മോസ്‌കോ: റൺവേയിൽ വച്ച് വിമാനമിടിച്ച് യുവാവിന് ദാരുണാന്ത്യം. റഷ്യയുടെ തലസ്ഥാനമായ മോസ്‌കോയിലാണ് നടുക്കുന്ന സംഭവമുണ്ടായത്. ചൊവ്വാഴ്‌ച്ച രാത്രി എട്ടു മണിക്ക് റഷ്യയിലെ തന്നെ ഏറ്റവും വലിയ വിമാനത്താവളമായ ഷെരിമെത്യേവോയിലാണ് അപകടമുണ്ടായത്. സ്‌പെയിനിൽ നിന്നും അർമീനിയയിലേക്ക് യാത്ര തിരിക്കാനെത്തിയതായിരുന്നു യുവാവ്. മരിച്ചത് 25 കാരനാണെന്നാണ് അധികൃതർ നൽകുന്ന സൂചന. 

വിമാനത്താവളത്തിലെത്തിയ യുവാവ് അർമീനിയയിലേക്കുള്ള വിമാനത്തിലേക്ക് പോകുന്ന ബസിൽ കയറിയില്ല. പകരം ഇയാൾ റൺവേയിലൂടെ നടക്കുകയായിരുന്നെന്നും ഇതിന് പിന്നാലെയാണ് അപകടമുണ്ടായതെന്നും വിമാനത്താവളത്തിലെ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ആതൻസിലേക്ക് പോകുന്ന ബോയിങ് 737 വിമാനം പറന്നുയരുന്നതിനിടെയാണ് അപകടം.

വളരെ അപൂർവമായാണ് ഇത്തരത്തിലൊരപകടം ഇവിടെയുണ്ടാകുന്നത്. വിമാനമിടിച്ച് യുവാവിന്റെ ശരീരം ചിന്നിച്ചിതറിയെന്നും അവശിഷ്ടങ്ങളിൽനിന്ന് മരിച്ചയാളുടെ കോട്ടും ഷൂലേസും കണ്ടെത്തിയതായും അധികൃതർ പറഞ്ഞു.  യുവാവ് മരിച്ചതിന് പിന്നാലെ  ചില വിമാനങ്ങളുടെ സമയം പുനഃക്രമീകരിച്ചു. അപകടമുണ്ടായ റൺവേ അടച്ചിട്ടിരിക്കുകയാണ്. സംഭവത്തിൽ കുടുതൽ അന്വേഷണം നടക്കുമോ എന്ന കാര്യം വ്യക്തമായിട്ടില്ല.