ജോലിത്തിരക്കുകൾക്കിടയിൽ നാം മറന്നുപോകുന്ന ഒന്നാണ് ആരോഗ്യം. കാലം ചെല്ലുന്തോറും ആരോഗ്യം ക്ഷയിക്കുമെന്ന് അറിയാമെങ്കിലു ദിവസേന ആരോഗ്യസംരക്ഷണത്തിനായി നീക്കി വയ്ക്കുന്നവർ എത്ര പേരുണ്ട്? എന്നാൽ എത്ര ജോലി തിരക്കിനിടയിലും അല്പം നേരം വ്യായാമത്തിനായി നീക്കി വച്ചാൽ അതുകൊണ്ടുണ്ടാകുന്ന പ്രയോജനം എത്ര വലുതാണെന്ന് ഇനിയെങ്കിലും മനസിലാക്കുക. വ്യായാമം ചെയ്യുന്നതിൽ നിന്ന് പലരേയും പിന്തിരിപ്പിക്കുന്നത് സമയക്കുറവ് എന്ന ചിന്തയാണ്. എന്നാൽ അല്പം മനസുവച്ചാൽ സാധിക്കുന്നതേയുള്ളൂ ഇത് എന്ന കാര്യം മറക്കാതിരിക്കുക. ദിവസേന 25 മിനിട്ട് നടത്തം മനുഷ്യായുസ് ഏഴു വർഷം കൂടി കൂട്ടിക്കിട്ടുമെന്ന് പഠനങ്ങൾ തെളിയിക്കുന്നത്. മാത്രമല്ല, ഹാർട്ട് അറ്റാക്ക് വന്നു മരിക്കാനുള്ള സാധ്യത പകുതിയായി കുറയ്ക്കുകയും ചെയ്യും ദിവസേനയുള്ള ഈ നടത്തം.

നല്ല വേഗത്തിൽ 25 മിനിട്ട് ദിവസേന നടക്കണമെന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. വേഗത്തിലുള്ള നടപ്പ് ഹൃദയ പേശികളെ ബലപ്പെടുത്തുകയും ഹൃദ്രോഗം വന്നു മരിക്കാനുള്ള സാധ്യത പകുതിയായി കുറയ്ക്കുകയും ചെയ്യുമെന്നാണ് പുതിയ പഠനങ്ങൾ തെളിയിക്കുന്നത്. പ്രായമായി ഇനി വ്യായാമമൊന്നും ചെയ്തിട്ടു കാര്യമില്ല എന്നു കരുതിയെങ്കിൽ തെറ്റി. ഏതു പ്രായത്തിലും ഈ വ്യായാമം തുടങ്ങാം. എഴുപതുകളിൽ പോലും വ്യായാമം ചെയ്തു തുടങ്ങിയാൽ ഇത് അവരുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുത്തുകയും ആയുസ് വർധിപ്പിക്കുകയും ചെയ്യും.

അമ്പതുകളിലും അറുപതുകളിലുമുള്ളവർ പോലും ഇത്തരം വ്യായാമം ചെയ്തു തുടങ്ങിയാൽ ഹാർട്ട് അറ്റാക്കിനുള്ള സാധ്യത പകുതിയായി കുറയ്ക്കുമെന്നാണ് ലണ്ടനിലുള്ള സെന്റ് ജോർജ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽസ് എൻഎച്ച് ഫൗണ്ടേഷൻ ട്രസ്റ്റ് കാർഡിയാക് പ്രഫസർ ആയ സഞ്ജയ് ശർമ പറയുന്നത്. ദിവസേന വ്യായാമം ചെയ്യുന്നവർക്ക് അവരുടെ പ്രായമാകുന്ന പ്രക്രിയയ്ക്ക് വേഗത കുറയ്ക്കാൻ സാധിക്കും. പ്രായമാകുന്നത് പൂർണമായി തടയാൻ ആർക്കും സാധിക്കില്ലെങ്കിലും ഇത് മെല്ലെയാക്കാൻ വ്യായാമം വഴി സാധിക്കുമെന്നാണ് ഗവേഷണം ചൂണ്ടിക്കാട്ടുന്നത്.

നിത്യേനയുള്ള വ്യായാമം മൂലം നമ്മുടെ ജീവിതത്തിലേക്ക് മൂന്നു മുതൽ ഏഴു വർഷം വരെ കൂട്ടിച്ചേർക്കപ്പെടുകയാണ്. കൂടാതെ ഇത് ഡിപ്രഷനുള്ള മികച്ച പ്രതിവിധിയും കൂടിയാണ്. ഡിമെൻഷ്യ പോലെയുള്ള അസുഖങ്ങളെ അകറ്റി നിർത്തുമെന്നും പുതിയ പഠനങ്ങൾ തെളിയിക്കുന്നു. ഏതു പ്രായക്കാരും 20 മുതൽ 25 മിനിട്ട് വരെയാണ് നടക്കാൻ സഞ്ജയ് ശർമ പറയുന്നത്. 25 മിനിറ്റ് നടത്തത്തിൽ വേഗത്തിലുള്ള നടത്തവും സാവധാനത്തിലുള്ള ജോഗിംഗും ഉൾപ്പെടുത്തണം. സമീപ സ്ഥലങ്ങളിൽ പോകേണ്ടവർ വാഹനത്തെ ആശ്രയിക്കാതെ നടക്കുക. അതേസമയം ഏതെങ്കിലും തരത്തിൽ ഹൃദ്രോഗമുള്ളവർ ഒട്ടും ഓടാൻ പാടില്ല. പകരം നടക്കുക മാത്രം ചെയ്താൽ മതിയാകും.

അതുകൊണ്ട് ഇനി സമയമില്ലെന്ന് പറഞ്ഞ് വ്യായാമം ഒഴിവാക്കരുത്. നാളെ മുതൽ അല്പനേരം കണ്ടെത്തി നടക്കുക. വെറും 25 മിനിട്ട് മാത്രം....