുഖ്യ പ്രതിയായ ഹർഷദ് മേത്ത 2002-ൽ മരിച്ചു.

സംഭവം നടന്ന് 24 വർഷമായതും പ്രതികൾ മാനസികവും ശാരീരികവുമായ ഒട്ടേറെ വ്യഥകൾ നേരിടുന്നതിനാലും ശിക്ഷയിൽനിന്ന് ഒഴിവാക്കണമെന്ന് പ്രതികളുടെ അഭിഭാഷകർ വാദിച്ചെങ്കിലും പ്രത്യേക കോടതി ജഡ്ജി ശാലിനി ഫൻസാൽക്കർ-ജോഷി അതംഗീകരിച്ചില്ല. എന്നാൽ, ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ തകർത്ത സംഭവത്തിന്റെ ഗൗരവം കൂടി കണക്കിലെടുക്കണമെന്ന് ജഡ്ജി പറഞ്ഞു.

ഹർഷദിന്റെ സഹോദരൻ സുധീർ മേത്ത, ഓഹരി ദല്ലാൾ കൂടിയായ ബന്ധു ദീപക് മേത്ത, നാഷണൽ ഹൗസിങ് ബാങ്ക് ഉദ്യോഗസ്ഥരായിരുന്ന സി.രവികുമാർ, സുരേഷ് ബാബു, എസ്.ബി.ഐ ഓഫീസറായിരുന്ന ആർ.സീതാരാമൻ, ഓഹരി ദല്ലാർ അതുൽ പരേഖ് എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. വഞ്ചന, തട്ടിപ്പ്, വിശ്വാസ വഞ്ചന തുടങ്ങി പലതരം കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്.

ആറുമാസം മുതൽ നാലുവർഷം വരെ തടവുശിക്ഷയാണ് ഇവർക്ക് വിധിച്ചിട്ടുള്ളത്. 11.95 ലക്ഷം രൂപ പിഴയടയ്ക്കാനും കോടതി ഉത്തരവായി. നോട്ട് പിൻവലിക്കലിത്തുടർന്ന് കറനൻസി പ്രതിസന്ധി നിലനിൽക്കുന്നതിനാൽ പിഴയടക്കാൻ സാവകാശം അനുവദിച്ചിട്ടുണ്ട്. ഹർഷദിന്റെ മറ്റൊരു ബന്ധു കൂടിയായ ഹിതൻ മേത്തയെ കോടതി കുറ്റവിമുക്തനാക്കി.

സംഭവം നടക്കുമ്പോൾ ഹിതന് 19 വയസ്സ് മാത്രമായിരുന്നു പ്രായം. മേൽക്കോടതിയിൽ അപ്പീൽ നൽകാൻ സാവകാശം നൽകണമെന്ന് പ്രതികൾ ആവശ്യപ്പെട്ടു. ഇതംഗീകരിച്ച കോടതി ശിക്ഷ നടപ്പാക്കുന്നത് എട്ടാഴ്ചത്തേയ്ക്ക് നിർത്തിവച്ചു.