- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആന്ധ്രയിൽ സ്കൂളുകൾ തുറന്ന് മൂന്നു ദിവസം പിന്നിട്ടു; 262 വിദ്യാർത്ഥികൾക്കും 160 അദ്ധ്യാപകർക്കും കോവിഡ്
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ 262 വിദ്യാർത്ഥികൾക്കും 160 അദ്ധ്യാപകർക്കും കോവിഡ് സ്ഥിരീകരിച്ചു. സ്കൂളുകൾ തുറന്ന് മൂന്ന് ദിവസം കഴിഞ്ഞപ്പോഴാണ് ഇത്രയധികം വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും വൈറസ് ബാധ സ്ഥിരീകരിച്ചത്. അതേസമയം സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന നിലപാടിലാണ് സർക്കാർ. കോവിഡ് വ്യാപനത്തെ തുടർന്ന് മാർച്ചിൽ അടച്ചിട്ട ആന്ധ്രയിലെ സർക്കാർ സ്കൂളുകളും കോളേജുകളും നവംബർ രണ്ട് മുതലാണ് തുറന്നത്.
ഒമ്പത്, പത്ത് ക്ലാസുകളിലെ വിദ്യാർത്ഥികൾക്കാണ് ആദ്യ ഘട്ടത്തിൽ ക്ലാസുകൾ ആരംഭിച്ചത്. ഒമ്പത്, പത്ത് ക്ലാസുകളിലായി 9.75 ലക്ഷം വിദ്യാർത്ഥികളാണുള്ളത്. ഇതിൽ 3.93 ലക്ഷം വിദ്യാർത്ഥികളാണ് ബുധനാഴ്ച സ്കൂളിൽ ഹാജരായത്. 1.11 ലക്ഷം അദ്ധ്യാപകരിൽ 99,000 അദ്ധ്യാപകരും സ്കൂളിലെത്തിയെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണക്ക്. ഇതിലാണ് 262 വിദ്യാർത്ഥികൾക്കും 160 അദ്ധ്യാപകർക്കും രോഗം സ്ഥിരീകരിച്ചത്.
സ്കൂളിലെത്തിയ വിദ്യാർത്ഥികളുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് സ്കൂൾ വിദ്യാഭ്യാസ കമ്മീഷണർ വി. ചിന്ന വീരഭദ്രുഡു വ്യക്തമാക്കി. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ശ്രദ്ധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം നാല് ലക്ഷത്തോളം വിദ്യാർത്ഥികൾ സ്കൂളുകളിലെത്തി. ഇതിൽ 262 വിദ്യാർത്ഥികൾക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. ഇത് 0.1 ശതമാനം പോലുമില്ല. സ്കൂളിൽ എത്തിയതുകൊണ്ടാണ് വിദ്യാർത്ഥികൾക്ക് രോഗം പിടിപെട്ടതെന്ന് പറയുന്നത് ശരിയല്ല. ഓരോ ക്ലാസുകളിലും 15-16 വിദ്യാർത്ഥികളെ മാത്രമേ ഇരുത്തുന്നുള്ളുവെന്ന് ഉറപ്പാക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മറുനാടന് ഡെസ്ക്