ദോഹ: കഴിഞ്ഞ വർഷം ഖത്തറിൽ മരിച്ച ഇന്ത്യക്കാരുടെ എണ്ണം 279 ആണെന്ന് റിപ്പോർട്ട്. 2013-ൽ 241 ഇന്ത്യക്കാരാണ് ഖത്തറിലുണ്ടായ വിവിധ അപകടങ്ങളിലും മറ്റും മരിച്ചതെന്ന് ഇന്ത്യൻ എംബസി റിപ്പോർട്ട് വെളിപ്പെടുത്തുന്നു. അതേസമയം മരണകാരണങ്ങൾ വിശദമായി എംബസി റിപ്പോർട്ടിൽ വ്യക്തമാക്കുന്നില്ല.

ഖത്തറിൽ ഏറ്റവും കൂടുതൽ വിദേശിയർ ഇന്ത്യക്കാരാണ്. ഈ വർഷം ഇതുവരെ 33 ഇന്ത്യക്കാർ ഖത്തറിൽ മരണമടഞ്ഞുകഴിഞ്ഞു. ഖത്തറിൽ മരിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ ഈ വർഷവും വർധനയായിരിക്കും ഉണ്ടാകുകയെന്ന് ജനുവരിയിലെ മരണനിരക്ക് ചൂണ്ടിക്കാട്ടുന്നുവെന്ന് എംബസി റിപ്പോർട്ടിൽ പറയുന്നു.

ഖത്തർ സെൻട്രൽ ജയിലിൽ 87 ഇന്ത്യക്കാർ ഇപ്പോഴും കഴിയുന്നുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അതേസമയം 113 പേർ നാടുകടത്തൽ പ്രതീക്ഷിച്ച് സേർച്ച് ആൻഡ് ഫോളോ അപ്പ് ഡിപ്പാർട്ട്‌മെന്റിലുണ്ട്. ഖത്തർ ഇമിഗ്രേഷൻ ഡിപ്പാർട്ട്‌മെന്റിൽ നിന്നുള്ള ആവശ്യപ്രകാരം 13 ഇന്ത്യക്കാർക്ക് ട്രാവൽ ഡോക്യുമെന്റായി എംബസി എമർജൻസി സർട്ടിഫിക്കേറ്റ് നൽകിയിട്ടുണ്ട്. ഖത്തറിൽ കുടുങ്ങിയ ഒമ്പതു പേർക്ക് ഇന്ത്യയിലേക്ക് മടങ്ങാൻ എംബസി യാത്രാ ടിക്കറ്റും തരപ്പെടുത്തിയിട്ടുണ്ട്.

തങ്ങളുടെ പ്രശ്‌നം ഒത്തുതീർപ്പാക്കണമെന്ന് ആവശ്യപ്പെട്ട് 280 ഇന്ത്യക്കാരിൽ നിന്ന് ജനുവരി മാസം തന്നെ പരാതികൾ എംബസിക്ക് ലഭിച്ചുകഴിഞ്ഞു. ഖത്തറിലുള്ള ഇന്ത്യക്കാരുടെ എണ്ണം നിലവിൽ കൃത്യമായി രേഖപ്പെടുത്തിയിട്ടില്ലെങ്കിലും 2012-ന്റെ അവസാനം ഇത് അഞ്ചുലക്ഷത്തിനടുത്ത് എത്തുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു. ഖത്തറിലെ മൊത്തം ജനസംഖ്യയായ 1.9 മില്യന്റെ 26 ശതമാനം വരുമിത്.